image

2 Jan 2026 2:40 PM IST

Featured

കുതിച്ചുയർന്ന് ഇന്ത്യൻ ഓഹരി വിപണി: സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് കരുത്തിൽ

MyFin Desk

stock markets ended flat
X

Summary

Stock Market Technical Analysis : കുതിച്ചുയർന്ന് ഇന്ത്യൻ ഓഹരി വിപണി


വെള്ളിയാഴ്ച ഉച്ചയോടെ ഇന്ത്യൻ ഓഹരി വിപണി ശക്തമായ നേട്ടത്തിൽ വ്യാപാരം തുടർന്നു. ആഗോള വിപണികളിലെ പോസിറ്റീവ് സൂചനകളും വൻകിട ഓഹരികളിലെ നിക്ഷേപ താൽപ്പര്യവുമാണ് വിപണിക്ക് കരുത്തായത്. ഉച്ചയ്ക്ക് 12.30-ഓടെ സെൻസെക്സ് 475.51 പോയിന്റ് ഉയർന്ന് 85,664.11 ലെവലിലും, നിഫ്റ്റി 153.75 പോയിന്റ് നേട്ടത്തോടെ 26,300.30 ലെവലിലും എത്തി. വിദേശ നിക്ഷേപകർ ഓഹരികൾ വിറ്റഴിക്കുന്നത് തുടരുന്നുണ്ടെങ്കിലും, ആഭ്യന്തര സ്ഥാപനങ്ങളുടെ പിന്തുണയും സെക്ടർ കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും വിപണിയെ സജീവമാക്കി നിർത്തി. വിപണിയിൽ 2,183 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 1,204 ഓഹരികൾ ഇടിഞ്ഞു. 165 ഓഹരി വിലയിൽ മാറ്റമില്ല.

സാങ്കേതിക വിശകലനം

1 മണിക്കൂർ ടൈംഫ്രെയിമിൽ, ഗിഫ്റ്റ് നിഫ്റ്റി ശക്തമായ കുതിപ്പിലാണ്. ഇത് 20-ഇഎംഎയ്ക്ക് (20-EMA) മുകളിൽ വ്യാപാരം നടത്തുന്നത് വിപണിയുടെ ബുള്ളിഷ് മൊമൻ്റം സൂചിപ്പിക്കുന്നു. 26,280–26,340 നിലവാരത്തിലെ കൺസോളിഡേഷന് ശേഷമുള്ള ബ്രേക്കൗട്ട് വിപണിയിൽ കൂടുതൽ ഉയർച്ചയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. നിലവിൽ 26,300–26,320 എന്നത് ഒരു ശക്തമായ സപ്പോർട്ട് ലെവലാണ്. വരും മണിക്കൂറുകളിൽ നിഫ്റ്റി 26,480–26,550 വരെ ഉയരാൻ സാധ്യതയുണ്ട്. 26,280-ന് താഴേക്ക് പോയാൽ മാത്രമേ വിപണിയിൽ താൽക്കാലിക ബലഹീനത പ്രതീക്ഷിക്കേണ്ടതുള്ളൂ.

മികച്ച പ്രകടനം കാഴ്ചവെച്ച ഓഹരികൾ

നിഫ്റ്റി 50യിൽ ഹിൻഡാൽകോ, കോൾ ഇന്ത്യ, ഭാരത് ഇലക്ട്രോണിക്സ് എന്നീ ഓഹരികൾ മെറ്റൽ-പി.എസ്.യു കരുത്തിൽ 2 ശതമാനം വരെ ഉയർന്നു. എന്നാൽ ഐ.ടി.സി (ITC), ബജാജ് ഓട്ടോ എന്നിവ 4 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. ഐ.ടി.സി, ഓറിയന്റ് ടെക്നോളജീസ്, ഗോഡ്ഫ്രെ ഫിലിപ്സ്, ഹിന്ദുസ്ഥാൻ കോപ്പർ എന്നീ ഓഹരികളിൽ ഉയർന്ന വ്യാപാരം (Volume) രേഖപ്പെടുത്തി.

സെക്ടറുകളുടെ പ്രകടനം

ഓട്ടോ, മെറ്റൽ, പി.എസ്.യു ബാങ്ക്, മീഡിയ, റിയൽറ്റി സൂചികകൾ 0.5 മുതൽ 1 ശതമാനം വരെ നേട്ടമുണ്ടാക്കി. പാസഞ്ചർ വാഹന വിൽപ്പനയിലെ 25.8% വളർച്ചയുടെ കരുത്തിൽ ഓട്ടോ സൂചിക തുടർച്ചയായ നാലാം ദിവസവും മുന്നേറി. ബാങ്കിംഗ്, എനർജി മേഖലകളും കരുത്ത് കാട്ടിയപ്പോൾ,എഫ് എംസിജി 1 ശതമാനം ഇടിഞ്ഞു. ഐ.ടി, കയറ്റുമതി മേഖലകൾ നേരിയ തളർച്ച കാണിച്ചു. മിഡ്‌ക്യാപ്, സ്മോൾക്യാപ് സൂചികകളും പച്ചപ്പിലാണ്.

ബാങ്ക് നിഫ്റ്റി

ബാങ്കിംഗ് ഓഹരികളാണ് ഇന്നത്തെ വ്യാപാരത്തിലെ താരം. ബാങ്ക് നിഫ്റ്റി 0.73 ശതമാനം ഉയർന്ന് 60,152.35 എന്ന റെക്കോർഡ് നിലവാരത്തിലെത്തി. നിഫ്റ്റി പി.എസ്.യു ബാങ്ക് (1.08%), നിഫ്റ്റി പ്രൈവറ്റ് ബാങ്ക് (0.56%) എന്നിവയും പുതിയ ചരിത്രനേട്ടം കുറിച്ചു. യെസ് ബാങ്ക് 3 ശതമാനത്തിലധികം ഉയർന്നപ്പോൾ യൂണിയൻ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, പി.എൻ.ബി എന്നിവയും ലാഭത്തിലാണ്.

വിപണി എങ്ങനെ?

ദക്ഷിണ കൊറിയ, ചൈന, ഹോങ്കോംഗ് തുടങ്ങിയ ഏഷ്യൻ വിപണികളിലെ മുന്നേറ്റവും യുഎസ് ഫ്യൂച്ചറുകളിലെ ലാഭവും ഇന്ത്യൻ വിപണിക്ക് ഉണർവേകി. രൂപയുടെ മൂല്യം ഡോളറിനെതിരെ 89.92 എന്ന നിലയിൽ മെച്ചപ്പെട്ടതും ആശ്വാസമായി. വരാനിരിക്കുന്ന കമ്പനികളുടെ പാദഫലങ്ങളും യൂണിയൻ ബജറ്റും വിപണിയിൽ വലിയ പ്രതീക്ഷകൾ നൽകുന്നുണ്ട്. വരും ദിവസങ്ങളിലും വിപണി പോസിറ്റീവ് ആയി തുടരാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു.