image

18 Dec 2022 7:26 PM GMT

Featured

മെസിപ്പടക്ക് 348 കോടി സമ്മാനതുക; പക്ഷേ പൂര്‍ണമായും കളിക്കാര്‍ക്ക് ലഭിക്കില്ല

muhammed shafeeq

World champions 2022
X

Summary

ആഗോള കായിക ടൂര്‍ണമെന്റുകളില്‍ വിജയിക്കുന്നവര്‍ക്ക് സമ്മാനത്തുകയുടെ സിംഹഭാഗവും ലഭിക്കുമെങ്കില്‍ ഫിഫയുടെ കാര്യം നേരെ മറിച്ചാണ്



ലോക ഫുട്‌ബോള്‍ രാജാക്കന്മാരായി അര്‍ജന്റീന ഖത്തറില്‍ നിന്നും പറന്നുയരുമ്പോള്‍ കൂടെയുള്ളത് കപ്പ് മാത്രമല്ല കൈ നിറയെ പണവും. ലോകകപ്പ് ഉയര്‍ത്തിയ മെസിക്കും കൂട്ടര്‍ക്കും ലഭിക്കുന്നത് ഏകദേശം 348 (42മില്ല്യണ്‍ ഡോളര്‍) കോടിയാണ്. എന്നാല്‍ 348 കോടി സമ്മാനതുക പൂര്‍ണമായും കളിക്കാര്‍ക്ക് ലഭിക്കില്ല. തുക ലഭിക്കുന്നത് ഫെഡറേഷനാണ്. അവര്‍ വലിയ വിഹിതം കളിക്കാര്‍ക്ക് നല്‍കും.

എന്നാല്‍ രണ്ടാം സ്ഥാനക്കാരായ ഫ്രാന്‍സിന് കിട്ടാന്‍ പോകുന്ന തുകയുടെ കാര്യം കെട്ടാല്‍ ചെറുതായൊന്ന് അത്ഭുതപ്പെടാം. കാരണം 248 കോടി (30 മില്ല്യണ്‍ ഡോളര്‍) രൂപ. ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കുമാത്രമല്ല ഖത്തറില്‍ ലോകകപ്പ് കളിക്കാനായി വന്ന 32 രാജ്യങ്ങള്‍ക്കും ഫിഫയില്‍ നിന്നും പണം ലഭിക്കും. മൂന്നാം സ്ഥാനത്തെത്തിയ ക്രൊയേഷ്യ നേടുന്നത് 27 മില്ല്യണ്‍ ഡോളര്‍ അതായത് 223 കോടി രൂപയാണ്. നാലാം സ്ഥാനക്കാരായ മൊറോക്കോക്കും 25 മില്ല്യണ്‍ ഡോളര്‍ (207 കോടി രൂപ) ലഭിക്കും.

കഴിഞ്ഞില്ല, ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായ നെതര്‍ലന്‍ഡ്‌സ്, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, ബ്രസീല്‍ ടീമുകള്‍ നേടുന്നത് 17 മില്ല്യണ്‍ ഡോളര്‍ (140 കോടി രൂപ) വീതവും പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായ യുഎസ്എ, സെനഗല്‍, ഓസ്‌ട്രേലിയ, പോളന്റ്, സ്‌പെയിന്‍, ജപ്പാന്‍, സ്വിറ്റ്‌സര്‍ലാന്റ്, ദക്ഷിണ കൊറിയ എന്നീ ടീമുകള്‍ നേടുന്നത് 13 മില്ല്യണ്‍ ഡോളര്‍ (107 കോടി രൂപ) വീതവുമാണ്. ആദ്യ റൗണ്ടില്‍ പുറത്തായ മറ്റ് 16 ടീമുകള്‍ക്കും 9 മില്ല്യണ്‍ ഡോളര്‍ (74 കോടി രൂപ) വീതവും ലഭിക്കും.

ഇത് കൂടാതെ ലോകകപ്പിനു തയ്യാറെടുക്കുമ്പോഴും ഫിഫ പണം നല്‍കിയിട്ടുണ്ട്. 32 ടീമുകള്‍ക്കും ഒന്നര മില്ല്യണ്‍ ഡോളര്‍ (11 കോടിയിലേറെ രൂപ) വീതമാണ് നല്‍കിയത്. 2018ലെ ലോകകപ്പില്‍ വിജയിയായ ഫ്രാന്‍സിന് ലഭിച്ചത് 38 മില്ല്യണ്‍ ഡോളര്‍ ആയിരുന്നെങ്കില്‍ ഇത്തവണ അതില്‍ നിന്നും 4 മില്ല്യണ്‍ ഡോളര്‍ തൂടുതലാണ് ഫ്രാന്‍സിന് ലഭിക്കാന്‍ പോകുന്നത്.

1982 ല്‍ സ്‌പെയിനില്‍ നടന്ന ലോകകപ്പിലാണ് ആദ്യമായി സമ്മാനത്തുക ഉള്‍പ്പെടുത്തിയത്. നാല് പതിറ്റാണ്ടുമുമ്പുള്ള ഈ ലോകകപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത് 2.2 മില്ല്യണ്‍ ഡോളര്‍ ആയിരുന്നു.

ആഗോള കായിക ടൂര്‍ണമെന്റുകളില്‍ വിജയിക്കുന്നവര്‍ക്ക് സമ്മാനത്തുകയുടെ സിംഹഭാഗവും ലഭിക്കും. എന്നാല്‍ ഫിഫയുടെ കാര്യത്തില്‍ നേരെ മറിച്ചാണ്. കളിക്കാര്‍ക്ക് സമ്മാനത്തുകയായി ലഭിക്കുന്നതിന്റെ 10 ശതമാനം പോലും ലഭിക്കില്ല എന്നതാണ് സത്യം.