8 Nov 2026 5:16 PM IST
Summary
സിനിമയുടെ പേര് രജിസ്റ്റര്‍ ചെയ്യുന്നതുകൊണ്ടോ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ സമര്‍പ്പിക്കുന്നതുകൊണ്ടോ ആ പേരിന് അന്തിമ അംഗീകാരം ലഭിക്കുന്നില്ലെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്.
സിനിമകളുടെ പേരുകള്‍ക്ക് അന്തിമ അംഗീകാരം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് ശേഷം മാത്രം. പേരുമാറ്റാന്‍ റിവൈസിംഗ് കമ്മിറ്റിക്കും അധികാരമുണ്ടെന്ന് കേന്ദ്ര സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുമ്പ് സിനിമയുടെ പേര് അന്തിമമാണെന്ന രീതിയില്‍ പ്രചരിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്.
സിനിമകളുടെ സെന്‍സറിങ്ങുമായി ബന്ധപ്പെട്ട് കര്‍ശനമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി സെന്‍സര്‍ ബോര്‍ഡ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
സെന്‍സര്‍ ബോര്‍ഡിന്റെ പുതിയ നിര്‍ദേശത്തിനെതിരെ കേരള ഫിലിം ചേംബര്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ആശങ്കകള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന് ചേംബര്‍ കത്തയച്ചു.
സിനിമയുടെ പേര് രജിസ്റ്റര്‍ ചെയ്യുന്നതുകൊണ്ടോ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ സമര്‍പ്പിക്കുന്നതുകൊണ്ടോ ആ പേരിന് അന്തിമ അംഗീകാരം ലഭിക്കുന്നില്ലെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. എന്നാല്‍ ഈ തീരുമാനം സിനിമാ മേഖലയിലാകെ അനിശ്ചിതത്വം സൃഷ്ടിക്കുമെന്ന് ഫിലിം ചേംബര്‍ ചൂണ്ടിക്കാട്ടുന്നു.
നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് ആശങ്ക
സിനിമയുടെ അവസാന ഘട്ടത്തില്‍ പേര് മാറ്റേണ്ടിവരുന്നത് നിര്‍മാതാക്കള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും.
സിനിമയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പേരിന് വലിയ പ്രാധാന്യമുണ്ട്. പേര് രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഫിലിം ചേംബറിന് കൃത്യമായ മേല്‍നോട്ട സംവിധാനവുമുണ്ട്.
നിലവിലെ രീതിയനുസരിച്ച് ആദ്യം സിനിമയുടെ പേര് തീരുമാനിക്കുന്നു. തുടര്‍ന്ന് ചിത്രീകരണം ആരംഭിക്കുകയും വിവിധ ഘട്ടങ്ങളിലായി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഇതിനിടെ ടീസറുകളും പുറത്തിറങ്ങും. അതിനുശേഷമാണ് സെന്‍സറിങ് പൂര്‍ത്തിയാക്കി സിനിമ റിലീസിലേക്ക് കടക്കുന്നത്.
ഈ ഘട്ടങ്ങള്‍ക്കെല്ലാം ശേഷം പേര് മാറ്റേണ്ടിവരുന്നത് സിനിമയുടെ പ്രചാരണത്തെയും റിലീസിനെയും പ്രതികൂലമായി ബാധിക്കുമെന്നാണ് ഫിലിം ചേംബറിന്റെ ആശങ്ക.
സമീപകാലത്തുണ്ടായ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് സെന്‍സര്‍ ബോര്‍ഡ് പുതിയ കര്‍ശന നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
പഠിക്കാം & സമ്പാദിക്കാം
Home