image

21 Nov 2022 7:02 AM GMT

World

ഓരോ ലോകകപ്പിന് പിന്നിലും വമ്പന്‍ പണമൊഴുക്കുണ്ട്, ഫിഫയ്‌ക്കെന്താണ് നേട്ടം?

MyFin Desk

fifa world cup 2022
X

fifa world cup 2022

Summary

ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കം മാത്രമല്ല ഫുട്ബോള്‍. ഫിഫയുടെ സുപ്രധാന വരുമാന സ്ത്രോസ് കൂടിയാണ് ലോകകപ്പ്. ടെലിവിഷന്‍, മാര്‍ക്കറ്റിംഗ് ,ലൈസന്‍സിംഗ് അവകാശങ്ങള്‍ക്കൊപ്പം ടിക്കറ്റ് വില്‍പ്പനയും സ്പോണ്‍സര്‍ഷിപ്പും പാര്‍ട്ണര്‍ഷിപ്പും ഫിഫയ്ക്ക് പണമെത്തിക്കുന്നു.



ലോകം മൊത്തം ആഘോഷിക്കുന്ന മാമാങ്കം, ഈയൊരു മാസം അതിനായി ഉഴിഞ്ഞുവെക്കുന്ന ആളുകളും സ്ഥാപനങ്ങളും സംരംഭങ്ങളും. ത്രസിപ്പിക്കുന്നൊരു കായിക വിനോദമെന്നതിനപ്പുറം അതിലെ ബിസിനസ് സാധ്യതയും പണമൊഴുക്കും തന്നെയാണ് ഫുട്ബോളിന്റെ ഇത്രയും മനോഹരമായി നിര്‍ത്തുന്നത്. ലോകത്തെ പല കോണുകളിലുള്ള കോടിക്കണക്കിന് ആരാധകര്‍ക്ക് ഹരംപകരുന്ന ഒരു സംഭവത്തെ പണമാക്കി എടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ. യഥാര്‍ത്ഥത്തില്‍ ഓരോ ലോകകപ്പുകളും സാമ്പത്തികമായി ലാഭത്തിലാണോ? ആരാണ് നേട്ടമുണ്ടാക്കുന്നത്? ആരൊക്കെയാണ് ഇത്രയും ഭീമമായ തുക ഇതിനായി ചെലവഴിക്കുന്നത്? വിശദമായി നോക്കാം.

ഓരോ കൊല്ലം കൂടുമ്പോഴും ഫിഫ ലോകകപ്പിന്റെ മേനി പണമൊഴുക്കും കൂടുന്നുണ്ടെങ്കിലും ഇപ്രാവശ്യം, അതിലേറെ പ്രത്യേകതയുണ്ട്. ഒരു ചെറിയ രാജ്യം മുമ്പെങ്ങുമില്ലാത്ത വിധം പണമൊഴുക്കിയാണ് ഇപ്രാവശ്യത്തെ മേള നടത്തുന്നത്. 2018 ല്‍ ലോകകപ്പ് നടത്തിപ്പിനായി റഷ്യ 16 ബില്യണ്‍ ഡോളര്‍ മാത്രം ചെലവിട്ടപ്പോള്‍, ഖത്തര്‍ ഇപ്രാവശ്യം പൊട്ടിച്ചത് 220 ബില്യണ്‍ ഡോളറാണ്!

ഫിഫ എങ്ങനെ പണമുണ്ടാക്കുന്നു?

1904ല്‍ രൂപീകൃതമായ ഫിഫ ഒരു നോണ്‍ പ്രോഫിറ്റ് സംഘടനയാണ്. പൂര്‍ണമായും ഫുട്ബോളിന്റെ ഉന്നതി ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന സംഘടന. നോണ്‍ പ്രോഫിറ്റെന്നാല്‍ ലാഭം നോക്കുന്നില്ലെന്നു മാത്രമാണ്, വരുമാനം നോക്കാതിരിക്കുന്നില്ല. കാരണം, വരുമാനം എത്ര വരുന്നോ, അത്രയും ചെലവഴിക്കാനാവും, അതിലൂടെ കായിക ഉന്നമനം കൊണ്ടുവരാനുമാകും. ലോകത്ത് ഏറ്റവും ഫാന്‍ ബേസുള്ളൊരു കായികവിനോദമായി ഫുട്ബോളിനെ വളര്‍ത്തിയതില്‍ ഈ ഫണ്ടൊഴുക്കിന് തീര്‍ച്ചയായും പങ്കുണ്ട്. നാലാണ്ടിലൊരിക്കല്‍ നടക്കുന്ന ലോകകപ്പിന്റെ കഴിഞ്ഞ സീസണ്‍ 2018 ല്‍ റഷ്യയിലായിരുന്നു. അന്ന് 4.6 ബില്യണ്‍ ഡോളറാണ് ഫിഫയ്ക്ക് വരുമാനമായി ലഭിച്ചത്.

ഫിഫയുടെ ബിസിനസ് മോഡല്‍

ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കം മാത്രമല്ല ഫുട്ബോള്‍. ഫിഫയുടെ സുപ്രധാന വരുമാന സ്ത്രോസ് കൂടിയാണ് ലോകകപ്പ്. ടെലിവിഷന്‍, മാര്‍ക്കറ്റിംഗ് ,ലൈസന്‍സിംഗ് അവകാശങ്ങള്‍ക്കൊപ്പം ടിക്കറ്റ് വില്‍പ്പനയും സ്പോണ്‍സര്‍ഷിപ്പും പാര്‍ട്ണര്‍ഷിപ്പും ഫിഫയ്ക്ക് പണമെത്തിക്കുന്നു.

  • ടെലിവിഷന്‍, മാര്‍ക്കറ്റിംഗ്, സ്പോണ്‍സര്‍ഷിപ്പ്, ലൈസന്‍സിംഗ്, ടിക്കറ്റ് വില്‍പ്പന തുടങ്ങിയ മാര്‍ഗങ്ങളിലൂടെയുള്ള വരുമാനം പൂര്‍ണമായും ഫിഫയ്ക്കാണ്
  • ലോകകപ്പ് നടത്താനുള്ള സ്റ്റേഡിയങ്ങള്‍ അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങളുടെ ചെലവ് നടത്തുന്ന രാജ്യം വഹിക്കണം, ഇത് ഫിഫയുടെ ചെലവ് കുറയ്ക്കുന്നു
  • ഖത്തറില്‍ നടക്കുന്ന ലോകകപ്പിനൊടുവില്‍ 4,666 മില്യണ്‍ ഡോളര്‍ വരുമാനമാണ് ഫിഫ പ്രതീക്ഷിക്കുന്നത്
  • ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും കായികവികസനത്തിനായാണ് ഫിഫ ചെലവഴിക്കുന്നത്


ഡിമാൻഡ് മുതലെടുക്കുന്ന ഫിഫ

ലോകകപ്പ് മത്സരം നടത്താനായി ഓരോ രാജ്യവും വലിയ രീതിയിലുള്ള കാത്തിരിപ്പാണ് നടത്തുന്നത്. അതിനായി ഇന്ത്യയെപ്പോലെ നിരന്തരം ആവശ്യമുന്നയിക്കുന്ന രാജ്യങ്ങളുമുണ്ട്. ഇത് മുതലെടുത്ത് ഫിഫയ്ക്ക് കൂടുതല്‍ ആവശ്യങ്ങളുന്നയിക്കാനും നടപ്പിലാക്കാനും സാധിക്കുന്നുണ്ട്.

ലോകകപ്പ് നടത്താനായി വേണ്ടിവരുന്ന വമ്പന്‍ ഒരുക്കങ്ങളൊക്കെയും നടത്തുന്ന രാജ്യം തന്നെ വഹിക്കണം. അതായത്, ഇത് ഫിഫയുടെ ചെലവ് ഗണ്യമായി കുറയ്ക്കുന്നു. ലോകകപ്പില്‍ നിന്ന് കിട്ടുന്ന വരുമാനം മുഴുവനും ഫിഫയ്ക്കുമാണ്. ആകെ ചെലവഴിക്കേണ്ടി വരുന്നത് ടീമുകള്‍ക്കുള്ള പണവും പ്രൈസ് മണിയുമാണ്.

ചെലവു ചുരുക്കി ഫിഫ, പണമൊഴുക്കി ഖത്തര്‍

കണ്ണുതള്ളുന്നത്രയും തുകയാണ് ലോകകപ്പ് നടത്തിപ്പിനായി ഖത്തര്‍ ചെലവിട്ടിരിക്കുന്നത്. പ്രത്യേകം എയര്‍പോര്‍ട്ട്, ഏഴ് പുതിയ സ്റ്റേഡിയങ്ങള്‍, ഒരു സ്റ്റേഡിയം നവീകരണം, പുതിയ മെട്രോ തുടങ്ങി അടിസ്ഥാനസൗകര്യങ്ങളുടെ ലോകസങ്കല്‍പ്പം തന്നെയാണ് ഖത്തര്‍ പണിതുവെച്ചിരിക്കുന്നത്. ഇതിനെല്ലാമായി 220 ബില്യണ്‍ ഡോളര്‍ ചെലവിടുകയും ചെയ്തു. 2018ല്‍ റഷ്യ ലോകകപ്പിനായി ചെലവിട്ടത് 16 ബില്യണ്‍ ഡോളര്‍ മാത്രമെന്നോര്‍ക്കണം.

അതേസമയം, ഫിഫ ചെലവ് തുക ഗണ്യമായി കുറയ്ക്കുകയും ചെയ്തുവെന്നതും ശ്രദ്ധേയമാണ്. ഈ വര്‍ഷത്തെ ലോകകപ്പിനായി ഫിഫ ചെലവിടുന്നത് 1,696 മില്യണ്‍ ഡോളറാണ്. കഴിഞ്ഞ ലോകകപ്പിനെ (2018 റഷ്യ ലോകകപ്പ്) അപേക്ഷിച്ച് ഇത് കുറവാണ്. 1,824 മില്യണ്‍ ഡോളറാണ് അന്ന് ഫിഫ ചെലവിട്ടത്. ഫിഫയുടെ ചെലവിനത്തില്‍ പ്രധാനമായും വരുന്നത് ടീമുകള്‍ക്കുള്ള പ്രൈസ് മണിയാണ്. ലോകകപ്പ് വിജയികള്‍ക്കായി ഫിഫ മൊത്തം 440 മില്യണ്‍ ഡോളറിന്റെ പ്രൈസ് മണിയാണ് നല്‍കുന്നത്.

Prize money

Winnser $42 million

Runner-up $30 million

3rd place $27 million

4th place $25 million

5th - 8th place $17 million

9th - 16th place $13 million

17th - 32nd place $9 million


ഫിഫയുടെ വരുമാനം ഇങ്ങനെ

ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ നിന്ന് മൊത്തം 4,666 മില്യണ്‍ ഡോളര്‍ വരുമാനമാണ് ഫിഫ പ്രതീക്ഷിക്കുന്നത്. അഞ്ച് വിഭാഗങ്ങളില്‍ നിന്നായാണ് ഈ വരുമാനം. കൂടുതല്‍ വരുമാനം ടിവി ബ്രോഡ്കാസ്റ്റിംഗ് റൈറ്റില്‍ നിന്നാണ്. 2,640 മില്യണ്‍ ഡോളറാണ് ഇതില്‍ നിന്ന് മാത്രം ലഭിക്കുന്നത്. ഇത് മൊത്തം വരുമാനത്തിന്റെ 56 ശതമാനം വരും. രണ്ടാമത്തെ പ്രധാന വരുമാനം സ്പോണ്‍സര്‍ഷിപ്പിലൂടെയാണ്. 1,353 മില്യണ്‍ ഡോളര്‍. മൊത്തം വരുമാനത്തിന്റെ 29 ശതമാനം വരും സ്പോണ്‍സര്‍ഷിപ്പ്. ഹോസ്പിറ്റാലിറ്റി റൈറ്റ്സും ടിക്കറ്റ് വില്‍പ്പനയും, ലൈസന്‍സിംഗ് റൈറ്റ്സ്, മറ്റു വരുമാനങ്ങള്‍ എല്ലാം കൂടി 673 മില്യണ്‍ ഡോളര്‍ കൂടി ഫിഫയ്ക്ക് ലഭിക്കും.

ചുരുക്കിപ്പറഞ്ഞാല്‍, കുറഞ്ഞ മുതല്‍മുടക്കില്‍ വമ്പന്‍ നേട്ടമുണ്ടാന്നതാണ് ഫിഫയുടെ ബിസിനസ് മോഡല്‍. ഫുട്ബോളിന്റെ ജനകീയത മുതലെടുത്ത്, അതിന്റെ മനോഹാരിതയോടെ തന്നെ ജനങ്ങളിലേക്കെത്തിക്കുകയും അതിലൂടെ വീണ്ടും വീണ്ടും വരുമാനം നേടിയെടുക്കുകയും ചെയ്യുകയാണ് ഫിഫ. നോണ്‍ പ്രോഫിറ്റ് സംഘടനയായതു കൊണ്ടുതന്നെ ആ ഫണ്ടുകളൊക്കെ ഫുട്ബോളിനായി തന്നെ ചെലവഴിക്കപ്പെടുകയും അതിലൂടെ ഫുട്ബോള്‍ വീണ്ടും വളരുകയും ചെയ്യുന്നു.