23 Feb 2026 1:10 PM IST
കുത്തനെ ഇടിഞ്ഞ് ബിറ്റ്കോയിൻ ; ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിൽ
Rinku Francis
Summary
ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്ക്. കുത്തനെ ഇടിഞ്ഞ് ബിറ്റ്കോയിൻ. ക്രിപ്റ്റോ കറൻസികൾ കരകയറില്ലേ?
ബിറ്റ്കോയിൻ മൂല്യത്തിൽ കുത്തനെ ഇടിവ്. ട്രംപിൻ്റെ താരിഫ് നീക്കങ്ങളിൽ അനിശ്ചിതത്വം വന്നതോടെ ബിറ്റ്കോയിൻ മൂന്നു ശതമാനത്തോളം ഇടിഞ്ഞു. ഒരു ബിറ്റ്കോയിൻ 59 .2 ലക്ഷം രൂപയായി.2024 മാർച്ചിൽ 88 ലക്ഷം രൂപയായി ഉയർന്ന ബിറ്റ്കോയിൻ മൂല്യം പിന്നീട് 2025 ൽ ഒരു കോടി രൂപ കവിഞ്ഞിരുന്നു. എന്നാൽ പുതുവർഷം ക്രിപ്റ്റോ കറൻസി മൂല്യത്തിൽ കുത്തനെ ഇടിവുണ്ട്.
പുതുക്കിയ താരിഫ് അനിശ്ചിതത്വങ്ങൾ ഓഹരി വിപണിക്ക് അനുകൂലമായി. ഇതും ക്രിപ്റ്റോ വിപണിയിൽ പ്രതിഫലിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‍കോയിൻ ഈ വർഷം ഇതുവരെ 26 ശതമാനം ഇടിഞ്ഞു. ക്രിപ്റ്റോയിൽ കൂടുതൽ കറക്ഷന് സാധ്യതയുള്ളതിനാൽ നിക്ഷേപകർ ക്രിപ്‌റ്റോ ആസ്തികൾ വിൽക്കാൻ സാധ്യതയുള്ളതായി ആഗോള ബ്ലോക്ക്‌ചെയിൻ ടെക്‌നോളജി കമ്പനിയായ ബിടിഎസ്ഇ ചൂണ്ടിക്കാട്ടുന്നു.
2025 ഒക്ടോബറിലാണ് ക്രിപ്‌റ്റോകറൻസി എക്കാലത്തെയും ഉയർന്ന നിരക്കിൽ എത്തുന്നത്. ബിറ്റ്കോയിനും 125000 ഡോളർ എന്ന ഏറ്റവും ഉയർന്ന നിലയിലെത്തി. എന്നാൽ പിന്നീട് ബിറ്റ്കോയിൻ വില ഇടിയുകയായിരുന്നു. സമാന്തരമായി ഇഥേറിയം, ഓൾട്ട്കോയിൻ എന്നിവയും ഇടിഞ്ഞു.
ഡൊണാൾഡ് ട്രംപ് പ്രസിഡൻ്റായതിന് ശേഷം ഏറ്റവും വലിയ തിരിച്ചടിയാണ് ഇപ്പോൾ ക്രിപ്റ്റോ വിപണി നേരിടുന്നത്. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസിയാണ് ബിറ്റ്‌കോയിനാണ്. ഒരു കേന്ദ്രീകൃത ധനകാര്യ സ്ഥാപനം നിയന്ത്രിക്കാത്ത ഡിജിറ്റൽ പണം ലോകവ്യാപകമായി ട്രേഡ് ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ക്രിപ്റ്റോ വിപണിയിലെ ആശങ്കകൾ നിക്ഷേപകരെ പരിഭ്രാന്തരാക്കുന്നുണ്ട്.
വെല്ലുവിളിയാകുന്ന ഘടകങ്ങൾ എന്തൊക്കെ?
പല മുൻനിര ബ്ലോക്ക്‌ചെയിൻ എഞ്ചിനീയർമാരും ജനറേറ്റീവ് എഐ മേഖലയിലേക്ക് മാറുകയാണ്, ഇത് ക്രിപ്‌റ്റോയിലെ നവീകരണത്തെ ബാധിക്കുന്നുണ്ട്. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാതിരുന്നാൽ, ക്രിപ്‌റ്റോ പോലുള്ള ആസ്തികളെ ബാധിക്കാം. വൻകിട നിക്ഷേപകരിൽ ഒരു ഭാഗം ബിറ്റ്കോയിൻ വിറ്റഴിക്കുന്നതാണ് മറ്റൊരു വെല്ലുവിളി.
കെവിൻ വാർഷിനെ അടുത്ത ഫെഡറൽ റിസർവ് ചെയർമാനായാക്കിയതും ക്രിപ്റ്റോ വിപണിയെയും ബാധിച്ചു.വാർഷിൻ്റെ പരുക്കൻ നയങ്ങൾ ക്രിപ്റ്റോക്ക് തിരിച്ചടിയായേക്കാമെന്ന അനുമാനങ്ങളാണ് കാരണം.ആഗോള വിപണികളെ പിടിച്ചുലച്ച രാഷ്ട്രീയ പ്രതിസന്ധികൾ ക്രിപ്‌റ്റോ വിപണിയെയും ബാധിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ടെക് സ്റ്റോക്കുകൾ അടുത്തിടെ തകർന്നപ്പോൾ സ്ഥാപന നിക്ഷേപകർ സ്റ്റോക്ക് പോർട്ട്‌ഫോളിയോകളിലെ നഷ്ടം നികത്താൻ ബിറ്റ്കോയിൻ വിൽക്കാൻ നിർബന്ധിതരായി. ക്രിപ്‌റ്റോയിൽ നിന്ന് സ്വർണ്ണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് ചെറുകിട നിക്ഷേപകരും മാറുന്നുണ്ട്.
ഇടിവിലും വൻകിട നിക്ഷേപം
അതേസമയം ക്രിപ്റ്റോയിലെ ഇടിവ് ഏറ്റവും ഉയർന്ന നിലയിൽ നിന്നുള്ള കറക്ഷൻ ആണെന്നും ഇനിയും അവസരമുണ്ടെന്നും ചില നിരീക്ഷകർ സൂചിപ്പിക്കുന്നു. ഈ ഇടിവിലും ബിറ്റ്കോയിൻ വാങ്ങിക്കൂട്ടുന്ന വൻകിട നിക്ഷേകരുമുണ്ട്. ഫെബ്രുവരിയിലെ ഇടിവിൽ മാത്രം ചില വൻകിട നിക്ഷേപകർ വാലറ്റുകളിൽ 200,000 ബിറ്റ്‌കോയിൻ ചേർത്തിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
