image

18 Nov 2025 1:06 PM IST

Visa and Emigration

ഇന്ത്യക്കാര്‍ക്കുള്ള വിസ ഇളവ് അവസാനിപ്പിച്ച് ഇറാന്‍

Aswathy Ashok

iran ends visa exemption for indians
X

Summary

മനുഷ്യക്കടത്ത് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി


മനുഷ്യക്കടത്തും തട്ടിക്കൊണ്ടുപോകല്‍ കേസുകളും വര്‍ധിച്ച സാഹചര്യത്തിലാണ് വിസരഹിത പ്രവേശനം ഇറാന്‍ അവസാനിപ്പിച്ചത്. ഈ മാസം 22 മുതലാണ് തീരുമാനം പ്രാബല്യത്തിലാകുക. നവംബര്‍ 22 ന് ശേഷം ഇറാനില്‍ പ്രവേശിക്കുന്നതിനും ഇറാനിലൂടെ മറ്റു രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്നതിനും സാധാരണ പാസ്പോര്‍ട്ടുള്ള എല്ലാ ഇന്ത്യന്‍ യാത്രക്കാരും മുന്‍കൂട്ടി വിസ എടുക്കേണ്ടിവരും. വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാവണം യാത്രയെന്നാണ് മന്ത്രാലയം നല്‍കുന്ന മുന്നറിയിപ്പ്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ സജീവമായതായി ശ്രദ്ധയില്‍ വന്നതോടെയാണ് ഗവണ്‍മെന്റ് ഓഫ് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

തൊഴിലും മറ്റ് രാജ്യത്തേക്കുള്ള തുടര്‍ യാത്രയും വാഗ്ദാനം നല്‍കി ഇന്ത്യന്‍ പൗരന്മാരെ ഇറാനിലേക്ക് തട്ടിക്കൊണ്ട് പോയ സംഭവങ്ങള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. സാധാരണക്കാര്‍ക്ക് നല്‍കിയ വിസ രഹിത പ്രവേശനം ദുരുപയോഗം ചെയ്താണ് ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തികള്‍ നടത്തിയിരുന്നത്. ഇത്തരത്തില്‍ ഇറാനിലെത്തിയ പലരെയും മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

വിനോദസഞ്ചാരത്തിനായി ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ രാജ്യം സന്ദര്‍ശിക്കാനുള്ള പദ്ധതി 2024 ഫെബ്രുവരി 4 മുതലാണ് ഇറാന്‍ നടപ്പിലാക്കിയത്. ഇന്ത്യ, യുഎഇ, സൗദി അറേബ്യ, ഇന്തൊനീഷ്യ, ജപ്പാന്‍, സിംഗപ്പൂര്‍, മലേഷ്യ എന്നിവയുള്‍പ്പെടെ 32 രാജ്യങ്ങള്‍ക്കാണ് വിസയില്ലാതെ രാജ്യം സന്ദര്‍ശിക്കാനുള്ള പദ്ധതി ഇറാന്‍ പ്രഖ്യാപിച്ചത്.