image

7 Nov 2025 10:17 AM IST

Business

ഏറ്റവും വലിയ ശമ്പള പാക്കേജുള്ള സിഇഒ; ചരിത്രം തിരുത്തി ഇലോൺ മസ്ക്

MyFin Desk

trillion dollar ceo
X

Summary

ലോകത്തിലെ ഏറ്റവും വലിയ ശമ്പള പാക്കേജുള്ള സിഇഒ ആയി ഇലോൺ മസ്ക്


ചരിത്രത്തിലെ ഏറ്റവും വലിയ ശമ്പള പാക്കേജുള്ള സിഇഒ. ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്കിൻ്റെ ഉപാധികളോടെയുള്ള ശമ്പള പാക്കേജിന് ടെസ്‌ല ഓഹരി ഉടമകളുടെ യോഗം അനുമതി നൽകിയതോടെ മസ്ക് പുതിയ ഒരു ചരിത്രം എഴുതിയിരിക്കുകയാണ്. മസ്‌കിന്റെ ടെസ്‌ലയിലെ ശമ്പള പാക്കേജ് നേടാനായാൽ ആസ്തി ഒരു ലക്ഷം കോടി ഡോളർ കവിയും. ടാർഗറ്റ് നേടാനായാൽ മസ്‌കിന്റെ ടെസ്ല ഓഹരികളുടെ മൂല്യം മാത്രം ഒരു ലക്ഷം കോടി ഡോളറാകും.

അധികം വൈകാതെ തന്നെ മസ്ക് ആദ്യത്തെ ട്രില്യണയർ പട്ടികയിൽ ഇടം നേടുമെന്ന സൂചനകളുണ്ട്. ഒക്ടോബർ ആദ്യം വരെയുള്ള കണക്കുകൾ അനുസരിച്ച് മക്സിൻ്റെ ഏകദേശ ആസ്തി 50,000 കോടി യുഎസ് ഡോളറാണ്.

ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം, 2024 ഡിസംബറിൽ മസ്കിൻ്റെ ആസ്തി ഉയർന്ന നിലയിലായിരുന്നു. ആദ്യമായി 40,000 കോടി ഡോളർ മറികടന്ന് ആസ്തി വളർന്നിരുന്നു. എന്നാൽ 2025 മധ്യത്തോടെ ഏകദേശം 36300 കോടി യുഎസ് ഡോളറായി ആസ്തി കുറഞ്ഞു.പക്ഷേ ഒക്ടോബറോടെ വീണ്ടും 50170 കോടി ഡോളറായി മസ്കിൻ്റെ ആസ്തി ഉയർന്നിട്ടുണ്ട്.

കടമ്പ അത്ര എളുപ്പമല്ല

മസ്ക് ആവശ്യപ്പെടുന്ന പൂർണ്ണമായ ശമ്പള പാക്കേജ് ലഭിക്കണമെങ്കിൽ ടെസ്‌ല അതിന്റെ വിപണി മൂല്യം 8.5 ലക്ഷം കോടി യുഎസ് ഡോളറായി ഉയർത്തണം. 10 വർഷത്തിനുള്ളിൽ പ്രതിവർഷം 2 കോടി വാഹനങ്ങൾ വിതരണം ചെയ്യാനാകണം.10 ലക്ഷം ഹ്യൂമനോയിഡ് റോബോട്ടുകളും റോബോടാക്‌സികളും പുറത്തിറക്കുകയും വേണം.

നയിക്കുന്നത് ഏഴു കമ്പനികൾ

ടെസ്‌ല, സ്‌പേസ് എക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പ് എക്സ്എഐ എന്നിവയുൾപ്പെടെ ഏഴ് കമ്പനികളുടെ സഹസ്ഥാപകനാണിപ്പോൾ മസ്‌ക്. ബഹിരാകാശ മേഖലയിലെയും എഐ രംഗത്തെയും മസ്ക് കമ്പനികളുടെ സംഭാവനകൾ ഈ രംഗത്ത് നിർണായകമാകുമെന്നാണ് കണക്കാക്കുന്നത്. ടെസ്‌ലയുടെ ഏകദേശം 12-15 ശതമാനം ഓഹരിളാണ് ഇപ്പോൾ മസ്‌കിന്റെ ഉടമസ്ഥതയിലുള്ളത്.

പുതിയ പാക്കേജ് പ്രാബല്യത്തിൽ വന്നാൽ 25 ശതമാനം ഓഹരി പങ്കാളിത്തവും ഇലോൺ മസ്കിനാകും. ടെസ്‌ലയുടെ ഡ്രൈവർ ഇല്ലാ കാറുകൾ വരും വർഷങ്ങളിൽ ഓട്ടോമൊബൈൽ രംഗത്തിൻ്റെ ഗതി മാറ്റുമെന്ന് സൂചനകളുണ്ട്. ബഹിരാകശ രംഗത്തെ സംഭാവനകളും ശ്രദ്ധേയമാകും. 2025 ഓഗസ്റ്റ് വരെ സ്‌പേസ് എക്‌സിൽ 42 ശതമാനം ഓഹരികളാണ് മസ്കിനുള്ളത്.