image

24 Jan 2026 2:42 PM IST

World

ലോക സാമ്പത്തിക ഫോറം; ആദ്യമായി കേരളത്തിലേക്ക് നിക്ഷേപം, കരാറൊപ്പിട്ട് വിവിധ കമ്പനികൾ

MyFin Desk

ലോക സാമ്പത്തിക ഫോറം; ആദ്യമായി  കേരളത്തിലേക്ക് നിക്ഷേപം, കരാറൊപ്പിട്ട് വിവിധ കമ്പനികൾ
X

Summary

ലോകസാമ്പത്തിക ഫോറത്തിൽ നിന്ന് ആദ്യമായി കേരളത്തിലേക്ക് നിക്ഷേപം. 1 .18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപര്യപത്രം ഒപ്പു വെച്ചതായി വ്യവസായ മന്ത്രി പി രാജീവ്.


ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ കേരളം 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപര്യപത്രം ഒപ്പുവെച്ചതായി വ്യവസായ മന്ത്രി പി രാജീവ്. 14 ബില്യൺ യു എസ് ഡോളർ മൂല്യമുള്ള താൽപര്യപത്രങ്ങളാണ് ഒപ്പുവെച്ചത്. അമേരിക്ക, യു കെ, ജർമ്മനി, സ്പെയിൻ, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിവിധ കമ്പനികളുമായാണ് താല്പര്യപത്രം ഒപ്പിട്ടത്. ചരിത്രത്തിലാദ്യമായാണ് ലോക സാമ്പത്തിക ഫോറത്തിൽ നിന്ന് കേരളം നിക്ഷേപം സമാഹരിക്കുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

മെഡിക്കൽ വ്യവസായം, റിന്യൂവബിൾ എനർജി, ഡാറ്റാ സെൻറർ, എമർജിങ് ടെക്നോളജി എന്നീ മേഖലകളിലെ കമ്പനികളുമായാണ് താൽപര്യപത്രം ഒപ്പിട്ടത്. രാംകി ഇൻഫ്രാസ്ട്രക്ചർ , റിസസ് റ്റൈനബിലിറ്റി , ബൈദ്യനാഥ് ബയോഫ്യുവൽസ് തുടങ്ങിയ കമ്പനികൾ കരാറിൽ ഉൾപ്പെടുന്നു .രാംകി ഇൻഫ്രാസ്ട്രക്ചറുമായി 6000 കോടി രൂപയുടേതാണ് കരാർ. (ഇക്കോ ടൗൺ വികസനം, സംയോജിത വ്യവസായ പാർക്കുകൾ എന്നിവക്കാണ് ഇത്.

പ്രധാന നിക്ഷേപങ്ങൾ ഇങ്ങനെ

റിസസ് റ്റൈനബിലിറ്റി - 1000 കോടി (മാലിന്യ സംസ്കരണം), ഇൻസ്റ്റ പേ സിനർജീസ് - 100 കോടി(സാമ്പത്തിക സേവനങ്ങൾ), ബൈദ്യനാഥ് ബയോഫ്യുവൽസ് 1000 കോടി (റിന്യൂവബിൾ എനർജി), ആക്‌മെ ഗ്രൂപ്പ് - 5000 കോടി (ബാറ്ററി സ്റ്റോറേജ് സിസ്റ്റം), ലിങ്ക് എനർജി 1000 കോടി (റിന്യൂവബിൾ എനർജി), സിഫി ടെക്നോളജീസ് , 1000 കോടി (ഡാറ്റ സെൻ്റർ), ഡെൽറ്റ എനർജി- 1600 കോടി (ഹോസ്പിറ്റാലിറ്റി & ഹെൽത്ത് കെയർ), ഗ്രീൻകോ ഗ്രൂപ്പ് - 10000 കോടി, ജെനസിസ് ഇൻഫ്രാസ്ട്രക്ചർ -1300 കോടി, കാനിസ് ഇൻ്റർനാഷണൽ -2500 കോടി (എയ്റോസ്പേസ് & എനർജി), സെയ്ൻ വെസ്റ്റ് കാപ്സ് അഡ്വൈസറി - 1000 കോടി (റിന്യൂവബിൾ എനർജി) തുടങ്ങി 27 കമ്പനികളുമായാണ് താൽപര്യപത്രം ഒപ്പിട്ടത്. 67കമ്പനികളുടെ പ്രതിനിധികളുമായി കേരള സംഘം മുഖാമുഖ ചർച്ച നടത്തി.

താൽപര്യപത്രത്തിൻ്റെ തുടർച്ചയായുള്ള പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഇ.എസ്. ജി നയം അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമെന്നത് കൂടുതൽ നിക്ഷേപങ്ങൾക്ക് പ്രേരണയാകുന്നതായി വിവിധ കമ്പനികൾ അഭിപ്രായപ്പെട്ടു. ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത പ്രധാന കമ്പനികളുടെ സിഇഒമാരുമായി മന്ത്രി പി രാജീവിൻ്റെ നേതൃത്വത്തിലുള്ള കേരള പ്രതിനിധി സംഘം ചർച്ച നടത്തിയിരുന്നു. കേരളത്തിലെ നിക്ഷേപ അവസരങ്ങൾ പരിചയപ്പെടുത്തുന്നതിനായി പ്രത്യേക പരിപാടിയും സംഘടിപ്പിച്ചിരുന്നു.