7 Nov 2026 11:52 AM IST
വിസ്തൃതി കൂടുന്നത് കൃഷിയ്ക്ക് നേട്ടമാകുമോ? എണ്ണപ്പന കൃഷിയുടെ യാഥാര്‍ത്ഥ്യമെന്ത്?
MyFin Desk
Summary
അരുണാചല്‍ പ്രദേശില്‍ സംസ്‌കരണശാലകളുടെ അഭാവവും വിപണന-ഗതാഗത പ്രശ്‌നങ്ങളും കര്‍ഷകരുടെ ആത്മവിശ്വാസത്തെ ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്
ഇന്ത്യയില്‍ എണ്ണപ്പന കൃഷിയുടെ വ്യാപനം കൂടുതല്‍ വേഗത കൈവരിച്ചുകൊണ്ടിരിക്കുകയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പദ്ധതി ലക്ഷ്യത്തിന്റെ 64 ശതമാനം കൈവരിക്കാന്‍ സാധിച്ചുവെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
നിലവിലെ കണക്കുകള്‍
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 55,614 ഹെക്ടര്‍ സ്ഥലത്ത് എണ്ണപ്പന കൃഷി വ്യാപിപ്പിച്ചിട്ടുണ്ട്. 1.19 ലക്ഷം ഹെക്ടര്‍ ആയിരുന്നു പദ്ധതി ലക്ഷ്യം. അതായത് ലക്ഷ്യത്തിന്റെ ഏകദേശം 47 ശതമാനം കൈവരിക്കാനാണ് ഇതുവരെ കഴിഞ്ഞത്. ഇതില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ആറ് സംസ്ഥാനങ്ങളിലായി 23,347 ഹെക്ടറും മറ്റ് ഒന്‍പത് സംസ്ഥാനങ്ങളിലായി 32,267 ഹെക്ടറുമാണ് എണ്ണപ്പന കൃഷിക്കായി വിനിയോഗിച്ചത്. അഞ്ച് വര്‍ഷത്തെ പദ്ധതി ലക്ഷ്യമായി 2021-22 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ 6.5 ലക്ഷം ഹെക്ടറില്‍ എണ്ണപ്പന കൃഷി വ്യാപിപ്പിക്കാനായിരുന്നു സര്‍ക്കാന്‍ നീക്കം. എന്നാല്‍ ഈ കാലയളവില്‍ 2.73 ലക്ഷം ഹെക്ടറില്‍ മാത്രമാണ് കൃഷി വ്യാപിപ്പിക്കാന്‍ കഴിഞ്ഞത്.
റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന പ്രതീക്ഷ
റിപ്പോര്‍ട്ട് ചെയ്ത ഈ കണക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണ്. പക്ഷെ കൃഷി വ്യാപിപ്പിച്ച ഹെക്ടറുകളുടെ എണ്ണം മാത്രമാണോ വിജയത്തിന്റെ മാനദണ്ഡമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. നട്ടുപിടിപ്പിച്ച തൈകള്‍ അതിജീവിക്കുകയും കൃത്യമായ പരിപാലനത്തിലൂടെ വളരുകയും ഒടുവില്‍ ഉല്‍പ്പാദനക്ഷമത കൈവരിക്കുകയും ചെയ്യുന്നുണ്ടോ എന്നു ഉറപ്പ് വരുത്തേണ്ടതുണ്ട്. കൃഷി വ്യാപിപ്പിക്കുന്നത് ഒരു നാഴികക്കല്ല് മാത്രമാണ്. അത് സുസ്ഥിരമായ കാര്‍ഷിക വികസനത്തിന്റെ തെളിവല്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
യാഥാര്‍ത്ഥ്യം
വടക്കുകിഴക്കന്‍ മേഖലയിലെ ആറ് സംസ്ഥാനങ്ങള്‍ക്ക് 36,319 ഹെക്ടറായിരുന്നു പദ്ധതി ലക്ഷ്യം. ഇതില്‍ ഏകദേശം 64 ശതമാനം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതേസമയം, ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലുള്ള ഒന്‍പത് സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിച്ച 82,959 ഹെക്ടര്‍ ലക്ഷ്യത്തില്‍ 32,267 ഹെക്ടറില്‍ മാത്രമാണ് കൃഷി വ്യാപിപ്പിച്ചത്. ഇത് ഏകദേശം 39 ശതമാനമാണ്. ഈ ഒന്‍പത് സംസ്ഥാനങ്ങളില്‍ എണ്ണപ്പന കൃഷിക്കായി വിനിയോഗിച്ച ആകെ ഭൂവിസ്തൃതിയുടെ ഏകദേശം 85 ശതമാനവും ആന്ധ്രപ്രദേശും തെലങ്കാനയും ചേര്‍ന്നാണ് കൈവരിച്ചിരിക്കുന്നത്.
പ്രധാന പ്രശ്‌നങ്ങള്‍
പല സംസ്ഥാനങ്ങളിലും എണ്ണപ്പന കൃഷി വ്യാപനം മന്ദഗതിയിലാകുന്നതിന്റെ കാരണങ്ങള്‍ പലതാണ്. അതില്‍ പ്രധാനമായി ചൂണ്ടിക്കാട്ടുന്നത് കൃഷിയിടങ്ങള്‍ക്കടുത്ത് സംസ്‌കരണശാലകളുടെ അഭാവമാണ്. സാധാരണയായി 24 മണിക്കൂറിനുള്ളില്‍ സംസ്‌കരിക്കുന്നത് എണ്ണയുടെ ഗുണനിലവാരം നിലനിര്‍ത്താന്‍ സഹായിക്കും. സംസ്‌കരണശാലകള്‍ ദൂരെയാണെങ്കില്‍ ഗതാഗതച്ചെലവ് വര്‍ധിക്കുകയും കര്‍ഷകരുടെ വരുമാനം കുറയുകയും ചെയ്യും.
സംസ്‌കരണശാലകളില്ലാത്ത പ്രദേശങ്ങളില്‍ കുലകള്‍ നശിച്ചുപോകുന്നതിനും സാധ്യതയുണ്ട്.
അരുണാചല്‍ പ്രദേശില്‍ സംസ്‌കരണശാലകളുടെ അഭാവവും വിപണന-ഗതാഗത പ്രശ്‌നങ്ങളും കര്‍ഷകരുടെ ആത്മവിശ്വാസത്തെ ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. കൂടാതെ വിലയിലെ അനിശ്ചിതത്വവും കര്‍ഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
