8 Dec 2025 10:47 AM IST
Indigo Crisis : കാർമേഘത്തിൻ്റെ ഇരുളിൽ ഇന്ത്യൻ വ്യോമയാന മേഖല; ഇൻഡിഗോയുടെ പ്രതിസന്ധി പറയുന്നത് എന്താണ്?
MyFin Desk
Summary
ഇൻഡിഗോയുടെ കനത്ത പ്രതിസന്ധിക്ക് പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണ്?
20 വർഷത്തെ ചരിത്രത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ് ഇൻഡിഗോ.ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ പൈലറ്റുമാരുടെ അഭാവം മൂലം ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കിയത് പതിനായിരക്കണക്കിന് യാത്രക്കാരെ പ്രതിസന്ധിയിലാക്കി. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന വിപണിയാണ് ഇന്ത്യ. പക്ഷേ എപ്പോഴും പ്രശ്നങ്ങൾ. ഇന്ത്യയിലെ മിക്ക വിമാനക്കമ്പനികളും കടക്കെണിയിലുമാണ്.
ഒരു ദിവസം ഏതാണ്ട് 2,200 വിമാന സർവീസുകളാണ് ഇൻഡിഗോക്കുള്ളത്. 2,357 ക്യാപ്റ്റൻമാരും 2,194 ഫസ്റ്റ് ഓഫീസർമാരുമുണ്ട്. 4,551 പൈലറ്റുമാരുണ്ട്. എന്നാൽ 124 പൈലറ്റുമാർ ഇല്ലാതെ വന്നത് വ്യോമയാന മേഖലയെ സ്തംഭിപ്പിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയത് എങ്ങനെയാണ്? ഏവിയേഷൻ മേഖലയിൽ 65 ശതമാനം ആഭ്യന്തര വിപണി വിഹിതമുള്ള ഇൻഡിഗോക്ക് വ്യോമയാന മേഖലയിലുള്ള സ്ഥാനം കാണാതിരിക്കാനാകില്ല. കുറഞ്ഞ നിരക്കുകളും സമയനിഷ്ഠയും കൊണ്ട് ശ്രദ്ധേയമായ എയർലൈനാണ് ഇപ്പോൾ ഈ കനത്ത പ്രതിസന്ധി നേരിടുന്നത്. പൊടുന്നനെയുണ്ടായ പൈലറ്റുമാരുടെ കുറവാണ് ഇൻഡിഗോയെ പ്രതിസന്ധിയിലാക്കിയത്. 2,000 വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നു.
ടെർമിനലുകളിൽ ലഗേജുകൾ കുന്നുകൂടുന്നതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറയുന്നു.
യഥാർഥത്തിൽ ഇന്ത്യയിലെ ഏവിയേഷൻ കമ്പനികൾ പലതും അധികം വൈകാതെ ഈ സ്ഥിതി അഭിമുഖീകരിക്കേണ്ടി വരാം. 2025 സാമ്പത്തിക വർഷത്തിൽ 5500 കോടി രൂപയുടേതാണ് നഷ്ടം. 2026 സാമ്പത്തിക വർഷത്തിൽ 10500 കോടി ഡോളർ വരെയാണ് മൊത്തം നഷ്ടം പ്രതീക്ഷിക്കുന്നത്. വിമാനങ്ങളുടെ പ്രവർത്തന ചെലവിന് അനുസരിച്ച് യാത്രക്കാരുടെ വളർച്ച കുറയുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങൾ പ്രതിസന്ധിയാകുന്നുണ്ട്. എന്നാൽ 2022 -23 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് നഷ്ടം ഗണ്യമായി കുറയുന്നുണ്ടെങ്കിലും വ്യോമയാന മേഖലയിലെ പല അടിസ്ഥാന പ്രശ്നങ്ങൾക്കും ഇപ്പോഴും പരിഹാരമില്ല.
മാതൃകയാക്കാം വിദേശ രാജ്യങ്ങളെ
വ്യോമയാന മേഖലയിൽ 27 ശതമാനം വിപണി വിഹിതമുള്ള എയർ ഇന്ത്യ മോശം സേവനങ്ങളുടെ പേരിൽ വർഷങ്ങളായി പരാതി കേൾക്കുകയാണ്. സമീപകാലത്തെ അപകടം ഏറെ വിമർശനങ്ങൾക്കും വഴിവെച്ചു. ദേശീയ വിമാനക്കമ്പനി എന്ന നിലയിൽ ഒരൊറ്റ കാരിയറിനെ അമിതമായി ആശ്രയിക്കുന്നതിന്റെ അപകടസാധ്യതകൾ ചർച്ചയായി. ഇതിനിടയിലാണ് ഇൻഡിഗോയുടെ പ്രതിസന്ധി. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഇന്ത്യയിൽ ഏവിയേഷൻ മേഖല ശക്തിപ്പെടേണ്ടത് രാജ്യത്തിൻ്റെ ആവശ്യം കൂടെയാണ്.
ഉയരുന്ന ജനസംഖ്യക്ക് അനുസരിച്ച് വ്യോമയാന മേഖല നവീകരിക്കപ്പെടണം. സ്വകാര്യ ഉടമസ്ഥതതയിലുള്ള വിമാനക്കമ്പനികൾ മാത്രമല്ല സർക്കാർ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനികൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്ന ചൈനയെ ഉൾപ്പെടെ ഈ രംഗത്ത് രാജ്യത്തിന് ഇനി മാതൃകയാക്കേണ്ടി വരും.
പഠിക്കാം & സമ്പാദിക്കാം
Home
