image

27 Jan 2026 5:47 PM IST

Featured

ആക്സിസ് ബാങ്കിന് 6490 കോടി രൂപയുടെ അറ്റാദായം; ഓഹരികളിൽ കുതിപ്പ്

MyFin Desk

ആക്സിസ് ബാങ്കിന് 6490 കോടി രൂപയുടെ അറ്റാദായം; ഓഹരികളിൽ കുതിപ്പ്
X

Summary

മികച്ച പാദഫല റിപ്പോർട്ടുമായി ആക്സിസ് ബാങ്ക്. ഓഹരികളിൽ അഞ്ചുശതമാനം വരെ മുന്നേറ്റം.


കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം ത്രൈമാസത്തില്‍ 6490 കോടി രൂപ അറ്റാദായവുമായി ആക്സിസ് ബാങ്ക്. ബാങ്കിന്‍റെ മൊത്തം പലിശ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ അഞ്ചു ശതമാനവും ത്രൈമാസാടിസ്ഥാനത്തില്‍ നാലു ശതമാനവും ഉയർന്നു. 14,287 കോടി രൂപയാണ് മൊത്തം പലിശ വരുമാനം. മൊത്തം പലിശ മാര്‍ജിന്‍ ത്രൈമാസത്തില്‍ 3.64 ശതമാനമാണ്. ആകെ നിക്ഷേപം ത്രൈമാസാടിസ്ഥാനത്തില്‍ അഞ്ചു ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 12 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. 2025 ഡിസംബര്‍ 31-ലെ കണക്കു പ്രകാരം മൊത്തം നിഷ്ക്രിയ ആസ്തികള്‍ 1.40 ശതമാനം ആയി മെച്ചപ്പെട്ടിട്ടുണ്ട്. 2025 സെപ്റ്റംബര്‍ 30-ന് ഇത് 1.46 ശതമാനമായിരുന്നു.

മൂന്നാം ത്രൈമാസത്തില്‍ ഫീസ് വരുമാനം 12 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 6,100 കോടി രൂപയിലെത്തി. ബാങ്കിന്‍റെ വെല്‍ത്ത് മാനേജുമെന്‍റ് ബിസിനസ് ഇന്ത്യയിലെ ഏറ്റവും വലിയവയില്‍ ഒന്നെന്ന നിലയില്‍ 6,87,738 കോടി രൂപയുടെ ആസ്തികളാണ് കൈകാര്യം ചെയ്യുന്നത്. വാര്‍ഷികാടിസ്ഥാനത്തില്‍ എട്ടു ശതമാനവും ത്രൈമാസാടിസ്ഥാനത്തില്‍ ഏഴു ശതമാനവുമാണ് വളര്‍ച്ച.

ഓഹരികളിൽ മുന്നേറ്റം

2025 ഡിസംബർ വരെ 3315 കേന്ദ്രങ്ങളിലായി ആകെ 6,110 ശാഖകളും എക്സ്ടെന്‍ഷന്‍ കൗണ്ടറുകളും 281 ബിസിനസ് കറസ്പോണ്ടന്‍റ് ബാങ്കിങ് ഔട്ട്ലെറ്റുകളുമാണ് ബാങ്കിനുള്ളത്. മികച്ച പാദഫല റിപ്പോർട്ട് ആക്സിസ് ബാങ്ക് ഓഹരികൾക്കും കരുത്ത് നൽകി. ചൊവ്വാഴ്ച അഞ്ചു ശതമാനം ഉയർന്ന് 1322 രൂപയിലാണ് ഓഹരി വില.