image

20 Dec 2022 8:30 AM GMT

Technology

എന്‍എഫ്ടി ലോകത്ത് തിളങ്ങാന്‍ മലയാള സിനിമകള്‍, ഒരുങ്ങുന്നത് നിരവധി അവസരങ്ങള്‍

MyFin Bureau

nft film industries
X

Summary

  • വ്യത്യസ്ത രീതികളില്‍ എന്‍എഫ്ടി വിപണിയെ നമുക്ക് സിനിമ മേഖലയില്‍ പ്രയോജനപ്പെടുത്താവുന്നതാണ്


പുതിയ സംരംഭം തേടുന്ന തുടക്കക്കാര്‍ക്കും നൂതന സംരംഭങ്ങള്‍ ഇഷ്ടപ്പെടുന്ന ബിസിനസുകാര്‍ക്കും സിനിമ മേഖലയില്‍ തുറന്നുകിടക്കുന്ന എന്‍എഫ്ടി വിപണിയെ കുറിച്ച് അറിയാന്‍ വായിക്കൂ

എന്താണ് എന്‍എഫ്ടി

ഡിജിറ്റല്‍ സാധനങ്ങളുടെ ഉടമസ്ഥാവകാശം ക്രിപ്റ്റോഗ്രാഫിക്കായി നല്‍കാനും തെളിയിക്കാനും കഴിയുന്ന ഒറ്റ ഐഡന്റിഫയര്‍ ആണ് നോണ്‍ ഫഞ്ചിബിള്‍ ടോക്കണ്‍ അഥവാ എന്‍എഫ്ടി. ക്രിപ്റ്റോഗ്രാഫികള്‍ക്കായി ഉപയോഗിക്കുന്ന അതേ തരത്തിലുള്ള പ്രോഗ്രാമിംഗ് ഉപയോഗിച്ചാണ് എന്‍എഫ്ടി സൃഷ്ടിക്കപ്പെടുന്നത്.

ഈ ക്രിപ്റ്റോഗ്രാഫിക് അസറ്റുകള്‍ ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാല്‍, മറ്റ് ക്രിപ്റ്റോഗ്രാഫിക് അസറ്റുകളെ പോലെ എന്‍എഫ്ടി കൈമാറ്റം ചെയ്യാനോ തുല്യമായി ട്രേഡ് ചെയ്യാനോ കഴിയില്ല. കാരണം, ഒരു എന്‍എഫ്ടിക്ക് അതിന്റേതായ അതുല്യമായ ഗുണങ്ങള്‍ ഉള്ളതിനാല്‍ അതിനെ മാറ്റി സ്ഥാപിക്കാനോ പരസ്പരം മാറ്റാനോ കഴിയില്ല.

നിങ്ങള്‍ സൃഷ്ടിക്കുന്ന അല്ലെങ്കില്‍ നിങ്ങളുടെ കൈവശം വെച്ചിരിക്കുന്ന ഒറ്റ ഇനം ഒരു എന്‍എഫ്ടി ആയി നിങ്ങള്‍ക്ക് എന്‍എഫ്ടി മാര്‍ക്കറ്റ്പ്ലേസില്‍ ഇടാനും, മറ്റുള്ളവര്‍ക്ക് അത് ശേഖരിക്കാനും സാധിക്കുന്നു. ഒരു ഉദാഹരണത്തിലൂടെ പറയുകയാണെങ്കില്‍, കെഎസ് ചിത്ര ആലപിച്ച ഒരു ഗാനം, അത് മറ്റാര്‍ക്ക് വേണമെങ്കിലും ഏറ്റു പാടാം.

എന്നാല്‍, കെഎസ് ചിത്ര ആലപിച്ച ഒറിജിനല്‍ ഗാനത്തിന്റെ മൂല്യം എപ്പോഴും ഉയര്‍ന്നുതന്നെ നില്‍ക്കും. ഈ ഗാനം നമുക്ക് എന്‍എഫ്ടി പ്ലാറ്റ്ഫോം ഉപയോഗിച്ച് വില്‍പ്പന നടത്താവുന്നതാണ്. അതായത്, നമുക്ക് വരികള്‍ നല്‍കി കെഎസ് ചിത്രയെ കൊണ്ട് ഒരു ഗാനം പാടിപ്പിക്കാന്‍ കഴിഞ്ഞാല്‍, ആ ഗാനം നമുക്ക് എന്‍എഫ്ടി പ്ലാറ്റ്ഫോം വഴി വിവിധ ആവശ്യങ്ങള്‍ക്കായി വില്‍പ്പന നടത്താവുന്നതാണ്.

കെഎസ് ചിത്രയുടെ ശബ്ദമാണ് ആ എന്‍എഫ്ടിയുടെ മൂല്യം. വലിയ വാണിജ്യ ഭാവിയാണ് ഈ മേഖലയില്‍ കാണുന്നത്. ഇതുപോലെ, ഒന്നിന് മറ്റൊന്ന് പകരമാക്കാന്‍ കഴിയാത്ത ഡിജിറ്റല്‍ ആസ്തികളെ നോണ്‍ ഫഞ്ചിബിള്‍ ടോക്കണ്‍ എന്ന് വിളിക്കുന്നു.

ക്രിപ്റ്റോഗ്രാഫിക് ടോക്കണുകള്‍ ഉപയോഗിച്ച് ഡിജിറ്റല്‍ ഇനങ്ങളുടെ മൂല്യവും വിലയും നിര്‍ണയിക്കാവുന്നതാണ്. എന്‍എഫ്ടികളെ ആധുനികകാലത്തെ ശേഖരണങ്ങളായും ഭാവിയിലേക്ക് തുറന്നുകടക്കുന്ന ഒരു വലിയ മാര്‍ക്കറ്റ്പ്പേസ് ആയും കാണാം.



എന്‍എഫ്ടിയുടെ വിപണി

എന്‍എഫ്ടി വ്യക്തികളെ അവരുടെ സ്വന്തം സൃഷ്ടികള്‍ വലിയൊരു വിപണിയില്‍ വില്‍ക്കാന്‍ പ്രാപ്തരാക്കുന്നു. അല്ലെങ്കില്‍, നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് സംരംഭങ്ങള്‍ തുടങ്ങാന്‍ പദ്ധതിയിടുന്ന സംരംഭകര്‍ക്ക് ഒരു പുതിയ മേഖല എന്‍എഫ്ടിയിലൂടെ തുറന്നുകിടക്കുന്നു. എന്‍എഫ്ടി ഇപ്പോള്‍ ആര്‍ട്ടിസ്റ്റുകള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.

ഒരു ആര്‍ട്ട് ഡീലറുടെ ഇടപെടലോ, ഗാലറിയോ ഇല്ലാതെ ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് അവരുടെ കലാസൃഷ്ടിയെ പ്രദര്‍ശിപ്പിക്കുന്നതിനും വില്‍ക്കുന്നതിനും എന്‍എഫ്ടി മാര്‍ക്കറ്റ്പ്ലേസ് ഉപയോഗിച്ച് സാധ്യമാണ്.

ഇവിടെയും ഒരു ബിസിനസ് ആശയമാണ് തെളിഞ്ഞു കാണുന്നത്. അതായത്, ഒരു കലാകാരന്റെ കലാസൃഷ്ടി അതിന്റെ മൂല്യം നല്‍കി നമുക്ക് വാങ്ങാവുന്നതാണ്. തുടര്‍ന്ന്, ആ ഡിജിറ്റല്‍ പ്രോഡക്റ്റിന്റെ ഉടമസ്ഥാവകാശം ലഭിച്ച ശേഷം, നമുക്ക് ആ പ്രോഡക്സ് ലാഭകരമായ ഒരു വിലക്ക് എന്‍എഫ്ടി മാര്‍ക്കറ്റ്പ്ലേസില്‍ മറിച്ച് വില്‍ക്കാവുന്നതാണ്. അനന്തമായ വിപണിയാണ് ഈ മേഖലയില്‍ കാണാന്‍ കഴിയുന്നത്.

എന്‍എഫ്ടിയും സിനിമയും

എന്‍എഫ്ടി ഭാവിയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്താന്‍ പോകുന്ന മേഖലയാണ് സിനിമ. ഇന്ത്യയുടെ സിനിമ പ്രേമം തന്നെയാണ് എന്‍എഫ്ടി പ്ലാറ്റ്ഫോമുകള്‍ മുന്നില്‍ കാണുന്നത്. എന്‍എഫ്ടി ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് സിനിമ അവകാശങ്ങള്‍ വാങ്ങാനും വില്‍ക്കാനും നിര്‍മാതാക്കളെയും പ്രൊഡക്ഷന്‍ ഹൗസുകളെയും അനുവദിക്കുന്നു.

വ്യത്യസ്ത രീതികളില്‍ എന്‍എഫ്ടി വിപണിയെ നമുക്ക് സിനിമ മേഖലയില്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ആദ്യം നമുക്ക് ഇപ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ പ്രായോഗികമായിട്ടുള്ള എന്‍എഫ്ടി വിപണിയെ കുറിച്ച് അറിയാം. കഴിഞ്ഞ കാലങ്ങളില്‍ നിന്ന് ഇന്ന് ഇന്ത്യന്‍ സിനിമ ഒരുപാട് മാറിയിട്ടുണ്ട്, അതില്‍ ഏറ്റവും പ്രത്യക്ഷമായി നില്‍ക്കുന്നതാണ് സിനിമകളുടെ പ്രൊമോഷനില്‍ വന്ന മാറ്റങ്ങള്‍.

അണിയറ പ്രവര്‍ത്തകരുടെയോ അഭിനേതാക്കളുടെയോ കുറച്ച് അഭിമുഖങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന പ്രൊമോഷനുകള്‍, ഇന്ന് ഓരോ ദിവസവും പുതിയ വ്യത്യസ്ത വഴികള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍, മോഷന്‍ പോസ്റ്റര്‍, ക്യാരക്റ്റര്‍ പോസ്റ്റര്‍, ടീസര്‍, ട്രൈലെര്‍, സ്നീക് പീക്, ഗാനങ്ങള്‍ എന്നിങ്ങനെ തുടങ്ങി വിവിധ മാര്‍ഗങ്ങളിലൂടെയാണ് ഇന്ന് സിനിമ പ്രവര്‍ത്തകര്‍ അവരുടെ സിനിമ കാണാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്.

മേല്‍പ്പറഞ്ഞ ഇത്തരം കാര്യങ്ങള്‍ ആളുകളില്‍ സിനിമകള്‍ കാണാനുള്ള ജിജ്ഞാസ വര്‍ധിപ്പിക്കുന്നു. ആളുകളുടെ ജിജ്ഞാസയും സിനിമകളോടും അഭിനേതാക്കളോടും ഉള്ള ഇഷ്ടവുമാണ് സിനിമ മേഖലയില്‍ എന്‍എഫ്ടി വിപണിയുടെ മുതല്‍ക്കൂട്ട്.

മാത്രമല്ല, സിനിമകളില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ പിന്നീട് എന്‍എഫ്ടി ആയി വില്‍ക്കാവുന്നതാണ്. ഇതെല്ലാം സിനിമയില്‍ നിന്ന് കൂടുതല്‍ ധനസമ്പാദനം നടത്താനുള്ള മാര്‍ഗങ്ങളാണ്. കൂടാതെ, ഭാവിയില്‍ ചലച്ചിത്ര വിതരണ അവകാശം എന്‍എഫ്ടി ആയി മാറ്റുന്നതും ഒരു സാധ്യതയാണ്.




പ്രൊമോഷനിലൂടെ പണം നേടാം: സിനിമ പ്രൊമോഷന്‍ ഇനി എന്‍എഫ്ടിയിലൂടെ

റിലീസിന് ഒരുങ്ങുന്ന സിനിമകളുടെ പ്രൊമോഷന് വേണ്ടി നമുക്ക് എന്‍എഫ്ടി വിപണി ഉപയോഗിക്കാവുന്നതാണ്. സാധാരണ പ്രൊമോഷന് പണം ചെലവഴിക്കുകയാണ് പതിവെങ്കില്‍, ഇവിടെ പണം ലഭിക്കുകയാണ് ചെയ്യുന്നത്. അതായത്, സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ക്കായി ആരാധകര്‍ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്.

ഇത്തരം ചിത്രങ്ങളുടെ പ്രൊമോഷന്‍ പരിപാടികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ആരംഭിക്കുന്നതിന് മുന്‍പ്, ആ സിനിമയുടെ ചില എസ്‌ക്ലൂസീവ് പോസ്റ്ററുകളും മറ്റും എന്‍എഫ്ടി പ്ലാറ്റ്ഫോം വഴി വില്‍പ്പനക്ക് വെച്ചാല്‍, ആ എന്‍എഫ്ടി പ്രോഡക്റ്റിന് പറയുന്ന മൂല്യം നല്‍കി ആളുകന്‍ വാങ്ങാന്‍ തയ്യാറാകും.

ഒരു ഉദാഹരണം പറയുകയാണെങ്കില്‍, സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ തന്നെ നായകനായി എത്തുന്ന ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേറ്റില്‍ ആണ്. ഈ ചിത്രത്തിനായി ലോകമെമ്പാടുമുള്ള മലയാള സിനിമ പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ഈ വേളയില്‍ ചിത്രത്തിലെ എക്സ്‌ക്ലൂസീവ് ആയ ഒരു പോസ്റ്ററോ അല്ലെങ്കില്‍ ഒരു വീഡിയോ ക്ലിപ്പോ എന്‍എഫ്ടി പ്ലാറ്റ്ഫോമില്‍ വിതരണം ചെയ്താല്‍, ആ എന്‍എഫ്ടിക്ക് ആവശ്യപ്പെടുന്ന മൂല്യം നല്‍കി അത് വാങ്ങാന്‍ ആളുകള്‍ ഉണ്ടാകും. ഇവിടെ നമുക്ക് സിനിമയുടെ പ്രമോഷന്‍ പോലും വാണിജ്യപരമായി ഉപയോഗിക്കാന്‍ സാധിക്കുന്നു.

ഇന്ത്യന്‍ സിനിമയിലെ എന്‍എഫ്ടി ശേഖരണങ്ങള്‍

ഇന്ത്യന്‍ സിനിമ ആരാധകര്‍ അഭിനേതാക്കളെ വളരെയധികം ഇഷ്ടപ്പെടുന്നവരാണ്. ആരാധകരുടെ ഈ ഇഷ്ടത്തെയും എന്‍എഫ്ടി വിപണിയില്‍ വാണിജ്യപരമായി ഉപയോഗിക്കാം. എന്‍എഫ്ടി ഇപ്പോള്‍ തന്നെ ഇന്ത്യന്‍ സിനിമ മേഖലയില്‍ വരവറിയിച്ചിട്ടുണ്ട്. അമിതാഭ് ബച്ചനെ കേന്ദ്രകഥാപാത്രത്തില്‍ അവതരിപ്പിച്ച് ടി സീരീസ് നിര്‍മിച്ച ചിത്രമാണ് Jhund.

ഓദ്യോഗിക കണക്ക് പ്രകാരം 22 കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തിന് 29.6 കോടി രൂപയാണ് ബോക്സ് ഓഫീസ് കളക്ഷന്‍ ലഭിച്ചത്. എന്നാല്‍, യുഎസ് ആസ്ഥാനമായുള്ള എന്‍എഫ്ടി പ്ലാറ്റ്ഫോമായ Superstar Xchangeമായി സഹകരിച്ച് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ രണ്ട് എന്‍എഫ്ടികള്‍ സൃഷ്ടിച്ചു.

അതായത്, എന്‍എഫ്ടി പ്ലാറ്റ്ഫോം വഴി ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പ്, ചിത്രത്തിന്റെ രണ്ട് എക്സ്‌ക്ലൂസിവ് പോസ്റ്ററുകള്‍ എന്‍എഫ്ടിയില്‍ ലോഞ്ച് ചെയ്യുകയായിരുന്നു.

2,15,000 രൂപയാണ് ഈ രണ്ട് എന്‍എഫ്ടികള്‍ക്ക് ലഭിച്ച വില. സിനിമ മേഖലയിലെ മറ്റൊരു എന്‍എഫ്ടി സാധ്യതയാണ്, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ജീവിതകഥ ചിത്രമാക്കിയ '83' ന്റെ നിര്‍മാതാക്കള്‍ പ്രയോജനപ്പെടുത്തിയത്.

സിനിമയില്‍ ഉപയോഗിച്ച ഓട്ടോഗ്രാഫ് ചെയ്ത ഫിസിക്കല്‍ ക്രിക്കറ്റ് സ്മരണികകള്‍, ആനിമേറ്റഡ് ഡിജിറ്റല്‍ അവതാറുകള്‍, വീഡിയോ ദൃശ്യങ്ങള്‍, ചിത്രത്തിന്റെ പരസ്യമാക്കാത്ത ചില പോസ്റ്ററുകള്‍ ഉള്‍പ്പെടെ 83 ശേഖരണങ്ങളുടെ ഒരു പരമ്പരയാണ് എന്‍എഫ്ടി പ്ലാറ്റ്ഫോമില്‍ പുറത്തിറക്കിയത്.

എന്‍എഫ്ടി മാര്‍ക്കറ്റ്പ്ലേസായ Social Swagല്‍ '83' എന്ന ചിത്രത്തിലെ ഈ ശേഖരണങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ 10 ലക്ഷം രൂപയുടെ വില്‍പ്പനയാണ് നടത്തിയത്. ഈ വസ്തുതകള്‍ എല്ലാം ഹൈലൈറ്റ് ചെയ്തു കാണിക്കുന്നത് സിനിമ മേഖലയിലെ എന്‍എഫ്ടി മാര്‍ക്കറ്റ്പ്ലേസിന്റെ അനന്തമായ വിപണിയാണ്.

മലയാള സിനിമയിലെ എന്‍എഫ്ടി ശേഖരണങ്ങള്‍

തീര്‍ച്ചയായും മലയാള സിനിമയിലും നിര്‍മ്മാണ വ്യവസായികള്‍ക്ക് എന്‍എഫ്ടി പ്രയോജനപ്പെടുത്തി വാണിജ്യപരമായി കൂടുതല്‍ സാമ്പത്തിക നേട്ടം കൊയ്യാവുന്നതാണ്. മേല്‍പ്പറഞ്ഞ ഉദാഹരണങ്ങളെല്ലാം വളരെ അടുത്തകാലത്തായി നടന്നതുകൊണ്ടാണ് ആദ്യം സൂചിപ്പിച്ചത്. എന്നാല്‍, എന്‍എഫ്ടി വിപണിയുടെ സാധ്യത ബോളിവുഡ് സിനിമകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല.

മാത്രമല്ല, എന്‍എഫ്ടി വിപണിയിലേക്ക് ആദ്യമായി പ്രവേശിച്ച സിനിമ, ഒരു മലയാള സിനിമയാണ് എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. 2021ല്‍ പുറത്തിറങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ നിര്‍മിക്കുകയും നായകനായി അഭിനയിക്കുകയും ചെയ്തു ചിത്രമായ 'കുറുപ്പ്' ആണ് എന്‍എഫ്ടി ശേഖരണമുള്ള ആദ്യ ഇന്ത്യന്‍ സിനിമയായത്.

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പായി, ദുല്‍ഖര്‍ സല്‍മാനും സംവിധായകനും ഒപ്പിട്ട ചിത്രത്തിന്റെ പോസ്റ്റര്‍, ഡിജിറ്റല്‍ ആര്‍ട്ട് വര്‍ക്ക്, എംബഡഡ് മ്യൂസിക് വീഡിയോ തുടങ്ങിയവ അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Ammbr എന്ന എന്‍എഫ്ടി മാര്‍ക്കറ്റ്പ്ലേസ് വഴി ലോഞ്ച് ചെയ്യുകയായിരുന്നു.

എന്‍എഫ്ടി ശേഖരണമുള്ള ആദ്യ ഇന്ത്യന്‍ സിനിമ 'കുറുപ്പ്' ആണെങ്കിലും, ആര്‍ മാധവന്‍ അഭിനയിക്കുകയും നിര്‍മിക്കുകയും ചെയ്ത Rocktery - The Nambi Effect പതിനായിരം എന്‍എഫ്ടികള്‍ അവകാശപ്പെട്ട ആദ്യ ഇന്ത്യന്‍ സിനിമയായി ചരിത്രം സൃഷ്ടിച്ചു.

ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം പറയുന്ന ചിത്രം ഇന്ത്യന്‍ സിനിമ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ സൃഷ്ടിച്ചിരുന്നു, ഇതിന്റെ പ്രതിഫലനമാണ് ചിത്രത്തിന്റെ എന്‍എഫ്ടികളില്‍ കണ്ട കുത്തൊഴുക്ക്.

VistaVerse എന്ന പ്ലാറ്റ്ഫോമുമായി സഹകരിച്ചാണ് Rocktery - The Nambi Effect എന്‍എഫ്ടികള്‍ മെറ്റാവേഴ്സില്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ മള്‍ട്ടിപ്ലെക്സ് ശൃംഖലയായ ജഢഞ ഇശിലാമെ 2022 മാര്‍ച്ചില്‍ റിലീസ് ചെയ്ത പിരീഡ് ഡ്രാമ ചിത്രം RRR നായി ഒരു എക്സ്‌ക്ലുസീവ് എന്‍എഫ്ടി ശേഖരം പുറത്തിറക്കിയിരുന്നു.

ഫിലിം എക്സിബിഷന്‍ പ്രമുഖരായ PVR Limited, RRR ന്റെ നിര്‍മാതാക്കളായ ഡിവിവി എന്റര്‍ടൈന്‍മെന്റുമായി സഹകരിച്ച് ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പ് PVRRR എന്ന മൂവി എന്‍എഫ്ടി പുറത്തിറക്കുകയായിരുന്നു. RRRന്റെ സംവിധായകന്‍ എസ്എസ് രാജമൗലിയും, ചിത്രത്തിലെ നായകന്മാരായ രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, നായിക ആലിയ ഭട്ട് ഉള്‍പ്പെടെയുള്ള പ്രധാന അഭിനേതാക്കള്‍ ഒപ്പിട്ട 300ഓളം ഡിജിറ്റല്‍ ശേഖരണങ്ങളും സിനിമയില്‍ ഉപയോഗിച്ച വസ്തുക്കളും ആണ് ആരാധകര്‍ക്ക് ലഭ്യമാക്കുന്ന രീതിയില്‍ PVR ന്റെ ദക്ഷിണേന്ത്യന്‍ സിനിമ ശൃംഖലയായ SPI സിനിമാസിന്റെ ഓദ്യോഗിക വെബ്സൈറ്റില്‍ അവതരിപ്പിച്ചത്.

പുതിയ കാലത്ത് പണം സമ്പാദിച്ചുകൊണ്ടുള്ള സിനിമ പ്രമോഷന്‍ രീതിയാണ് PVR 'PVRRR' എന്ന അവരുടെ നൂതന ആശയത്തിലൂടെ അവതരിപ്പിച്ചത്.

മലയാള സിനിമ താരങ്ങളുടെ എന്‍എഫ്ടി ശേഖരണങ്ങള്‍

ഡിജിറ്റല്‍ ലോകത്തിന്റെ ഭാവിയായി കരുതുന്ന മെറ്റാവേഴ്സ് ലോകത്ത് എന്‍എഫ്ടിയാകും താരം എന്ന കാര്യം തീര്‍ച്ചയാണ്. സിനിമ മേഖലയിലെ എന്‍എഫ്ടി വിപണി സിനിമയുമായി മാത്രം ബന്ധപ്പെട്ട് നില്‍ക്കുന്നതല്ല, മറിച്ച് അതില്‍ അഭിനേതാക്കളെ ബന്ധപ്പെടുത്തിയുള്ള സാധ്യതകളും വളരെ വലുതാണ്.

ഉദാഹരണത്തിന്, 2021ല്‍ നടി റിമ കല്ലിങ്കല്‍ അവരുടെ സുഹൃത്തുക്കളുമായി ഒന്നിച്ച് The Insurgent Bloom എന്ന ഒരു ആര്‍ട്ട് വര്‍ക്ക് എഥേറിയം അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റ്പ്ലേസായ Foundation വഴി വില്‍പ്പന നടത്തിയിരുന്നു.

ഇത്തരം ആര്‍ട്ട് വര്‍ക്കുകള്‍ ക്രിപ്റ്റോ ടോക്കണുകള്‍ ഉപയോഗിച്ച് ഉടമസ്ഥാവകാശം സ്വന്തമാക്കി, സ്വന്തം ശേഖരണത്തില്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്വന്തം ശേഖരണത്തില്‍ സൂക്ഷിക്കാവുന്നതും, അല്ലെങ്കില്‍ വാണിജ്യപരമായി കാണുന്നവര്‍ക്ക് ഇത്തരം എന്‍എഫ്ടികളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കി, അതിന്റെ മൂല്യം വര്‍ധിപ്പിച്ച് മറ്റൊരാള്‍ക്ക് ഉടമസ്ഥാവകാശം കൈമാറാവുന്നതാണ്.

2022 ഏപ്രിലില്‍ നടന്‍ പ്രിത്വിരാജ് എന്‍എഫ്ടി മാര്‍ക്കറ്റ്പ്ലേസായ Foundationല്‍ നിന്ന് ലക്ഷ്മി മാധവന്റെ I spy with my little eye എന്ന ക്രിപ്റ്റോ ആര്‍ട്ട് സ്വന്തമാക്കിയിരുന്നു. ഇതില്‍ നിന്ന് കേരളത്തിലും ആളുകള്‍ ക്രിപ്റ്റോ ആര്‍ട്ട് സ്വന്തമാക്കാന്‍ താല്‍പ്പര്യപ്പെടുന്നു എന്ന് വ്യക്തമാകുന്നു. ഇത്തരത്തില്‍ വലിയൊരു ബിസിനസ് ലോകമാണ് സിനിമ മേഖലയില്‍ എന്‍എഫ്ടി പ്ലാറ്റ്ഫോം തുറന്നിടുന്നത്.

പുതിയ സംരംഭം തേടുന്ന തുടക്കക്കാര്‍ക്കും, നൂതന സംരംഭങ്ങള്‍ ഇഷ്ടപ്പെടുന്ന ബിസിനസ്‌കാര്‍ക്കും സിനിമ മേഖലയില്‍ എന്‍എഫ്ടിയുടെ വലിയൊരു വിപണി തുറന്നു കിടക്കുന്നുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ എന്‍എഫ്ടി മൂവി മാര്‍ക്കറ്റ് പ്ലേസ്; എന്‍എഫ്ടിയുടെ പ്രവര്‍ത്തനം

അവസാനമായി, എന്‍എഫ്ടിയുടെ പ്രവര്‍ത്തനം എങ്ങനെയാണ് എന്നതിനെ കുറച്ച് അടിസ്ഥാനപരമായ കാര്യങ്ങളും അറിഞ്ഞുവെക്കാം. Foundation, SuperRare, Nitfy Gateway, OpenSea, Rarible തുടങ്ങി നിരവധി എന്‍എഫ്ടി മാര്‍ക്കറ്റ്പ്ലേസുകള്‍ ഇന്ന് ആര്‍ട്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം, ഇന്ത്യയിലെ ആദ്യത്തെ എന്‍എഫ്ടി മൂവി മാര്‍ക്കറ്റ്പ്ലേസ് Oracle Movies ആണ്.

വ്യവസായിയായ സെന്തില്‍ നായഗവും ചലച്ചിത്ര നിര്‍മ്മാതാവ് ജികെ തിരുനാവുക്കരുശുവും ചേര്‍ന്നാണ് Oracle Movies കൊണ്ടുവന്നത്. ഒരു വില്‍പ്പനയില്‍ എന്‍എഫ്ടി പ്ലാറ്റ്ഫോം സാധാരണയായി ഒരു സര്‍വീസ് ഫീസ് (കമ്മീഷനു തുല്യം) ഈടാക്കുന്നു, അത് വില്‍പ്പനക്കാരന്‍ വില്‍പ്പന വിലയില്‍ ഉള്‍പ്പെടുത്താവുന്നതാണ്. മാത്രമല്ല, ഡിജിറ്റല്‍ അസറ്റുകള്‍ക്ക് സംസ്ഥാന വില്‍പ്പന നികുതി ബാധകമാകാന്‍ സാധ്യതയില്ല.

പരമ്പരാഗത ആര്‍ട്ട് മാര്‍ക്കറ്റ് ഇടപാടുകളില്‍ നിന്ന് വ്യത്യസ്തമായി ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയിലൂടെ ഡിജിറ്റല്‍ ആര്‍ട്ട് വില്‍ക്കുന്നതിന്റെ ഒരു നേട്ടം, ഉടമക്ക് തിരികെ ലഭിക്കുന്ന ഓട്ടോമേറ്റഡ് റീസെയില്‍ റോയല്‍റ്റിയാണ്. ഒരേ പ്ലാറ്റ്ഫോമിലൂടെ എന്‍എഫ്ടി ആര്‍ട്ട് വീണ്ടും വില്‍ക്കുമ്പോള്‍ മാത്രമേ ഓട്ടോമേറ്റഡ് റീസെയില്‍ റോയല്‍റ്റി പ്രവര്‍ത്തിക്കൂ.

പിന്നീടുള്ള എല്ലാ സെക്കണ്ടറി മാര്‍ക്കറ്റ് വില്‍പ്പനകള്‍ക്ക് 10 ശതമാനം റോയല്‍റ്റി വിതരണം ചെയ്യും. ബ്ലോക്ക്്ചെയിന്‍ സാങ്കേതികവിദ്യ, സ്മാര്‍ട്ട് കരാറുകള്‍ വാഗ്ദാനം ചെയുന്നു. അതായത്, ഉടമകള്‍ക്ക് അവരുടെ സ്വന്തം സ്മാര്‍ട്ട് കരാറുകള്‍ നിര്‍മിക്കാവുന്നതാണ്. എന്‍എഫ്ടി മാര്‍ക്കറ്റ് ജനപ്രീതി നേടുംതോറും, സിനിമ മേഖലയുമായി ബന്ധപ്പെടുത്തി ഈ അവസരത്തെ സംരംഭകര്‍ക്ക് പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.

(ലേഖകര്‍: ഡോ. പ്രേം ശങ്കര്‍, മഹമ്മദ് നിഷാദ്)