29 Dec 2025 12:16 PM IST
Income Tax Refund Delay : ആദായ നികുതി റീഫണ്ട് ഇങ്ങനെ വൈകാൻ കാരണമെന്താണ്? ആശങ്കയോടെ നികുതിദായകർ
MyFin Desk
Summary
ജൂലൈ 31 ന് മുമ്പ് തന്നെ റിട്ടേൺ ഫയൽ ചെയ്തിട്ടും റീഫണ്ട് കിട്ടിയില്ലെന്ന പരാതിയുമായി നികുതിദായകർ. ആദായ നികുതി റീഫണ്ട് ഇങ്ങനെ വൈകാൻ കാരണമെന്താണ്?
ആദായ നികുതി റീഫണ്ട് നടപടിക്രമങ്ങൾ വൈകുന്നതിനാൽ ആശങ്കയോടെ നികുതിദായർ. പലരുടെയും ആദായ നികുതി റിട്ടേണിൽ പൊരുത്തക്കേടുകൾ ഉള്ളതിനാൽ ആദായ നികുതി വകുപ്പ് റീഫണ്ട് താൽക്കാലികമായി തടഞ്ഞെന്ന് റിപ്പോർട്ടുകളുണ്ട്. ഇതാണ് ജൂലൈ 31 ന് മുമ്പ് റിട്ടേൺ ഫയൽ ചെയ്ത് റീഫണ്ടിനായി കാത്തിരിക്കുന്നവരെ അസ്വസ്ഥരാക്കുന്നത്.
ആദായ നികുതി റിട്ടേണിലെ പിഴവുകൾ തിരുത്തി റിവൈസ്ഡ് റിട്ടേൺ സമർപ്പിക്കാൻ ഡിസംബർ 31 വരെയാണ് സമയം. മിക്കവർക്കും ഈ ഡെഡ് ലൈന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ആദായ നികുതി വകുപ്പിൽ നിന്ന് അലേർട്ടുകൾ ലഭിച്ചത്. റിവൈസ്ഡ് റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി അടുത്തിട്ടും റീഫണ്ടും അറിയിപ്പുമില്ലാത്തതാണ് നികുതിദായകരെ പ്രകോപിപ്പിച്ചത്. മിക്കവരും സോഷ്യൽ മീഡിയയിലൂടെയും പരാതികളുമായി എത്തിയിട്ടുണ്ട്.
എന്തുകൊണ്ടാണ് അറിയിപ്പ് വൈകിയതെന്നും റിവൈസ്ഡ് റിട്ടേൺ വൈകുമെന്നും മിക്കവരും പറയുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മിക്കവർക്കും അലേർട്ടുകൾ എത്തിയത്. റീഫണ്ട് ലഭിക്കേണ്ടവരിൽ ശമ്പള വരുമാനക്കാരായ പ്രൊഫഷണലുകൾ, ചെറുകിട ബിസിനസുകാർ എന്നിവരുമുണ്ട്. ചില ഐടിആർ ഫോമിൽ മാറ്റങ്ങൾ ഉണ്ട്. 26എഎസ് ഉൾപ്പെടെയുള്ള ഫോമുകൾ, ടിഡിഎസ് വിശദാംശങ്ങൾ, കിഴിവുകൾ എന്നിവയെല്ലാം വീണ്ടും പരിശോധിച്ച ശേഷം വേണം റിട്ടേൺ സമർപ്പിക്കാൻ. റിട്ടേണിലെ ചെറിയ പിശക് പോലും റീഫണ്ട് വൈകിപ്പിക്കാം.
ക്ലെയിം നിരസിക്കാൻ കാരണമെന്താണ്?
2025 -26 സാമ്പത്തിക വർഷത്തിൽ 25 ലക്ഷം നികുതിദായകരാണ് ആദായ നികുതി റിട്ടേണുകൾ സമർപ്പിച്ചത്. 2500 കോടി രൂപയാണ് ഇവർ നകുതിയായി നൽകിയത്. അറിയിപ്പുകൾ വൈകിയ സാഹചര്യത്തിൽ റിവൈസ്ഡ് റിട്ടേൺ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നാണ് നികുതിദായകരുടെ ആവശ്യം. അതേസമയം പൊതുവെയുള്ള ബാങ്ക് അക്കൗണ്ട്- പാൻ കാർഡ് മിസ്മാച്ചുകൾ കൂടാതെ അർഹമല്ലാത്ത കിഴിവുകൾ ക്ലെയിം ചെയ്യുന്നതുൾപ്പെടെ റീഫണ്ട് നിരസിക്കാൻ കാരണമായിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് അധികൃതർ പറയുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
