12 Jun 2023 11:25 AM IST
Summary
- ശ്രീപദ് കുല്‍കര്‍ണിയാണ് ' മോദി ജി താലി ' എന്ന പേരില്‍ സ്‌പെഷ്യല്‍ വിഭവം അവതരിപ്പിച്ചത്
- ജൂണ്‍ 22-ന്യുഎസ് കോണ്‍ഗ്രസിനെ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും
- 2022-ല്‍ ഡല്‍ഹിയിലുള്ള ഒരു റെസ്‌റ്റോറന്റ് 56 ഐറ്റങ്ങളുള്ള താലി അവതരിപ്പിച്ചിരുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനം കളര്‍ഫുള്‍ ആക്കാന്‍ ന്യൂജെഴ്‌സി ആസ്ഥാനമായ റെസ്റ്റോറന്റും തയാറെടുക്കുകയാണ്. ഈ മാസം 21 മുതല്‍ 24 വരെയാണ് മോദി യുഎസ് സന്ദര്‍ശിക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെയും ഭാര്യ ജില്‍ ബൈഡന്റെയും ക്ഷണം സ്വീകരിച്ചാണു മോദി യുഎസ് സന്ദര്‍ശിക്കുന്നത്.
ഇന്ത്യന്‍ വംശജനും ന്യൂജെഴ്‌സിയില്‍ റെസ്റ്റോറന്റ് ബിസിനസ് ചെയ്യുന്ന ശ്രീപദ് കുല്‍കര്‍ണിയാണ് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി ' മോദി ജി താലി ' എന്ന പേരില്‍ സ്‌പെഷ്യല്‍ വിഭവം അവതരിപ്പിച്ചിരിക്കുകയാണ്. കിച്ചടി, രസഗുള, സര്‍സോണ്‍ കാ സാഗ്, കശ്മീരി ദം ആലൂ, ദോക് ല, ഇഡ്ഡലി, ചാച്ച്, പപ്പട് എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് താലി.
യുഎസില്‍ കഴിയുന്ന ഇന്ത്യന്‍ സമൂഹം നിര്‍ദേശിച്ച വിഭവങ്ങളാണ് താലിയില്‍ ഉള്‍പ്പെടുത്തിയതെന്ന് കുല്‍ക്കര്‍ണി പറഞ്ഞു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനു വേണ്ടിയും താലി ഉടന്‍ അവതരിപ്പിക്കുമെന്ന് കുല്‍ക്കര്‍ണി പറഞ്ഞു. ' മോദി ജി താലി ' യുടെ വില എത്രയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 2023-നെ യുഎന്‍ അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷമായി പ്രഖ്യാപിച്ചതിനും ' മോദി ജി താലി 'യിലൂടെ ആദരം അര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നതായി കുല്‍ക്കര്‍ണി പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു യുഎന്‍ 2023-നെ അന്താരാഷ്ട്ര ചെറുധാന്യങ്ങളുടെ വര്‍ഷമായി പ്രഖ്യാപിച്ചത്.
2022-ല്‍ ഡല്‍ഹിയിലുള്ള ഒരു റെസ്‌റ്റോറന്റ് മോദിയുടെ ജന്മദിനത്തിനു മുന്നോടിയായി 56 ഐറ്റങ്ങളുള്ള താലി അവതരിപ്പിച്ചിരുന്നു. വെജ്, നോണ്‍-വെജ് വിഭവങ്ങളായിരുന്നു താലിയിലുണ്ടായിരുന്നത്. ' 56 ഇഞ്ച് മോദി ജി ' താലി എന്നായിരുന്നു പേരിട്ടത്. 40 മിനിറ്റ് കൊണ്ട് ഈ താലി കഴിച്ച് തീര്‍ക്കുന്നവര്‍ക്ക് 8.5 ലക്ഷം രൂപ സമ്മാനവും വാഗ്ദാനം ചെയ്തിരുന്നു.
പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനം കെങ്കേമമാക്കാന്‍ അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ വലിയ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ജൂണ്‍ 18 ന് അമേരിക്കയിലുടനീളമുള്ള 20 പ്രധാന നഗരങ്ങളില്‍ 'ഇന്ത്യ യൂണിറ്റി ഡേ' മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്.
ജൂണ്‍ 21 ന് ന്യൂയോര്‍ക്കിലെ യുഎന്‍ കോംപ്ലക്‌സിലെ വടക്കന്‍ പുല്‍ത്തകിടിയില്‍ നിരവധി ഇന്ത്യന്‍-അമേരിക്കന്‍ പ്രമുഖര്‍ ഒത്തുചേരുന്നുണ്ട്. അവിടെ നടക്കുന്ന അന്താരാഷ്ട്ര യോഗ ദിന ചടങ്ങിന് മോജി നേതൃത്വം കൊടുക്കും.
വാഷിംഗ്ടണിലെ ഫ്രീഡംപ്ലാസയില്‍, കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ വ്യാപിച്ചുകിടക്കുന്ന ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സാംസ്‌കാരിക പരിപാടികളിലൂടെ ഇന്ത്യന്‍ സമൂഹം ഇന്ത്യയുടെ സാംസ്‌കാരിക ഘടനയും പ്രദര്‍ശിപ്പിക്കും.
ജൂണ്‍ 21-ന് ന്യൂയോര്‍ക്കില്‍ നിന്നും എയര്‍ ഇന്ത്യ വണ്ണില്‍ ആന്‍ഡ്രൂസ് എയര്‍ ഫോഴ്‌സ് ബേസിലെത്തുന്ന നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ ഒരു വിഭാഗം ഇന്ത്യന്‍ വംശജരായ അമേരിക്കക്കാര്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ജൂണ്‍ 22-ന് വൈറ്റ് ഹൗസിലെ തെക്ക് വശത്തുള്ള പുല്‍ത്തകിടിയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജില്‍ ബൈഡനും നരേന്ദ്ര മോദിയെ സ്വീകരിക്കും. 21 ആചാര വെടിമുഴക്കിയായിരിക്കും സ്വീകരിക്കുക.
ജൂണ്‍ 22-നാണ് യുഎസ് കോണ്‍ഗ്രസിനെ നരേന്ദ്ര മോദി അഭിസംബോധന ചെയ്ത് പ്രസംഗിക്കുന്നത്.
ഇത് രണ്ടാം തവണയായിരിക്കും യുഎസ് കോണ്‍ഗ്രസിനെ മോദി അഭിസംബോധന ചെയ്യുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
