image

16 July 2023 8:17 AM GMT

Agriculture and Allied Industries

ഉള്ളി സംഭരണം 20 % കൂട്ടി; ഷെല്‍ഫ് ലൈഫ് വര്‍ധിപ്പിക്കാനും ശ്രമം

MyFin Desk

ഉള്ളി സംഭരണം 20 %  കൂട്ടി; ഷെല്‍ഫ് ലൈഫ് വര്‍ധിപ്പിക്കാനും ശ്രമം
X

Summary

  • റേഡിയേഷന്‍ പരീക്ഷണത്തിലൂടെ സംഭരണ കാലയളവ് ഉയര്‍ത്താന്‍ നീക്കം
  • ഖാരിഫ് വിള എത്തുന്നതിന് മുമ്പ് വില ഉയരുന്ന സാഹചര്യം ഒഴിവാക്കും
  • ഉത്സവ സീസണിന് സജ്ജമെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി


ഈ വർഷം കേന്ദ്ര സർക്കാർ ഉള്ളിയുടെ കരുതല്‍ സംഭരണം 20 ശതമാനം വര്‍ധിപ്പിച്ച് 3 ലക്ഷം ടണ്ണിലേക്ക് എത്തിക്കുന്നുവെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ്. ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററുമായി (BARC) ചേര്‍ന്ന് റേഡിയേഷനിലൂടെ ഉള്ളിയുടെ സംഭരണ കാലയളവ് വര്‍ധിപ്പിക്കുന്നതിനുള്ള പരീക്ഷണ പദ്ധതിയും നടപ്പാക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. 2022-23 സാമ്പത്തിക വർഷത്തിൽ 2.51 ലക്ഷം ടൺ ഉള്ളിയാണ് റാബി വിളയില്‍ നിന്നുള്ള ബഫർ സ്റ്റോക്കായി സര്‍ക്കാര്‍ കരുതിയിരുന്നത്.

വിതരണം കുറയുന്ന സീസണില്‍ വില വലിയ തോതില്‍ ഉയരുന്നത് നിയന്ത്രിക്കുന്നതിനായാണ് പ്രൈസ് സ്റ്റബിലൈസേഷൻ ഫണ്ടിന് (PSF) കീഴിൽ ബഫർ സ്റ്റോക്ക് പരിപാലിക്കപ്പെടുന്നത്. അടുത്ത വര്‍ഷം രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ഉള്ളിവില കുതിച്ചുയരുന്ന സാഹചര്യത്തിന് തടയിടുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രധാന പരിഗണന നല്‍കും. കാരണം രാജ്യത്തെ പല രാഷ്ട്രീയ ചലനങ്ങളിലും സര്‍ക്കാരുകളുടെയും പതനത്തിലും വലിയ പങ്കുവഹിച്ച ചരിത്രം ഉള്ളിവിലയ്ക്കുണ്ട്.

"ഉത്സവ സീസണിനു മുന്നോടിയായി ഏത് സാഹചര്യത്തെയും നേരിടാൻ, സർക്കാർ ഈ വർഷം 3 ലക്ഷം ടൺ വരെ ഉയര്‍ന്ന ശക്തമായ കരുതല്‍ ശേഖരം വികസിപ്പിച്ചു. ഉള്ളിയുടെ കാര്യത്തിൽ ഒരു പ്രശ്നവും ഉണ്ടാകാനിടയില്ല," സിംഗ് പിടിഐയോട് പറഞ്ഞു. ഇപ്പോൾ പൂർത്തിയായ റാബി സീസണിൽ നിന്നുള്ള ഉള്ളിയാണ് ബഫർ സ്റ്റോക്കിനായി സംഭരിക്കുന്ന ത്. ഖാരിഫ് കൃഷിയുടെ വിതയ്ക്കൽ നിലവില്‍ നടക്കുകയാണ്. ഒക്ടോബറിൽ അതില്‍ നിന്നുള്ള ഉള്ളി എത്തിത്തുടങ്ങും.

സാധാരണയായി, പുതിയ ഖാരിഫ് വിള വിപണിയിലെത്തുന്നത് വരെയുള്ള ഏകദേശം 20 ദിവസങ്ങളില്‍ ചില്ലറ വിപണിയിൽ ഉള്ളിയുടെ ലഭ്യതയില്‍ കുറവ് അനുഭവപ്പെടുകയും ഇത് വില ഉയരാന്‍ കാരണമാകുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇത്തവണ ആ സാഹചര്യം ഉണ്ടാകില്ലെന്നാണ് ഉപഭോക്തൃ കാര്യ സെക്രട്ടറി പറയുന്നത്.

ആറ്റോമിക് എനർജി ഡിപ്പാർട്ട്‌മെന്‍റും ഉള്ളിയുടെ സംഭരണ കാലയളവ് ഉയര്‍ത്താനുള്ള പരീക്ഷണത്തില്‍ പങ്കാളിയാണ്. മഹാരാഷ്ട്രയിലെ ലാസൽഗാവിൽ നടക്കുന്ന ആദ്യഘട്ട പരീക്ഷണത്തില്‍ കോബാൾട്ട് -60 ൽ നിന്നുള്ള ഗാമാ റേഡിയേഷനുകള്‍ 150 ടൺ ഉള്ളിയില്‍ പ്രയോഗിക്കുകയാണ്. ഈ പരീക്ഷണങ്ങള്‍ വിജയകരമായാല്‍ രാജ്യത്തെ ഭക്ഷ്യ വസ്തുക്കളുടെ സംഭരണത്തിലും ലഭ്യതയിലും വില നിര്‍ണയത്തിലും ഗുണപരമായ സ്വാധീനം സൃഷ്ടിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഏപ്രിൽ-ജൂൺ മാസങ്ങളിൽ വിളവെടുക്കുന്ന റാബി ഉള്ളിയാണ് ഇന്ത്യയുടെ ഉള്ളി ഉൽപാദനത്തില്‍ 65 ശതമാനം പങ്കു വഹിക്കുന്നത്. ഒക്ടോബർ-നവംബർ മാസങ്ങളിലെ ഖാരിഫ് വിളവെടുപ്പ് വരെ ഉപഭോക്താക്കളുടെ ആവശ്യകത നിറവേറ്റുന്നതില്‍ റാബി വിളയുടെ സംഭരണം നിര്‍ണായകമാണ്.

സംഭരിച്ച ബഫർ സ്റ്റോക്കുകൾ വിതരണം കുറഞ്ഞ കാലയളവില്‍ പൊതു വിപണിയിലേക്ക് എത്തിക്കും. റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും സർക്കാർ ഏജൻസികളിലേക്കും ഇത് എത്തിക്കുകയും ചെയ്യുന്നു. ഔദ്യോഗിക കണക്കുകൾ അനുസരിച്ച്, ഉള്ളിയുടെ ശരാശരി റീട്ടെയിൽ വില അഖിലേന്ത്യാ തലത്തില്‍ ജൂലൈ 15ന് കിലോയ്ക്ക് 26.79 രൂപയായിരുന്നു. അതേസമയം ചില വിപണികളില്‍ വില 65 രൂപ വരെ ഉയര്‍ന്നിരുന്നു. 10 രൂപയായിരുന്നു ഏറ്റവും താഴ്ന്ന വില.

ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ മുന്നേറ്റത്തിന്‍റെ ഫലമായ ജൂണില്‍ രാജ്യത്തിന്‍റെ റീട്ടെയില്‍ പണപ്പെരുപ്പം 4.81 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. മൂന്നു മാസത്തെ തുടര്‍ച്ചയായ ഇടിവിന് ശേഷമാണ് ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കഴിഞ്ഞ മാസം ഉയര്‍ന്നത്.