6 Jan 2026 3:08 PM IST
PC Musthafa Success Story : അച്ഛൻ്റെ ദിവസ വരുമാനം 10 രൂപ; ഇന്ന് പിസി മുസ്തഫയുടേത് കോടികളാണ്, ഐഡിഫ്രെഷിലേക്ക് ബ്രിട്ടീഷ് കമ്പനിയുടെ 1500 കോടി രൂപ!
Rinku Francis
Summary
ID Fresh PC Mustafa Business : . 50000 രൂപ കൊണ്ട് 4500 കോടി രൂപയുടെ ബിസിനസ് പടുത്തുയർത്തിയ മലയാളി. 1500 കോടി രൂപ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രിട്ടീഷ് കമ്പനി. ഐഡി ഫ്രെഷ് ഉടമ പിസി മുസ്തഫയുടേത് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ മാതൃകയാക്കേണ്ട ഒരു വിജയകഥ കൂടെയാണ്!
ID Fresh Investment Details: റെഡി ടു കുക്ക് ഇഡലി- ദോശമാവ് ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ ജനകീയമാക്കിയ മലയാളി. പിസി മുസ്തഫ ഇന്ന് ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും വിവിധ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നുണ്ട്. 4,500 കോടി രൂപയുടെ റെഡി-ടു-കുക്ക് ഭക്ഷണ സാമ്രാജ്യമാണ് മുസ്തഫയുടേത്. 50 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ചെറിയ മുറിയിൽ നിന്നായിരുന്നു തുടക്കം. മുസ്തഫയുടെ വിജയകഥ നിരവധി സ്റ്റാർട്ടപ്പുകൾക്കുള്ള പാഠപുസ്തകം കൂടെയാണ്. 2500-ലധികം പേർക്കാണ് ജോലി നൽകുന്നത്. ബ്രിട്ടീഷ് കമ്പനിയായ അപാക്സ് 1500 കോടി രൂപ നിക്ഷേപിക്കുമെന്ന വാർത്തകളാണ് വീണ്ടും ഐഡി ഫ്രെഷിനെ ശ്രദ്ധേയമാക്കുന്നത്.
വയനാട്ടിൽ ജനിച്ച മുസ്തഫയുടെ പിതാവ് ഒരു കൂലിപ്പണിക്കാരനായിരുന്നു. ദിവസേന 10 രൂപ മാത്രം ദിവസ വരുമാനമുണ്ടായിരുന്ന അച്ഛനെക്കുറിച്ചും കുടംബത്തെക്കുറിച്ചുമൊക്കെ മുസ്തഫ നിരവധി തവണ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഒരിക്കൽ പഠനം പാതി വഴിയിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് പഠനം തുടർന്ന് ബിസിനസിലേക്കിറങ്ങുകയായിരുന്നു.
എൻഐടി കോഴിക്കോട്, ഐഐഎം ബെംഗളൂരു എന്നിവിടങ്ങളിലായി ആയിരുന്നു പഠനം. എൻജിനിയറിങ് ബിരുദം നേടി ആദ്യ ജോലി കിട്ടുമ്പോൾ 14000 രൂപയായിരുന്നു മാസ ശമ്പളം. പിന്നീട് വിദേശത്തും ജോലി ചെയ്തതിന് ശേഷമാണ് ഇന്ത്യയിലെത്തി ബിസിനസിലേക്കിറങ്ങുന്നത്.
ആദ്യ നിക്ഷേപകൻ അമ്മാവൻ
ചെറിയ നിക്ഷേപത്തിൽ ബെംഗളൂരുവിലെ ടിപാസന്ദ്രയിലാണ് 50 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ചെറിയ മുറി എടുത്ത് ആദ്യം ബിസിനസ് തുടങ്ങിയത്. നാലു ബന്ധുക്കളെയും ഒപ്പം കൂട്ടി. അമ്മാവൻ ആയിരുന്നു ആദ്യ നിക്ഷേപകൻ. പിന്നീട് കടം വാങ്ങിയ 50000 രൂപയിൽ നിന്നായിരുന്നു ബിസിനസ് വിപുലീകരണം. ഇന്ത്യൻ ഭക്ഷ്യവിപണിയിൽ ഗുണനിലവാരമുള്ള ഡെിടുകുക്ക് മാവുകൾ വിജയിക്കുമെന്ന ആത്മവിശ്വാസമാണ് കരുത്തായത്.
ആദ്യമൊക്കെ ഇഡലി -ദോശമാവ് അടുക്കളയിൽ ഉണ്ടാക്കി പാക്കറ്റുകളിലാക്കുകയായിരുന്നു. വിവിധ ഭക്ഷണശാലകളിലേക്കും വിൽപ്പന കേന്ദ്രങ്ങളിലേക്കും സ്കൂട്ടറിൽ മാവ് എത്തിച്ചു . വിറ്റുപോകാത്ത പാക്കറ്റുകൾ പിന്നെ തലവേദനയായി. പിന്നീടാണ്, സാങ്കേതികവിദ്യയുടെ സഹായത്തോടെ മാവ് നിർമിച്ചുതുടങ്ങിയത്. ഇതോടെ മാവ് അഴുക്കാകുന്ന പ്രശ്നത്തിന് പരിഹാരം കാണാനായി. ഇന്ന് 10 രാജ്യങ്ങളിൽ ഐഡി ഫ്രെഷ് ഇഡ്ഡലി, ദോശ മാവ് എത്തിക്കുന്നുണ്ട്.
ബ്രിട്ടീഷ് കമ്പനി ഏറ്റെടുക്കുന്നത് 25 ശതമാനം ഓഹരികൾ
പ്രേംജി ഇൻവെസ്റ്റ് ,ടിപിജി ന്യൂക്വെസ്റ്റ് എന്നീ സ്ഥാപനങ്ങൾ നേരത്തെ തന്നെ ഐഡി ഫ്രെഷിൽ പണം നിക്ഷേപിച്ചിട്ടുണ്ട്. അസിം പ്രേജിയുടെ നിക്ഷേപക സ്ഥാപനമായ പ്രേംജി ഇൻവെസ്റ്റ്മൻ്റിന് കമ്പനിയിൽ 25 -30 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളതെന്നാണ് സൂചന. 170 കോടി രൂപയുടേതായിരുന്നു ആദ്യ നിക്ഷേപം. 25 ശതമാനം ഓഹരികളാണ് ടിപിജി ന്യൂക്വെസ്റ്റ് പിന്നീട് സ്വന്തമാക്കിയത്. ബ്രിട്ടീഷ് ഇക്വിറ്റി കമ്പനിയായ അപാക്സാണ് ഐഡിഫ്രഷിൽ ഏറ്റവും പുതിയ നിക്ഷേപം പ്രഖ്യാപിച്ചത്. പ്രേജി ഇൻവെസ്റ്റ്, ടിപിജി ന്യൂക്വെസ്റ്റ് എന്നിവയുടെ പക്കൽനിന്ന് 25 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതിനായി1500 കോടി രൂപയാണ് നിക്ഷേപിക്കുക.
പഠിക്കാം & സമ്പാദിക്കാം
Home
