22 May 2023 2:53 PM IST
Summary
- ഇന്‍റേണല്‍ സ്റ്റോറേജ് കൂടിയത് മൈക്രോ എസ്‍ഡി കാര്‍ഡ് വിപണിയെ ഉടച്ചുവാര്‍ക്കുന്നു
- 70% വിപണി വിഹിതം സാന്‍ഡിസ്‍കിന്
- അറിയപ്പെടാത്ത ബ്രാന്‍ഡുകള്‍ക്ക് 11% വിപണി വിഹിതം
എസ്‍ഡി കാര്‍ഡ്, മൈക്രോ എസ്‍ഡി, ഫ്ളാഷ് ഡ്രൈവ് എന്നിവയെല്ലാം ഉള്‍പ്പെടുന്ന ഉപഭോക്തൃ സ്റ്റോറേജ് വിപണി തിരിച്ചടി നേരിടുന്നതായി സൈബര്‍മീഡിയ റിസർച്ചിന്‍റെ റിപ്പോര്‍ട്ട്. ജനുവരി-മാര്‍ച്ച് കാലയളവില്‍ ഈ വിപണിയിലെ ചരക്കുനീക്കം വാര്‍ഷികാടിസ്ഥാനത്തില്‍ 4% ഇടിവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ മുന്‍പാദവുമായുള്ള താരതമ്യത്തില്‍ 16% വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.
മൈക്രോ എസ്‍ഡി കാര്‍ഡുകളുടെ വില്‍പ്പനയില്‍ ഉണ്ടായ ഇടിവാണ് പ്രധാനമായും കഴിഞ്ഞ പാദത്തില്‍ കണ്‍സ്യൂമര്‍ സ്റ്റേറേജ് വിപണിയെ ബാധിച്ചത്. 2023 ആദ്യ പാദത്തില്‍ 25% സ്‍മാര്‍ട്ട് ഫോണുകള്‍ എക്സ്റ്റേണല്‍ മെമ്മറി കാര്‍ഡ് സ്ലോട്ട് ഇല്ലാതെയാണ് കയറ്റി അയക്കപ്പെട്ടത്. ഇത് വിപണിയിലെ പുതിയ പ്രവണതയുടെ സൂചനയാണെന്ന് സിഎംആറിലെ ലീഡ് അനലിസ്റ്റ് ശിപ്ര സിന്‍ഹ പറയുന്നു. കൂടാതെ ഈ പാദത്തില്‍ കയറ്റിഅയക്കപ്പെട്ട സ്‍മാര്‍ട്ട് ഫോണുകളുടെ 57% 128 ജിബി-യോ അതിനു മുകളിലോ ഇന്‍റേണല്‍ സ്റ്റോറേജ് ഉള്ളവയായിരുന്നു.
സ്‍മാര്‍ട്ട് ഫോണുകളിലെ ഇന്‍റേണല്‍ സ്റ്റോറേജ് ശേഷി കൂടിവരുന്നതും ബജറ്റ് സ്‍മാര്‍ട്ട് ഫോണുകളിലും കൂടുതല്‍ സ്റ്റോറേജ് ലഭ്യമായി തുടങ്ങിയതും ഉപഭോക്തൃ സ്റ്റോറേജ് വിപണിയെ വരും ദിനങ്ങളിലും ഉടച്ചുവാര്‍ക്കുമെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. മൊത്തത്തിലുള്ള വിപണിയിലെ നേതൃസ്ഥാനത്ത് സാന്‍ഡിസ്‍ക് തുടരുന്നു, 70 ശതമാനം വിപണി വിഹിതം സാന്‍ഡിസ്‍കിനാണ്. എച്ച്പി രണ്ടാം സ്ഥാനവും കിംഗ്സ്റ്റൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അത്ര അറിയപ്പെടാത്ത ബ്രാൻഡുകൾ മൊത്തത്തിൽ 11 ശതമാനം വിപണി വിഹിതം പിടിച്ചെടുത്തു, അവരുടെ കയറ്റുമതിയിൽ 84 ശതമാനം വളർച്ച പ്രകടമാക്കിയെന്നതും ശ്രദ്ധേയമായ വസ്‍തുതയാണ്. 38 ശതമാനം വിപണി വിഹിതവുമായി 32 ജിബി കപ്പാസിറ്റി വിഭാഗമാണ് വിപണി വിഹിതത്തില്‍ മുന്നില്‍ . 27 ശതമാനം വിപണി വിഹിതമുള്ള 64 ജിബി കപ്പാസിറ്റി വിഭാഗമാണ് രണ്ടാം സ്ഥാനത്തുള്ളത്.
ഈ വർഷം അവസാനത്തോടെ മൈക്രോ എസ്‍ഡി കാർഡ് വിപണി ഒറ്റ അക്ക വളർച്ചയിലേക്ക് എത്താന്‍ സാധ്യതയുണ്ട്. മറുവശത്ത്, ഫ്ലാഷ് ഡ്രൈവ് വിപണി 10-15 ശതമാനം വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുമെന്ന് റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
