image

7 Jan 2022 6:06 AM IST

Power

ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡ്

MyFin Desk

ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡ്
X

Summary

ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ഊർജ്ജ പ്രതിസന്ധി. ഇന്ത്യയിലുള്ള ഊർജ്ജ മേഖലയ്ക്ക് ആവശ്യമായ ഭൂരിഭാഗം ഊർജ്ജോത്പാദന ഉപകരണങ്ങളും നിർമ്മിക്കുന്നത് ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (ഭെൽ; BHEL ) ആണ്. ഇന്ത്യയിലെ ന്യൂ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സർക്കാർ ഉടമസ്ഥതയിലുള്ള എഞ്ചിനീയറിംഗ്, മാനുഫാക്ചറിംഗ് സംരംഭമാണിത്. ഇന്ത്യാ ഗവൺമെന്റിന്റെ ഹെവി ഇൻഡസ്ട്രീസ് ആൻഡ് പബ്ലിക് എന്റർപ്രൈസസ് മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലാണ് ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡ്. 1956-ൽ സ്ഥാപിതമായ ഭെൽ , ഇന്ത്യയിലെ ഏറ്റവും വലിയ […]


ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ഊർജ്ജ പ്രതിസന്ധി. ഇന്ത്യയിലുള്ള ഊർജ്ജ മേഖലയ്ക്ക് ആവശ്യമായ ഭൂരിഭാഗം ഊർജ്ജോത്പാദന ഉപകരണങ്ങളും നിർമ്മിക്കുന്നത് ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (ഭെൽ; BHEL ) ആണ്.

ഇന്ത്യയിലെ ന്യൂ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സർക്കാർ ഉടമസ്ഥതയിലുള്ള എഞ്ചിനീയറിംഗ്, മാനുഫാക്ചറിംഗ് സംരംഭമാണിത്. ഇന്ത്യാ ഗവൺമെന്റിന്റെ ഹെവി ഇൻഡസ്ട്രീസ് ആൻഡ് പബ്ലിക് എന്റർപ്രൈസസ് മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലാണ് ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡ്. 1956-ൽ സ്ഥാപിതമായ ഭെൽ , ഇന്ത്യയിലെ ഏറ്റവും വലിയ ഊർജ്ജോത്പാദന ഉപകരണ നിർമ്മാതാക്കളാണ്. ഇന്ത്യയുടെ നവരത്ന കമ്പനികളിൽ ഉൾപ്പെട്ടതാണ് ഭെൽ.

സോവിയറ്റ് യൂണിയന്റെ സഹായത്തോടെയാണ് 1956-ൽ ഭെൽ സ്ഥാപിതമായത്. സാധാരണ ഹെവി ഇലക്ട്രിക്കൽസ് മാനുഫാക്ചറിംഗ് സ്ഥാപനമായി തുടങ്ങി 1974-ൽ ഹെവി ഇലക്ട്രിക്കൽസ് (ഇന്ത്യ) ലിമിറ്റഡിൽ ലയിച്ചു. 1980-കളോടെ തൈറിസ്റ്റർ സാങ്കേതികവിദ്യയിൽ അത്യാധുനിക വളർച്ച കൈവരിക്കാൻ സ്ഥാപനത്തിനു കഴിഞ്ഞു. 1991-ൽ ഭെൽ ഒരു പൊതു കമ്പനിയായി മാറ്റപ്പെട്ടു.

കാലക്രമേണ ട്രാൻസ്മിഷൻ, ഗതാഗതം, എണ്ണ, വാതകം, മറ്റ് അനുബന്ധ വ്യവസായങ്ങളുൾപ്പെടെ വിവിധ മേഖലകൾക്കായി വൈവിധ്യമാർന്ന ഇലക്ട്രിക്കൽ, ഇലക്ട്രോണിക്, മെക്കാനിക്കൽ ഉപകരണങ്ങൾ ഭെൽ വികസിപ്പിച്ചെടുത്തു. കമ്പനിയുടെ വരുമാനത്തിന്റെ ഭൂരിഭാഗവും ടർബൈനുകൾ, ബോയിലറുകൾ തുടങ്ങിയ വൈദ്യുതി ഉൽപാദന ഉപകരണങ്ങളുടെ വിൽപ്പനയിൽ നിന്നാണ്.

2017 ലെ കണക്കനുസരിച്ച്, ഇന്ത്യയിലെ മൊത്തം സ്ഥാപിതമായ വൈദ്യുതി ഉൽപ്പാദന ശേഷിയുടെ 55% ഭെൽ വിതരണം ചെയ്യുന്ന ഉപകരണങ്ങളാണ്. ഇന്ത്യൻ റെയിൽവേയ്‌ക്ക് ഇലക്ട്രിക് ലോക്കോമോട്ടീവുകളും ഓർഡനൻസ് ഫാക്ടറി ബോർഡിന്റെ പങ്കാളിത്തത്തോടെ നിർമ്മിക്കുന്ന സൂപ്പർ റാപ്പിഡ് ഗൺ മൗണ്ട് (SRGM) നേവൽ തോക്കുകളും ഇന്ത്യൻ സായുധ സേനയ്ക്ക് സിമുലേറ്ററുകളും പോലുള്ള പ്രതിരോധ ഉപകരണങ്ങളും കമ്പനി നിർമ്മിച്ചു നൽകുന്നു.

സമ്പദ്‌വ്യവസ്ഥയുടെ പ്രധാന മേഖലകളിലുള്ള വൈദ്യുതി, പ്രക്ഷേപണം, വ്യവസായം, ഗതാഗതം, പുനരുപയോഗ ഊർജം, എണ്ണ, വാതകം, പ്രതിരോധം എന്നിവയിലൊക്കെയുള്ള ഉൽപ്പന്നങ്ങളുടെയും സംവിധാനങ്ങളുടെയും സേവനങ്ങളുടെയും രൂപകൽപ്പന, എഞ്ചിനീയറിംഗ്, നിർമ്മാണം, പരിശോധന, കമ്മീഷൻ ചെയ്യൽ, സേവനങ്ങൾ എന്നിവയിൽ ഭെൽ പ്രധാന പങ്കുവഹിക്കുന്നു.

16 നിർമ്മാണ യൂണിറ്റുകൾ, 2 റിപ്പയർ യൂണിറ്റുകൾ, 4 റീജിയണൽ ഓഫീസുകൾ, 8 സേവന കേന്ദ്രങ്ങൾ, 8 വിദേശ ഓഫീസുകൾ, 15 പ്രാദേശിക കേന്ദ്രങ്ങൾ, 7 സംയുക്ത സംരംഭങ്ങൾ, ഇന്ത്യയിലും വിദേശത്തുമുള്ള സൈറ്റുകളിൽ 150 ലധികം പദ്ധതികൾ നടപ്പിലാക്കാൻ കഴിയുന്നത്ര അടിസ്ഥാന സൗകര്യം ഭെലിനുണ്ട്.

84 രാജ്യങ്ങളുമായി സഹകരിക്കുന്ന ഭെൽ നിലവിൽ 16 രാജ്യങ്ങളിലായി ഏകദേശം 7000 മെഗാവോൾട്ടിന്റെ 24 വിദേശ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. 17,000 മെഗാവോൾട്ടിന്റെ പദ്ധതികൾക്ക് വിദേശരാജ്യങ്ങളുമായി കരാറുണ്ടാക്കിയിട്ടുമുണ്ട്.

ഇതുവരെ ഭെൽന്റെ നേട്ടങ്ങൾ ഇവയൊക്കെയാണ്.

* ആഗോളതലത്തിൽ 190 ജിഗാവാട്ട് ശേഷി

* 32,000 എസി മെഷീനുകളുടെ വിതരണം

* 390 ഇലക്ട്രിക് ലോക്കോകളും 340 ഡീസൽ ഷണ്ടറുകളും റെയിൽവേയ്ക്കും വ്യവസായങ്ങൾക്കും

* 1.2ജിഗാവാട്ട് സോളാർ പിവി പോർട്ട്‌ഫോളിയോ

* 6,40,000MVA ട്രാൻസ്മിഷൻ ഉപകരണങ്ങളുടെ വിതരണം

ഈ നേട്ടങ്ങൾക്ക് പുറമെ എഞ്ചിനീയറിംഗ് മേഖലയിലെ ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിൽദാതാക്കളിൽ ഒന്നാണ് ഭെൽ. മാനവശേഷിയുടെ മൂന്നിലൊന്ന് പേരും സാങ്കേതിക മേഖലയിൽ മികച്ച യോഗ്യതയും പരിചയസമ്പത്തും നൈപുണ്യവുമുള്ള എഞ്ചിനീയർമാരാണെന്നതും ഭെൽനെ സവിശേഷമാക്കുന്നു.