image

23 Feb 2026 4:55 PM IST

Employment

പെണ്‍കരുത്തില്‍ ആപ്പിള്‍ വിപ്ലവം! ഇന്ത്യയിലെ തൊഴിലവസരങ്ങള്‍ രണ്ടരലക്ഷം കടന്നു

MyFin Desk

apple makes history in the job market
X

Summary

ഗ്രാമീണ മേഖലകളില്‍ നിന്നുള്ള ആയിരക്കണക്കിന് യുവതികള്‍ക്ക് മികച്ച ശമ്പളവും സുരക്ഷിതമായ തൊഴില്‍ സാഹചര്യവും ഉറപ്പാക്കുന്നതിലൂടെ വലിയൊരു സാമൂഹിക മാറ്റത്തിനാണ് ആപ്പിള്‍ തുടക്കമിട്ടിരിക്കുന്നത്


രാജ്യത്തെ തൊഴില്‍ മേഖലയില്‍ സമാനതകളില്ലാത്ത കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി ആപ്പിള്‍. ടെക് ഭീമന്‍ 'മെയ്ക്ക് ഇന്‍ ഇന്ത്യ' വിപ്ലവത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ആപ്പിളും അതിന്റെ വിതരണക്കാരായ ഫോക്‌സ്‌കോണ്‍ , ടാറ്റ , പെഗാട്രോണ്‍ എന്നീ കമ്പനികളും ചേര്‍ന്ന് ഇന്ത്യയില്‍ 2.5 ലക്ഷത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.

2021-ല്‍ ആരംഭിച്ച പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതിയുടെ കരുത്തില്‍, വെറും നാല് വര്‍ഷം കൊണ്ട് ഇന്ത്യയെ ആഗോള ഐഫോണ്‍ നിര്‍മ്മാണ ഹബ്ബായി മാറ്റാന്‍ ആപ്പിളിന് സാധിച്ചു. ഈ തൊഴില്‍ വിപ്ലവത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ സ്ത്രീകളാണ് എന്നത് നേട്ടത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു.

നിലവില്‍ ആപ്പിളിന്റെ നിര്‍മ്മാണ യൂണിറ്റുകളില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. ഗ്രാമീണ മേഖലകളില്‍ നിന്നുള്ള ആയിരക്കണക്കിന് യുവതികള്‍ക്ക് മികച്ച ശമ്പളവും സുരക്ഷിതമായ തൊഴില്‍ സാഹചര്യവും ഉറപ്പാക്കുന്നതിലൂടെ വലിയൊരു സാമൂഹിക മാറ്റത്തിനാണ് ആപ്പിള്‍ തുടക്കമിട്ടിരിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് സാങ്കേതിക നൈപുണ്യവും സാമ്പത്തിക സ്വതന്ത്ര്യവും നല്‍കുന്ന ഒരു 'വിമന്‍-ലെഡ്' വികസന മാതൃകയാണ് ഇവിടെ ദൃശ്യമാകുന്നത്.

ഫോക്സ്കോണിൽ 80 ശതമാനം സ്ത്രീകൾ

സ്ത്രീ പങ്കാളിത്തം പരിശോധിച്ചാല്‍, ഫോക്‌സ്‌കോണ്‍ പോലുള്ള നിര്‍മ്മാണ യൂണിറ്റുകളില്‍ 70% മുതല്‍ 80% വരെ ജീവനക്കാരും സ്ത്രീകളാണ്. തമിഴ്നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വ്യാവസായിക ഭൂപടം തന്നെ ആപ്പിളിന്റെ ഈ 'സപ്ലൈ ചെയിന്‍' മാറ്റിവരച്ചു.

ആപ്പിളിന്റെ ഈ ചുവടുവെപ്പ് കേവലം അസംബ്ലിംഗ് യൂണിറ്റുകളില്‍ മാത്രം ഒതുങ്ങുന്നതല്ല. മറിച്ച് ഇത് ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതി മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കിയിരിക്കുകയാണ്. ഐഫോണുകള്‍ക്ക് പുറമെ ഐപാഡുകളും എയര്‍പോഡുകളും ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള നീക്കങ്ങള്‍ സജീവമാകുന്നതോടെ വരും വര്‍ഷങ്ങളില്‍ തൊഴിലവസരങ്ങള്‍ ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയുടെ ഉല്‍പ്പാദന ശേഷിയിലുള്ള വിശ്വാസവും അനുകൂലമായ സര്‍ക്കാര്‍ നയങ്ങളും ഒത്തുചേരുമ്പോള്‍, ലോകത്തിലെ രണ്ടാമത്തെ വലിയ ഐഫോണ്‍ നിര്‍മ്മാണ കേന്ദ്രമായി ഇന്ത്യ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ഇന്ത്യയില്‍ നിന്നുള്ള ആപ്പിളിന്റെ കയറ്റുമതി ഏകദേശം 83,000 കോടി രൂപ എന്ന ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ടു. ചൈനയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ആപ്പിള്‍ തീരുമാനിച്ചതോടെ, ആഗോളതലത്തില്‍ നിര്‍മ്മിക്കപ്പെടുന്ന ഏഴ് ഐഫോണുകളില്‍ ഒന്ന് ഇപ്പോള്‍ ഇന്ത്യയില്‍ നിന്നാണ് പുറത്തിറങ്ങുന്നത്. ഭാവിയില്‍ ഐഫോണ്‍ 17, 18 സീരീസുകളുടെ കൂടുതല്‍ നിര്‍മ്മാണവും ഇന്ത്യയിലേക്ക് മാറുന്നതോടെ തൊഴിലവസരങ്ങള്‍ 5 ലക്ഷത്തിലേക്ക് ഉയരുമെന്നാണ് സൂചന.