11 Feb 2026 3:41 PM IST
Summary
ഇന്ത്യക്ക് മേലുള്ള 25 ശതമാനം അധിക തീരുവ പിൻവലിച്ച് യുഎസ്. അതേസമയം മറ്റ് നികുതികൾ നിലനിൽക്കുമെന്ന് സൂചന.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ അധിക തീരുവ പിന്‍വലിച്ച് യുഎസ്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന 25 ശതമാനം അധിക തീരുവ പിന്‍വലിച്ചുകൊണ്ടാണ് യുഎസ് കസ്റ്റംസ് വിജ്ഞാപനമിറക്കി.
അധിക തീരുവ ഒഴിവാക്കിക്കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിലും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ഫെബ്രുവരി 7ന് ശേഷം ഇന്ത്യയില്‍ നിന്നെത്തുന്ന ഉത്പന്നങ്ങള്‍ക്ക് നികുതി ഒഴിവാക്കുമെന്ന വൈറ്റ് ഹൗസിന്റ് ഉത്തരവിനെ ഉദ്ധരിച്ച് കൊണ്ടാണ് കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉത്തരവിറക്കിയിരിക്കുന്നത്.
ചര്‍ച്ചകള്‍ക്കും ആശങ്കകള്‍ക്കുമൊടുവില്‍ ഇന്ത്യ - യുഎസ് വ്യാപാര കരാര്‍ ട്രംപും നരേന്ദ്രമോദിയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎസ് പുതിയ വിജ്ഞാപനമിറക്കിയത്. ഇന്ത്യയ്ക്ക് മേലുള്ള ഇറക്കുമതി ചുങ്കം 50 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറയ്ക്കുമെന്നായിരുന്നു ആദ്യം ട്രംപ് പറഞ്ഞിരുന്നത്. ഇതിൽ വ്യക്തതയില്ല. ഇന്ത്യക്ക് മേലുള്ള അധിക തീരുവ ഒഴിവാക്കുമ്പോഴും റെസിപ്രോകല്‍ താരിഫ് നിലനില്‍ക്കുമെന്നാണ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്റെ ഉത്തരവില്‍ പറയുന്നത്.
ഇന്ത്യയ്ക്ക് മേല്‍ താരിഫ് ചുമത്തിയതിന് യുഎസിന് മേല്‍ ഇന്ത്യയും അന്ന് പകരച്ചുങ്കം ചുമത്തിയിരുന്നു. എന്നാല്‍ പുതിയ വ്യാപാര കരാര്‍ പ്രഖ്യാപനത്തിന് ശേഷം അമേരിക്കക്ക് മേലുള്ള നികുതിയും ഇന്ത്യ വെട്ടിക്കുറച്ചിട്ടുണ്ട്. യുഎസില്‍ നിന്നുള്ള വ്യാവസായിക ഉത്പന്നങ്ങള്‍, കാര്‍ഷിക ഉത്പ്പന്നങ്ങള്‍ തുടങ്ങിയവയ്ക്കായിരുന്നു ഇന്ത്യ താരിഫ് ചുമത്തിയിരുന്നത്.
റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും
2025 ഓഗസ്റ്റിലാണ് റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യക്ക് മേല്‍ അധിക തീരുവ ചുമത്തിയത്. എന്നാല്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണ്ണമായി അവസാനിപ്പിച്ചുവെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയോ വിദേശകാര്യ മന്ത്രാലയമോ ഇതുവരെ സ്ഥിരീകരണം നടത്തിയിട്ടില്ല. അതേസമയം, യുഎസില്‍ നിന്നും വെനസ്വലേയില്‍ നിന്നും ഊര്‍ജം വാങ്ങുന്നതില്‍ ഇന്ത്യ താല്‍പര്യം അറിയിച്ചിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
