image

20 Jan 2026 11:56 AM IST

Featured

റെക്കോഡുകൾ തകർത്ത് വെള്ളിക്കുതിപ്പ്; വിലയേറിയ ലോഹങ്ങൾ തിളങ്ങും

MyFin Desk

റെക്കോഡുകൾ തകർത്ത് വെള്ളിക്കുതിപ്പ്; വിലയേറിയ ലോഹങ്ങൾ തിളങ്ങും
X
Silver Price Today

Summary

വെള്ളി വില കുതിക്കുന്നു. കിലോഗ്രാമിന് മൂന്ന് ലക്ഷം രൂപയും കടന്ന് കുതിച്ച വെള്ളി വിലയിൽ ഇന്നും മുന്നേറ്റം


കിലോഗ്രാമിന് 3 ലക്ഷം രൂപയും കടന്ന വെള്ളി വില ഇന്നും കുതിക്കുന്നു. സ്വർണ വിലയും റെക്കോഡുകൾ ഭേദിക്കുകയാണ്. എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് ട്രംപ് ഏർപ്പെടുത്തുമെന്ന് പറയുന്ന 10 ശതമാനം അധിക തീരുവ വീണ്ടും വിപണിയിൽ അനിശ്ചിതത്വങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. പുതിയ വ്യാപാര യുദ്ധ സാധ്യതകൾ വിലയേറിയ ലോഹങ്ങളുടെ എല്ലാം വിലയിൽ കുതിപ്പിന് കാരണമായിട്ടുണ്ട്.

വെള്ളി വിലയിൽ മാത്രമല്ല, സ്വർണ്ണ വിലയിലും മറ്റ് ലോഹങ്ങളുടെ വിലയിലും വർധനവ് ഉണ്ടായി. സ്‌പോട്ട് ഗോൾഡ് വില ഏകദേശം 1.6 ശതമാനം ഉയർന്നു. അനിശ്ചിതത്വങ്ങളുടെ സമയത്ത് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ വിലയേറിയ ലോഹങ്ങളിലേക്ക് തിരിയുന്നതാണ് സ്വർണം, വെള്ളി വില ഉൾപ്പെടെ കുതിക്കാൻ കാരണം. ആദ്യമായാണ് വെള്ളി വില എംസിഎക്സിൽ കിലോഗ്രാമിന് മൂന്നുലക്ഷം രൂപയും കടന്ന് ജനുവരി 19 ന് കുതിച്ചത്.

ഒറ്റ വർഷം കൊണ്ട് വെള്ളി വിലയിൽ ഉണ്ടായിരിക്കുന്ന വർധന 200 ശതമാനത്തിലധികമാണ്. ജനുവരി 19 ന് മൾട്ടി-കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിലയിൽ ആയിരുന്നു വില. കിലോഗ്രാമിന് 3,04,087 രൂപയായി വില ഉയർന്നു. ഒറ്റ സെഷനിൽ മാത്രം 5.67 ശതമാനം വർധനവാണുണ്ടായത്. ഇന്ന് വിലയിൽ രണ്ടു ശതമാനം വർധനയുണ്ട്.

പുതിയ റെക്കോഡുകളിലേക്ക് വില പറക്കുന്നു

കഴിഞ്ഞ സെഷനിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 4,689.39 ഡോളറിലേക്ക് ട്രോയ് ഔൺസ് വിലയും ഉയർന്നിരുന്നു. ഇന്ന് സ്പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് 4,714 ഡോളറിൽ ആണ്. സുരക്ഷിത നിക്ഷേപം എന്ന നിലയിലെ ആകർഷണവും യുഎസ് ഡോളറിന്റെ ദുർബലതയുമാണ് വില കുതിക്കാൻ കാരണം. അനിശ്ചിതത്വങ്ങൾ തുടരുന്നത് മറ്റ് ലോഹങ്ങളും റെക്കോഡ് വിലയിലേക്ക് കുതിക്കാൻ കാരണമാകുമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.