image

21 Nov 2022 8:07 AM GMT

Agriculture and Allied Industries

മത്സ്യബന്ധന മേഖല 26,280 കോടി ഡോളര്‍ വിപണിയാകുമോ? ഇന്ത്യയും കുതിപ്പില്‍

Thomas Cherian K

seafood industry in india
X

seafood industry in india 

Summary

ആഗോള മത്സ്യോത്പാദനത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ലോകത്ത് ആകെ ഉത്പാദിപ്പിക്കുന്ന സമുദ്രോത്പന്നങ്ങളുടെ 7.7 ശതമാനവും സംഭാവന ചെയ്യുന്നത് ഇന്ത്യയില്‍ നിന്നുമാണ്.


ലോകത്തെ തന്നെ ഏറ്റവും വലിയ ഗവേഷക സംരംഭങ്ങളില്‍ ഒന്നായ റിസര്‍ച്ച് ആന്‍ഡ് മാര്‍ക്കറ്റ്‌സിന്റെ കണക്കുകള്‍ പ്രകാരം 2031 ആകുമ്പോഴേയ്ക്കും ആഗോള സീഫുഡ് (സമുദ്രോത്പന്ന) വിപണി 26,280 കോടി ഡോളര്‍ മൂല്യമുള്ളതായി ഉയരും എന്നാണ്. ആഗോളതലത്തില്‍ മത്സ്യമേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന കോടിക്കണക്കിന് ആളുകളാണുള്ളത്. ഓരോ രാജ്യങ്ങളുടെ ജിഡിപിയിലേക്കും മത്സ്യബന്ധന മേഖല നല്‍കുന്ന സംഭാവന ചെറുതല്ലെന്ന് മാത്രമല്ല ഇത് വര്‍ധനയുടെ പാതയില്‍ തന്നെ തുടരുകയാണ്.

ഏകദേശം 7,516 കിലോമീറ്റര്‍ സമുദ്രാതിര്‍ത്തിയുള്ള ഇന്ത്യയില്‍ മത്സ്യബന്ധന മേഖല നല്‍കുന്ന സംഭാവന ചെറുതല്ല. ഇന്നും ജീവിതനിലവാരം അര്‍ഹിക്കുന്ന അളവില്‍ ഉയര്‍ത്താന്‍ സാധിക്കാത്ത മത്സ്യതൊഴിലാളികള്‍ക്ക് പണപ്പെരുപ്പം ഉള്‍പ്പടെയുള്ള ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ചെറുതല്ലാത്തൊരു വിഹിതം നല്‍കുന്ന മത്സ്യ മേഖലയെ ആഗോള ഫിഷറീസ് ദിനമായ ഇന്ന് അടുത്തറിയാം.

മത്സ്യ ഉത്പാദനം: മൂന്നാമന്‍ ഇന്ത്യ

ആഗോള മത്സ്യോത്പാദനത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ലോകത്ത് ആകെ ഉത്പാദിപ്പിക്കുന്ന സമുദ്രോത്പന്നങ്ങളുടെ 7.7 ശതമാനവും സംഭാവന ചെയ്യുന്നത് ഇന്ത്യയില്‍ നിന്നുമാണ്. കൃഷിയിലൂടെ (ശുദ്ധജല മത്സ്യങ്ങളേയും മറ്റും) ഏറ്റവുമധികം മത്സ്യോത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യവും ഇന്ത്യയാണ്. ആഗോള മത്സ്യ ജൈവവൈവിധ്യം കണക്കാക്കിയാല്‍ അതിന്റെ 10 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളതാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

1950-51 കാലയളവില്‍ അഞ്ച് ലക്ഷം ടണ്ണായിരുന്നു രാജ്യത്ത് ഫിഷറീസ് മേഖലയിലെ ആകെ ഉത്പാദനമെങ്കില്‍ 2019-20 ആയപ്പോഴേയ്ക്കും ഇത് 142 ലക്ഷം ടണ്ണായി ഉയര്‍ന്നു. ഇന്ത്യയില്‍ ഏകദേശം 2.8 കോടി ആളുകളാണ് ഫിഷറീസ് മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നത്. ഇത് മത്സ്യബന്ധനവുമായി നേരിട്ട് ബന്ധപ്പെട്ട് തൊഴില്‍ ചെയ്യുന്നവരുടെ എണ്ണമാണ്. അനുബന്ധ മേഖലയുടേതു കൂടി കണക്കാക്കിയാല്‍ എണ്ണം ഇനിയും കൂടും.

ഉള്‍പ്രദേശങ്ങളില്‍ (ഫാം പോലുള്ളവ) മത്സ്യകൃഷി നടത്തുന്നവരില്‍ 50 ശതമാനവും സ്ത്രീകളാണെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 1950-51 കാലയളില്‍ രാജ്യത്തിന്റെ ജിഡിപിയിലേക്ക് 0.40 ശതമാനമായിരുന്നു ഫിഷറീസ് മേഖലയുടെ സംഭാവനയെങ്കില്‍ 2020 ആയപ്പോഴേയ്ക്കും ഇത് 1.07 ശതമാനമായി ഉയര്‍ന്നു.

നാഷണല്‍ ഫിഷറീസ് ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ഫിഷറീസ് മേഖലയില്‍ നിന്നുള്ള കയറ്റുമതിയില്‍ നിന്നും മാത്രം ഏകദേശം 33,441 കോടി രൂപയുടെ വരുമാനമാണുള്ളത് (2020ലെ കണക്ക് പ്രകാരം). ഏറ്റവും കൂടുതല്‍ മത്സ്യം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. പ്രതിവര്‍ഷം ഏകദേശം 12.89 ലക്ഷം മെട്രിക്ക് ടണ്‍ സമുദ്രോത്പന്നങ്ങളാണ് ഇന്ത്യ കയറ്റി അയയ്ക്കുന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ ഒന്നാമന്‍ ആന്ധ്രാപ്രദേശ്

ഇന്ത്യയില്‍ ഏറ്റവുമധികം സമുദ്രോത്പന്നം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ആന്ധ്രാപ്രദേശാണ്. പ്രതിവര്‍ഷം 34.50 ലക്ഷം ടണ്ണാണ് ആന്ധ്രയില്‍ നിന്നും ഉത്പാദിപ്പിക്കുന്നത്. ഇതില്‍ നല്ലൊരു ഭാഗവും ഫിഷ് ഫാമുകളില്‍ നിന്നുള്ളവയാണ്. ശുദ്ധജല മത്സ്യങ്ങള്‍ക്ക് താരതമ്യേന കൂടതല്‍ വില ലഭിക്കുമെന്നതിനാലാണ് ഫാമിലെ മത്സ്യകൃഷയിയ്ക്ക് പ്രചാരമേറിയത്. രണ്ടാം സ്ഥാനം പശ്ചിമ ബംഗാളിനാണ്.

17.42 ലക്ഷം ടണ്‍ മത്സ്യമാണ് ബംഗാളില്‍ നിന്നും ഉത്പാദിപ്പിക്കുന്നത്. ഗുജറാത്തില്‍ പ്രതിവര്‍ഷം 8.35 ലക്ഷം ടണ്ണും, തമിഴ്‌നാട്ടില്‍ പ്രതിവര്‍ഷം 6.82 ലക്ഷം ടണ്‍ മത്സ്യവുമാണ് ഉത്പാദിപ്പിക്കുന്നത്. ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള കേരളം പ്രതിവര്‍ഷം 6.85 ലക്ഷം ടണ്‍ മത്സ്യോത്പന്നങ്ങളാണ് ഉത്പാദിപ്പിക്കുന്നത്.


നീല്‍ ക്രാന്തിയും ഫിഷറീസും

രാജ്യത്തെ ഫിഷറീസ് മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന പദ്ധതിയാണ് ബ്ലൂ റെവല്യൂഷന്‍ അഥവാ നീല്‍ ക്രാന്തി. ഏഴാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി (1985-1990)കൊണ്ടുന്ന വന്ന നീല്‍ക്രാന്തിയുടെ പ്രധാന ലക്ഷ്യം 2020 ആകുമ്പോഴേയ്ക്കും രാജ്യത്തെ ഫിഷറീസ് ഉത്പാദനം മൂന്നിരട്ടിയാക്കുക എന്നതായിരുന്നു.

ഈ ലക്ഷ്യം ഒരുവിധം നേടിയെടുക്കാന്‍ സാധിച്ചെങ്കിലും താഴേയ്ക്കിടയിലുള്ള മത്സ്യകര്‍ഷകരുടേയും തൊഴിലാളികളുടേയും വരുമാന വര്‍ധനവ് ഇപ്പോഴും ഉണ്ടായിട്ടില്ല എന്നതാണ് സത്യം. കയറ്റുമതിയിലുള്‍പ്പടെ കേന്ദ്രം ലക്ഷ്യമിട്ടിരുന്ന വളര്‍ച്ച നേടിയെങ്കിലും പണപ്പെരുപ്പമുള്‍പ്പടെയുള്ള പ്രതിസന്ധികള്‍ ഈ മേഖലയെ വലയ്ക്കുന്നുണ്ട്.

ആത്മനിര്‍ഭര്‍ പാക്കേജിന് കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ 2020ല്‍ അംഗീകാരം നല്‍കിയ പ്രധാന്‍ മന്ത്രി മത്സ്യ സമ്പാദ്യ യോജന സ്‌കീമും ഫിഷറീസ് മേഖലയുടെ ഉത്തേജനത്തിന് വേണ്ടിയുള്ളതാണ്. 2020-25 വരെ കാലയളിലേക്ക് ഈ സ്‌കീമുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 20,050 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു.

പ്രതിസന്ധിയായി പ്ലാസ്റ്റിക്ക് മുതല്‍ കാലാവസ്ഥാ വ്യതിയാനം വരെ

സമുദ്രോത്പന്ന മേഖലയ്ക്ക് ഏറ്റവുമധികം തിരിച്ചടിയുണ്ടാക്കുന്ന ഒന്നാണ് പ്ലാസ്റ്റിക്ക്. ലോകത്തെ മിക്ക സമുദ്ര ഭാഗങ്ങളിലും പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം വന്നു കഴിഞ്ഞു. കടലില്‍ ഏകദേശം 5.25 ലക്ഷം കോടി പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇത് ഏകദേശം 2.69 ലക്ഷം ടണ്‍ വരും. പ്ലാസ്റ്റിക്ക് മൂലം കടല്‍ മത്സ്യങ്ങളിലെ മിക്ക സ്പീഷീസിനും നിലനില്‍പ്പ് വരെ ഇല്ലാതായിക്കഴിഞ്ഞു.

ഇവയ്ക്ക് പുറമേയാണ് കടലില്‍ വന്നടിയുന്ന ഇ-മാലിന്യങ്ങളും, രാസമാലിന്യങ്ങളും മത്സ്യങ്ങളുടെ പ്രത്യുത്പാദനത്തെ അടക്കം ദോഷമായി ബാധിക്കുന്നത്. ആഗോളതലത്തില്‍ ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും ഫിഷറീസ് മേഖലയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. ഇതിനൊപ്പം തന്നെയാണ് ഫിഷറീസ് ഉത്പന്നങ്ങളുടെ വിപണിയെ ബാധിക്കുന്ന പ്രതിസന്ധികളും നിലനില്‍ക്കുന്നത്.

മത്സ്യം കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കുന്ന മികച്ച സംവിധാനങ്ങള്‍ ഇല്ല എന്നതാണ് വാസ്തവം. വലിയ മത്സ്യങ്ങള്‍ കേടാകാതിരിക്കാന്‍ നിലവില്‍ ലഭിക്കുന്ന ഫ്രീസറിംഗ് സംവിധാനങ്ങള്‍ പര്യാപ്തമല്ല. ചരക്ക് വേഗം കൈമാറ്റം ചെയ്യാന്‍ സാധിക്കും വിധമുള്ള ഗതാഗത സംവിധാനങ്ങളും വേണ്ടത്ര അളവില്‍ ഇല്ലെന്നും വ്യാപാരികള്‍ പറയുന്നു. ഇതിനിടയിലാണ് അമോണിയ പോലുള്ള രാസവസ്തുക്കളുടെ അമിത ഉപയോഗവും ഫിഷറീസ് രംഗത്തിന് തിരിച്ചടിയാകുന്നത്.