25 Nov 2025 3:30 PM IST
കുരുമുളക് , ഇഞ്ചി കൃഷിയില്‍ കാപ്സ്യൂള്‍ കീടനാശിനി പരീക്ഷണം വിജയകരം
MyFin Desk
Summary
പാലക്കാട് ജില്ലയിലെ കുത്തനൂര്‍ കൃഷിഭവനു കീഴിലെ 15 കര്‍ഷകരുടെ കൃഷിയിടത്തിലാണു കാപ്‌സ്യൂള്‍ പരീക്ഷണം വിജയകരമായി നടത്തിയത്.
കുരുമുളക്, ഇഞ്ചി കൃഷികളിലെ രോഗപ്രതിരോധത്തിനും വളര്‍ച്ച മെച്ചപ്പെടുത്താനും നൂതന മാര്‍ഗവുമായി എത്തിയിരിക്കുകയാണ് കൃഷിവകുപ്പ്. പുതുതായി വികസിപ്പിച്ച ബയോ കാപ്‌സ്യൂള്‍ കീടനാശിനിയാണു രോഗപ്രതിരോധത്തിനും ചെടികളുടെ വളര്‍ച്ചയ്ക്കും കര്‍ഷകര്‍ക്ക് ആശ്വാസമായിരിക്കുന്നത്. പാലക്കാട് ജില്ലയിലെ കുത്തനൂര്‍ കൃഷിഭവനു കീഴിലെ 15 കര്‍ഷകരുടെ കൃഷിയിടത്തിലാണു കാപ്‌സ്യൂള്‍ പരീക്ഷണം വിജയകരമായി നടത്തിയത്.
കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് ഡവലപ്‌മെന്റാണ് പിജിപിആര്‍ ബയോ കാപ്‌സ്യൂള്‍ വികസിപ്പിച്ചത്. കാപ്‌സ്യൂള്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ ജില്ലയാണ് പാലക്കാട്. കൃഷിഭവനൊപ്പം ആത്മ ഏജന്‍സിയും പരീക്ഷണത്തിനു കൂട്ടായുണ്ട്. കുരുമുളകിന്റെ വളര്‍ച്ചയ്ക്കും ഉല്‍പാദന വര്‍ധനവിനും സഹായകരമായ വിവിധ പോഷകങ്ങള്‍ മണ്ണില്‍ നിന്നു ലഭ്യമാക്കാന്‍ സഹായിക്കുന്നതാണു കാപ്സ്യൂള്‍.
മണ്ണിനെ പോഷക സമ്പന്നമാക്കാനും ചെടിക്കു രോഗപ്രതിരോധശേഷി നല്‍കാനും സഹായിക്കുന്ന സൂക്ഷ്മ ജീവാണുക്കളുടെ ശേഖരമാണ് കാപ്‌സ്യൂള്‍ രൂപത്തില്‍ തയാറാക്കിയിരിക്കുന്നത്. ഒരു ഗ്രാം വരുന്ന ഒരു കാപ്‌സ്യൂള്‍ 200 ലീറ്റര്‍ വെള്ളത്തില്‍ കലക്കാവുന്നതാണ്. ഇത് ഏകദേശം 100 കുരുമുളക് വള്ളികള്‍ക്കു വരെ ഉപയോഗിക്കാനാകും. ഇഞ്ചിയിലും മഞ്ഞളിലും കാണുന്ന മൂടുചീയലിനും പ്രതിരോധമാര്‍ഗമാണ്. ഇഞ്ചിയുടെ ബാക്ടീരിയല്‍ വാട്ടം കാപ്‌സ്യൂള്‍ വഴി വേഗത്തില്‍ പ്രതിരോധിക്കാം. ഇഞ്ചിവിത്തില്‍ പുരട്ടാനും ഈ മിശ്രിതം ഉപയോഗിക്കാം.
പഠിക്കാം & സമ്പാദിക്കാം
Home
