21 Oct 2025 12:38 PM IST
സ്വർണം വാങ്ങിക്കൂട്ടി ചൈന; കേന്ദ്ര ബാങ്കുകൾ സ്വർണ നിക്ഷേപം ഉയർത്തുന്നത് എന്തുകൊണ്ടാണ്?
MyFin Desk
Summary
സ്വർണത്തിന് വില കുതിക്കുമ്പോഴും ചില കേന്ദ്ര ബാങ്കുകൾ നിക്ഷേപം ഉയർത്തുന്നത് എന്തുകൊണ്ടാണ്?
ആഗോള വിപണിയിൽ സ്വർണ വില ഉയരുമ്പോഴും സ്വർണത്തിലെ നിക്ഷേപം ഉയർത്തുകയാണ് ചൈനയുമുൾപ്പെടെയുള്ള ചില രാജ്യങ്ങൾ. അതേസമയം ഈ വർഷം ആർബിഐ സ്വർണ നിക്ഷേപം കുറച്ചിട്ടുണ്ടെങ്കിലും കൈവശമുള്ള സ്വർണത്തിൻ്റെ മൂല്യം റെക്കോഡിലെത്തി. തുർക്കി ഉൾപ്പെടെ നിക്ഷേപം ഉയർത്തി. ആഗോള വിപണിയിൽ സ്വർണ വില കുതിക്കുന്നതിനിടയിൽ എന്തിനാണ് ചില രാജ്യങ്ങൾ സ്വർണ നിക്ഷേപം ഉയർത്തുന്നത്?
ആഗോള സമ്പദ് രംഗത്ത് അനിശ്ചിതത്വങ്ങൾ ഉണ്ടാകുമ്പോൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണ്ണത്തിലേക്ക് തിരിയാറുണ്ട്. പ്രത്യേകിച്ച് പണപ്പെരുപ്പം ഉയരുകയും റിസ്കുള്ള ആസ്തികൾ തിളങ്ങാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ. വ്യക്തിഗത നിക്ഷേപകർ മാത്രമല്ല, ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകളും സ്വർണത്തിൽ നിക്ഷേപം നടത്തും.
ഇപ്പോൾ മത്സരിച്ച് സ്വർണം വാങ്ങുന്നതിൽ മുൻപന്തിയിലുള്ളത് ചൈനയാണ്. പീപ്പിൾസ് ബാങ്ക് ഓഫ് ചൈന 2025 ജനുവരി മുതൽ സെപ്റ്റംബർ വരെ മാത്രം ഏകദേശം 39.2 ടൺ സ്വർണം വാങ്ങിയിട്ടുണ്ട്. 2025 ഒക്ടോബർ എട്ടുവരെ ചൈനയുടെ കൈവശമുള്ളത് 2,298.5 ടൺ സ്വർണ ശേഖരമാണ്. സെപ്റ്റംബറിൽ 0.4 ടൺ മാത്രമാണ് വാങ്ങിയത്. അതിന് മുമ്പ് ഓരോ മാസവും ഏകദേശം രണ്ട് ടൺ മുതൽ 5 ടൺ വരെയാണ് നിക്ഷേപം. സ്വർണ്ണം ഇങ്ങനെ ചൈന വാങ്ങിക്കൂട്ടുന്നത് എന്തുകൊണ്ടായിരിക്കും?
യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ചൈന ശ്രമം നടത്തുകയാണ്. യുഎസ് സമ്പദ്‌വ്യവസ്ഥയുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്ന കറൻസിയിൽ നിന്ന് ആസ്തികൾ പരമാവധി വൈവിധ്യവത്കരിക്കാൻ ചൈന ശ്രമിക്കുന്നുണ്ട്. ആഗോള തലത്തിൽ തന്നെ ഇപ്പോൾ സ്വർണ്ണം സ്ഥിരതയുള്ള ആസ്തിയായി അംഗീകരിക്കപ്പെടുന്നുണ്ട്. യുദ്ധത്തിന്റെയും അന്താരാഷ്ട്ര ഉപരോധങ്ങളുടെയും രാഷ്ട്രീയ സമ്മർദ്ദങ്ങളുടെയുമൊക്കെ പശ്ചാത്തലത്തിൽ സ്വർണ നിക്ഷേപം സുരക്ഷിതമായിരിക്കും.
ആർബിഐ; സ്വർണ മൂല്യത്തിൽ റെക്കോഡ് വളർച്ച
സ്വർണ്ണ ശേഖരം ശക്തിപ്പെടുത്തുന്നത് ചൈനയ്ക്ക് അവരുടെ കറൻസി ശക്തിപ്പെടുത്തുന്നതിനുള്ള മാർഗമാകും.റഷ്യയിലെയും തുർക്കിയിലെയും സെൻട്രൽ ബാങ്കുകളും സ്വർണ നിക്ഷേപം ഉയർത്തുന്നുണ്ട്. 2022 മുതൽ, ആഗോള സെൻട്രൽ ബാങ്കുകൾ പ്രതിവർഷം 1,000 ടണ്ണിലധികം സ്വർണ്ണം വീതമാണ് വാങ്ങിക്കൂട്ടുന്നത്. ആർബിഐയുടെ സ്വർണ്ണ നിക്ഷേപത്തിലും വലിയ വർധനയാണുണ്ടായിരിക്കുന്നത്. നിക്ഷേപം10236 കോടി ഡോളറിലെത്തി.ഇത് ഇന്ത്യയുടെ കരുതൽ ശേഖരം ശക്തിപ്പെടുത്തി. കഴിഞ്ഞ പത്ത് വർഷത്തിനിടിയിൽ ഇന്ത്യയുടെ സ്വർണ ശേഖരം ഇരട്ടിയിലധികമായി ഉയർന്നിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
