image

18 Nov 2022 12:00 PM GMT

World

ഖത്തര്‍ ലോകകപ്പ്: മുടക്കിയത് 22,000 കോടി ഡോളര്‍, 10 വര്‍ഷം കൊണ്ട് ചെലവ് 60 ഇരട്ടി !

Thomas Cherian K

fifa world cup 2022
X

fifa world cup 2022

Summary

ഖത്തറിലെ ലുസെയ്‌ലില്‍ പ്രധാന സ്റ്റേഡിയവും അനുബന്ധ മത്സര വേദികളുടേയും നിര്‍മ്മാണം മുതല്‍ ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നത് ഉള്‍പ്പടെയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവായത് ഏകദേശം 22,000 കോടി യുഎസ് ഡോളറാണ്.


ലുസെയ്ല്‍ (ഖത്തര്‍): ആഗോള ഫുട്‌ബോള്‍ പ്രേമികളെ ആവേശഭരിതരാക്കുന്ന കായിക ഉത്സവമാണ് ലോകകപ്പ് മത്സരദിനങ്ങള്‍. ഖത്തറില്‍ മത്സരം ആരംഭിക്കാന്‍ രണ്ട് നാള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ഫുട്‌ബോള്‍ പ്രവചനങ്ങളേക്കാള്‍ കൗതുകമുളവാക്കുന്ന മറ്റൊരു സംഗതി കൂടിയുണ്ട്. ഇതുവരെ നടന്നതില്‍ ഏറ്റവും ചെലവേറിയ ലോകകപ്പാണിത്.

ഖത്തറിലെ ലുസെയ്‌ലില്‍ പ്രധാന സ്റ്റേഡിയവും അനുബന്ധ മത്സര വേദികളുടേയും നിര്‍മ്മാണം മുതല്‍ ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നത് ഉള്‍പ്പടെയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവായത് ഏകദേശം 22,000 കോടി യുഎസ് ഡോളറാണ് (220 ബില്യണ്‍ യുഎസ് ഡോളര്‍).

2018ല്‍ റഷ്യ ആതിഥേയരായ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ ഒരുക്കങ്ങള്‍ക്കായി അന്ന് ഏകദേശം 1160 കോടി യുഎസ് ഡോളര്‍ ചെലവായി. എന്നാല്‍ ഇതിന്റെ പതിന്മടങ്ങ് വര്‍ധനയാണ് ഖത്തര്‍ ലോകകപ്പിന്റെ ചെലവുകളിലുണ്ടായത്. മത്സരങ്ങള്‍ക്കായി 12 എസി സ്റ്റേഡിയങ്ങളാണ് ഖത്തറില്‍ ഒരുക്കിയിരിക്കുന്നത്.

ഇതില്‍ മുഖ്യവേദി ലുസെയ്‌ലില്‍ നിര്‍മ്മിച്ചിരിക്കുന്ന സ്റ്റേഡിയമാണ്. സ്റ്റേഡിയം നിര്‍മ്മാണത്തിനായി 4,800 കോടി യുഎസ് ഡോളറാണ് ചെലവായത്. മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന ടീമുകള്‍ക്കും കാണികള്‍ക്കുമുള്‍പ്പടെ ഒരുക്കിയ മറ്റ് സൗകര്യങ്ങള്‍ക്കായി ഏകദേശം 7,700 കോടി യുഎസ് ഡോളറാണ് ചെലവായത്.

മത്സര വേദികളിലേക്കുള്ള ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനായി ഏകദേശം 5,000 കോടി ഡോളര്‍ ചെലവായി. മത്സരം നടക്കുന്ന ലുസെയ്ല്‍ സിറ്റി എന്നത് ലോകപ്പിനായി മാത്രം സൃഷ്ടിച്ചെടുത്ത ചെറുനഗരമാണ്. ഇത് ഒരുക്കാന്‍ മാത്രം 4,500 കോടി ഡോളര്‍ ചെലവായി.

10 വര്‍ഷം, ചെലവില്‍ 60 മടങ്ങ് വര്‍ധന

2010ല്‍ സൗത്ത് ആഫ്രിക്ക ആതിഥേയരായ ലോകകപ്പ് ഫിഫാ മത്സരത്തിന് ഏകദേശം 350 കോടി യുഎസ് ഡോളറായിരുന്നു ഒരുക്കങ്ങള്‍ക്കായി ചെലവായത്. 12 വര്‍ഷങ്ങള്‍ക്കിപ്പുറം മത്സരത്തിന്റെ ഒരുക്കങ്ങള്‍ക്ക് വന്ന ചെലവില്‍ 60 ഇരട്ടി വര്‍ധനയാണുണ്ടായിരിക്കുന്നത്. 2014ല്‍ നടന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന് ബ്രസീലാണ് വേദിയൊരുക്കിയത്.

അന്ന് ഏകദേശം 1,500 കോടി യുഎസ് ഡോളറാണ് മത്സരത്തിന്റെ ഒരുക്കങ്ങള്‍ക്കായി ചെലവായത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരം എന്ന് ഖത്തര്‍ ലോകകപ്പിന് വിശേഷണം കിട്ടുമ്പോള്‍ വിവാദങ്ങളും പിടിവിടാതെ പിന്നാലെയുണ്ട്.

ഖത്തറിനെ 2022 ലോകകപ്പിന്റെ ആതിഥേയ രാജ്യമായി തിരഞ്ഞെടുത്തത് തെറ്റായി പോയെന്നും, അതിന്റെ ഉത്തരവാദിത്വം തനിക്കുമുണ്ടെന്നും ഫിഫ മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ പറഞ്ഞതാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നത്.

മത്സരങ്ങളിലൂടെ മതിയായ വരുമാനം ലഭിക്കുമോ എന്നത് സംബന്ധിച്ച ചോദ്യങ്ങളും ഇപ്പോള്‍ ഉയരുന്നുണ്ട്. ടിക്കറ്റ് വരുമാനത്തിന് പുറമേ, സ്‌പോണ്‍സേഡ് പരസ്യം, ടിവി-ഒടിടി സംപ്രേക്ഷണ അവകാശം ഉള്‍പ്പടെയുള്ള രീതിയിലാണ് മുടക്ക് മുതല്‍ തിരിച്ചുപിടിക്കുവാനാവുക. ഇതിന് പുറമേയാണ് മത്സരം നടക്കുന്ന നഗരത്തില്‍ ഉള്‍പ്പെടുത്തുന്ന ബിസിനസുകളില്‍ നിന്നും ലഭിക്കുന്ന വരുമാനം.

ടിക്കറ്റ് നിരക്ക്

വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ഫിഫാ ലോകകപ്പിന്റെ ടിക്കറ്റ് നിരക്ക് കൂടുതലാണെന്നും അല്ലെന്നും തരത്തിലുള്ള സമ്മിശ്ര പ്രതികരണങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. നാലു വിഭാഗങ്ങളിലായിട്ടാണ് (കാറ്റഗറി)

ടിക്കറ്റ് തരം തിരിച്ചിരിക്കുന്നത്. ലോകകപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇത് സംബന്ധിച്ച് വിശദവിവരങ്ങള്‍ നല്‍കിയിരുന്നു. കാറ്റഗറി 1 ആണ് ഏറ്റവും ഉയര്‍ന്ന നിരക്കുള്ള ടിക്കറ്റ്. സ്റ്റേഡിയത്തിനുള്ളിലെ ഫസ്റ്റ് ക്ലാസ് ഏരിയയില്‍ ഇരിക്കുന്നതിനാണിത്.

കാറ്റഗറി 2 ഉം കാറ്റഗറി 3 ഉം സ്റ്റേഡിയത്തിനുള്ളിലെ പിന്‍നിരയിലുള്ള സീറ്റുകള്‍ക്ക് വേണ്ടിയുള്ളതാണ്. ഖത്തറിലെ താമസക്കാര്‍ക്ക് മാത്രമായി റിസര്‍വ് ചെയ്തിരിക്കുന്ന സ്റ്റേഡിയത്തിനുള്ളിലെ ടിക്കറ്റുകളാണ് കാറ്റഗറി 4ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.



ഖത്തര്‍ ലോകകപ്പ് ടിക്കറ്റ് നിരക്ക് (റിയാലില്‍).