image

27 Jan 2026 5:31 PM IST

Featured

രൂപ തിരിച്ചുകയറുന്നു

MyFin Desk

rupee is rising again
X

Summary

ഡോളറിന്റെ തളര്‍ച്ചയും ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാറും രൂപയ്ക്ക് കരുത്തായി.നിലവില്‍ 91 .67 എന്ന നിലവാരത്തിലാണ് രൂപ. 90.80 - 91.00 റേഞ്ചിലേക്ക് രൂപ തിരികെ എത്തുമോ?


രൂപ തിരിച്ചു കയറുമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍. ഡോളറിന്റെ തളര്‍ച്ചയും ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാറും രൂപയ്ക്ക് കരുത്തായി.നിലവില്‍ 91 .67 എന്ന നിലവാരത്തിലാണ് രൂപ. 92.00 എന്ന നിലവാരമാണ് രൂപയുടെ ഭാവി നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകം. ഈ നിലവാരം മറികടന്നാല്‍ രൂപ 92.50 വരെ താഴാന്‍ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ ശക്തമായ ഇടപെടല്‍ രൂപയെ 90.80 - 91.00 റേഞ്ചിലേക്ക് തിരികെ എത്തിക്കാന്‍ സഹായിച്ചേക്കാം എന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇതിനൊപ്പമാണ് മെഗാ ഡീലും രൂപയ്ക്ക് കരുത്തായത്. അതേസമയം, കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന അപ്രതീക്ഷിത മാറ്റങ്ങള്‍ നിക്ഷേപകര്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. രൂപയുടെ മൂല്യത്തിലുണ്ടാകുന്ന പെട്ടെന്നുള്ള ഇടിവ് വിപണിയുടെ ആത്മവിശ്വാസം തകര്‍ക്കുന്നു എന്നാണ് ഹീലിയോസ് ക്യാപിറ്റല്‍ സ്ഥാപകന്‍ സമീര്‍ അറോറ ചൂണ്ടിക്കാട്ടുന്നത്. ആഗോള വിപണിയില്‍ ഡോളറിനെതിരെ മറ്റ് കറന്‍സികള്‍ കരുത്താര്‍ജ്ജിക്കുമ്പോഴും രൂപ മാത്രം ദുര്‍ബലമാകുന്നത് വിപണിയില്‍ നെഗറ്റീവ് സെന്റിമെന്റ്‌സ് ഉണ്ടാക്കുന്നു.

നിക്ഷേപകർ തിരികെ വരും

കയറ്റുമതി മേഖലക്ക് നേട്ടമാണെങ്കിലും രൂപയുടെ മൂല്യം കുറഞ്ഞത് നിക്ഷേപകരെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ വിപണികളില്‍ വലിയ മുന്നേറ്റം നടക്കുമ്പോള്‍, അവിടെ നിക്ഷേപിച്ച് ലാഭമുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ആഗോള പോര്‍ട്ട്ഫോളിയോകളില്‍ ഇന്ത്യ എന്നത് ഒരു ചെറിയ ഭാഗം മാത്രമാണ്. അതിനാല്‍ തന്നെ വിദേശത്തെ വമ്പന്‍ റാലികളിൽ പണം കണ്ടെത്താനായി അവര്‍ ഇന്ത്യയിലെ നിക്ഷേപം വിറ്റഴിക്കുന്നു.

എന്നാല്‍ ഇത് അധികകാലം തുടരില്ലെന്നും, ഒരു ഘട്ടം കഴിഞ്ഞാല്‍ ഈ തുക ഇന്ത്യയിലേക്ക് തന്നെ മടങ്ങി വരുമെന്നും അദ്ദേഹം പ്രവചിക്കുന്നു. ക്വിക്ക് കൊമേഴ്സ്, ഫിന്‍ടെക് മേഖലകളെയാണ് ദീര്‍ഘകാല നിക്ഷേപത്തിനായി വിദഗ്ധര്‍ നോക്കുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ച ക്രമാനുഗതമായിട്ടാണ് സംഭവിക്കുന്നതെങ്കില്‍ അത് വിപണിയെ ദോഷകരമായി ബാധിക്കില്ല. എന്നാല്‍ പെട്ടെന്നുള്ള ചാഞ്ചാട്ടങ്ങള്‍ വിദേശ നിക്ഷേപകരെ ഇന്ത്യയില്‍ നിന്ന് അകറ്റും. ആഗോള വിപണിയിലെ ലാഭം കൊയ്തുകഴിഞ്ഞാല്‍ നിക്ഷേപകര്‍ വീണ്ടും ഇന്ത്യയിലെ വളര്‍ച്ചാ സാധ്യതകള്‍ തേടി വരുമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.