5 Nov 2026 11:29 AM IST
Summary
എല്ലാ ജീവനക്കാര്‍ക്കും ഒരുപോലെ ബാധകമായ പദ്ധതിയല്ല ഇത്. ജോലി, വിഭാഗം, രാജ്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് അര്‍ഹത തീരുമാനിക്കുന്നത്.
ടെക് മേഖലയില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നീക്കങ്ങള്‍ ശക്തമാക്കി ഗൂഗിള്‍. മൈക്രോസോഫ്റ്റിന് പിന്നാലെ ജീവനക്കാര്‍ക്ക് Voluntary Buyout അഥവാ സ്വമേധയാ ജോലി വിടാനുള്ള അവസരം ഒരുക്കുകയാണ് കമ്പനി. നിശ്ചിത വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങളോടെ കമ്പനി വിടാനുള്ള പദ്ധതിയാണ് ഗൂഗിള്‍ പരിഗണിക്കുന്നത്. ആരൊക്കെയാണ് പദ്ധതിയുടെ ഭാഗമാകുക, എത്ര ജീവനക്കാര്‍ക്ക് ആനുകൂല്യം ലഭിക്കും, എങ്ങനെയായിരിക്കും എക്സിറ്റ് പാക്കേജ് തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഗൂഗിളിന്റെ ഈ Voluntary Exit പദ്ധതി 2026 ജൂണിലാണ് ആഗോളതലത്തില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചത്. കാനഡ, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ അഞ്ച് രാജ്യങ്ങളിലെ തിരഞ്ഞെടുത്ത ജീവനക്കാര്‍ക്കാണ് ഈ ഘട്ടത്തില്‍ അവസരം ലഭിക്കുന്നത്. എല്ലാ ജീവനക്കാര്‍ക്കും ഒരുപോലെ ബാധകമായ പദ്ധതിയല്ല ഇത്. ജോലി, വിഭാഗം, രാജ്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് അര്‍ഹത തീരുമാനിക്കുന്നത്.
എന്താണ് ഗൂഗിളിന്റെ എക്സിറ്റ് പാക്കേജ്?
പദ്ധതിയുടെ ഭാഗമായി ജീവനക്കാര്‍ക്ക് കമ്പനിയിലെ സേവനകാലയളവിന് അനുസരിച്ച് സാമ്പത്തിക നഷ്ടപരിഹാരം ലഭിക്കും. സ്വിറ്റ്സര്‍ലന്‍ഡില്‍ നടപ്പാക്കിയ പാക്കേജ് പ്രകാരം കമ്പനിയില്‍ ജോലി ചെയ്ത ഓരോ വര്‍ഷത്തിനും ഒരു മാസത്തെ ശമ്പളം വീതമാണ് നല്‍കുന്നത്. എന്നാല്‍ പരമാവധി 12 മാസത്തെ ശമ്പളം മാത്രമേ ലഭിക്കൂ. അതായത് 12 വര്‍ഷമോ അതിലധികമോ സേവനകാലയളവുള്ളവര്ക്ക് പരമാവധി ഒരു വര്‍ഷത്തെ ശമ്പളം ലഭിക്കും.
സ്വിറ്റ്സര്‍ലന്‍ഡിലെ ജീവനക്കാര്‍ക്ക് ജൂണ്‍ മധ്യത്തിലാണ് പദ്ധതി സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. ജൂലൈ മധ്യത്തോടെ അപേക്ഷകളില്‍ തീരുമാനമെടുക്കുകയും ഓഗസ്റ്റ് മുതല്‍ ജീവനക്കാര്‍ പുറത്തുപോകാന്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ കാനഡ, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന് എന്നിവിടങ്ങളിലെ പാക്കേജിന്റെ കൃത്യമായ സാമ്പത്തിക വ്യവസ്ഥകള്‍ പുറത്തുവിട്ടിട്ടില്ല. എല്ലാ രാജ്യങ്ങളിലും ഒരേ രീതിയിലായിരിക്കുമോ ആനുകൂല്യമെന്നും വ്യക്തമല്ല.
ഏതൊക്കെ ടീമുകള്‍ക്ക് അവസരം?
ഗൂഗിളിന്റെ എല്ലാ വിഭാഗങ്ങളിലെയും ജീവനക്കാര്‍ക്ക് ഈ ഓഫര്‍ ലഭിക്കില്ല. സ്വിറ്റ്സര്‍ലന്‍ഡില്‍ വിവിധ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് പദ്ധതി ബാധകമായിരുന്നെങ്കിലും ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണ വിഭാഗമായ DeepMindനെ ഒഴിവാക്കിയിരുന്നു. Google Cloud, DeepMind തുടങ്ങിയ തന്ത്രപ്രധാന വിഭാഗങ്ങളിലെ ജീവനക്കാരെ മുന്‍പും ഇത്തരം പദ്ധതികളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അമേരിക്കയിലും യുകെയിലും വിവിധ ഘട്ടങ്ങളിലായി ഗൂഗിള്‍ Voluntary Exit പദ്ധതികള്‍ നടപ്പാക്കിയിരുന്നു. 2025ല്‍ അമേരിക്കയിലെ Communications, Core, Knowledge and Information, Marketing, Research വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് അവസരം നല്‍കിയിരുന്നു. 2026 ഫെബ്രുവരിയില്‍ Global Business Organisation വിഭാഗത്തിലെ ചില ജീവനക്കാര്‍ക്കും ഓഫര്‍ ലഭിച്ചു. എന്നാല്‍ വലിയ ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടുന്ന ചില ടീമുകളെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
എത്ര ജീവനക്കാര്‍ക്ക് ആനുകൂല്യം?
ഏറ്റവും പുതിയ പദ്ധതിയില്‍ എത്ര ജീവനക്കാര്‍ക്ക് അര്‍ഹതയുണ്ടെന്നോ എത്ര പേര് ഓഫര്‍ സ്വീകരിച്ചെന്നോ ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല. സ്വിറ്റ്സര്‍ലന്‍ഡില്‍ കമ്പനിക്ക് ഏകദേശം 5,000 ജീവനക്കാരുണ്ട്. അവിടത്തെ ഒരു ടീമിലെ 50 പേരില്‍ കുറഞ്ഞത് നാല് പേര് ഓഫര്‍ സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്.
എന്തുകൊണ്ട് ഈ നീക്കം?
എഐ രംഗത്ത് വന്‍തോതില്‍ നിക്ഷേപം നടത്തുന്നതിനൊപ്പം പ്രവര്‍ത്തനച്ചെലവ് നിയന്ത്രിക്കാനും ജീവനക്കാരുടെ ഘടന പുനഃക്രമീകരിക്കാനുമാണ് ഗൂഗിളിന്റെ നീക്കം. AI മോഡലുകള്‍, ഡാറ്റാ സെന്ററുകള്‍, ക്ലൗഡ് സംവിധാനങ്ങള്‍ എന്നിവയില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ കമ്പനിയുടെ മുന്‍ഗണനകള്‍ക്കനുസരിച്ച് ജീവനക്കാരെയും വിഭവങ്ങളെയും ക്രമീകരിക്കുകയാണ് ലക്ഷ്യം.
ഇതിനിടെ മൈക്രോസോഫ്റ്റും ഏകദേശം 60,000 ജീവനക്കാര്‍ക്ക് Voluntary Exit Offer പ്രഖ്യാപിച്ചിരുന്നു. ഇതോടെ AI നിക്ഷേപങ്ങള്‍ക്കൊപ്പം ആഗോള ടെക് കമ്പനികളിലെ തൊഴില്‍ഘടനയിലും വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
