7 Nov 2026 4:23 PM IST
Supper El Niño; മഴ ചതിച്ചു; കൃഷിക്ക് കേന്ദ്രത്തിന്റെ രക്ഷാപദ്ധതി
MyFin Desk
Summary
രാജ്യത്ത് ആദ്യമായി അടിയന്തര കാര്‍ഷിക പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
സൂപ്പര്‍ എല്‍നിനോ ഇത്രയ്ക്ക് വില്ലനാണോ? തീര്‍ച്ചയായും അതിഭീകരനാണെന്നാണ് കാലാവസ്ഥാ വിഭാഗവും കൃഷി വകുപ്പും ഒരുപോലെ പറയുന്നത്.
എല്‍ നിനോ മൂലം മഴയിലുണ്ടായ കുറവ് കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ റാബി സീസണില്‍ ജാഗ്രതയിലാണ് കേന്ദ്രം.
രാജ്യത്ത് ആദ്യമായി അടിയന്തര കാര്‍ഷിക പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
എല്‍നിനോ പ്രതിഭാസത്തെത്തുടര്‍ന്ന് ഇത്തവണ രാജ്യത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ 12.6 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്.
ഇതാണ് റാബി കൃഷിക്കായി പ്രത്യേക അടിയന്തര പദ്ധതി തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചിരിക്കുന്നത്. റാബി സീസണിനായി ഇത്തരമൊരു പദ്ധതി കേന്ദ്രം തയ്യാറാക്കുന്നത് ഇതാദ്യമായാണ്.
മഴക്കുറവ് പ്രതീക്ഷിക്കുന്ന വര്‍ഷങ്ങളില്‍ സാധാരണ ഖാരിഫ് സീസണിലാണ് കേന്ദ്രം ഇത്തരം പദ്ധതികള്‍ തയ്യാറാക്കാറുള്ളതെന്ന് കാര്‍ഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കൂടിയായ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ എം.എല്‍. ജാട്ട് പറഞ്ഞു.
രാജ്യത്തെ 225 ജില്ലകളെ നിരീക്ഷണത്തിലാക്കി വിത്ത്, വളം എന്നിവയുടെ ലഭ്യതയും ജലസംരക്ഷണവും അടിസ്ഥാനമാക്കിയാണ് അടിയന്തര വിള ആസൂത്രണ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ഭക്ഷ്യവിലക്കയറ്റവും ആശങ്കയാകുന്നു
ഭക്ഷ്യവിലക്കയറ്റ സമ്മര്‍ദം വീണ്ടും ശക്തമാകുന്നതിനിടെയാണ് റാബി കൃഷിക്കുള്ള മുന്നൊരുക്കങ്ങള്‍. സെപ്റ്റംബറില്‍ മൊത്തവില ഭക്ഷ്യപ്പെരുപ്പം 7.74 ശതമാനമായി ഉയര്‍ന്നിരുന്നു.
ഗോതമ്പ്, പയര്‍വര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍ തുടങ്ങിയ പ്രധാന റാബി വിളകളുടെ കൃഷി കുറഞ്ഞാല്‍ ഉല്‍പ്പാദനത്തെ ബാധിക്കാനും വരും മാസങ്ങളില്‍ ഭക്ഷ്യവിലക്കയറ്റം വീണ്ടും ഉയരാനും സാധ്യതയുണ്ട്.
ജലസംഭരണികളിലും ആശങ്ക
കാലവര്‍ഷത്തിലെ മഴക്കുറവും ശക്തിപ്പെടുന്ന എല്‍നിനോ പ്രതിഭാസവും റാബി വിളകള്‍ക്കാവശ്യമായ മണ്ണിലെ ഈര്‍പ്പത്തെയും ജലസംഭരണികളിലെ വെള്ളത്തിന്റെ അളവിനെയും ബാധിക്കുമെന്ന ആശങ്കയുണ്ട്.
കേന്ദ്ര ജല കമ്മീഷന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ 178 പ്രധാന ജലസംഭരണികളിലെ നിലവിലെ ജലശേഖരം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ സംഭരണത്തിന്റെ 72.99 ശതമാനം മാത്രമാണ്. സാധാരണ സംഭരണശേഷിയുടെ 82.56 ശതമാനവും മാത്രമാണ് നിലവിലുള്ളത്.
2026-ലെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മഴക്കുറവോടെയും അസമമായ മഴവിതരണത്തോടെയും അവസാനിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരള്‍ച്ചയ്ക്ക് സമാനമായ സാഹചര്യം നിലനില്‍ക്കുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തെ ശരാശരിയേക്കാള്‍ മണ്ണിലെ ഈര്‍പ്പം കുറഞ്ഞ സംസ്ഥാനങ്ങളില്‍ കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, രാജസ്ഥാന്‍, ഗുജറാത്ത്, പടിഞ്ഞാറന്‍ മധ്യപ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയവ ഉള്‍പ്പെടുന്നു. വടക്കുകിഴക്കന്‍ മേഖലയിലെ ചില പ്രദേശങ്ങളിലും സ്ഥിതി സമാനമാണ്.
അരി പൂഴ്ത്തിവെപ്പിനെതിരെ കേന്ദ്രം
നിലവിലെ സാഹചര്യത്തില്‍ പൂഴ്ത്തിവെപ്പ് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങി.
രാജ്യത്തെ വ്യാപാരികള്‍, ചില്ലറ-മൊത്തവ്യാപാരികള്‍, പ്രോസസര്‍മാര്‍, മില്ലുടമകള്‍ എന്നിവര്‍ കൈവശമുള്ള അരിയുടെയും നെല്ലിന്റെയും സ്റ്റോക്ക് വിവരങ്ങള്‍ നിര്‍ബന്ധമായും പ്രഖ്യാപിക്കണമെന്ന് നവംബര്‍ ആറിന് പുറപ്പെടുവിച്ച ഉത്തരവില്‍ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.
അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അരിയുടെയും നെല്ലിന്റെയും സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്താനും കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്.
ബസ്മതി അരി, നോണ്‍ ബസ്മതി പ്രീമിയം അരി, സാധാരണ നോണ്‍ ബസ്മതി അരി, പുഴുങ്ങലരി, പൊട്ടരി, നെല്ല് എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് സ്റ്റോക്ക് വിവരങ്ങള്‍ നല്‍കേണ്ടത്. സ്റ്റോക്ക് കൈവശമുള്ള എല്ലാ സ്ഥാപനങ്ങളും എല്ലാ വെള്ളിയാഴ്ചയും കേന്ദ്ര ഭക്ഷ്യവകുപ്പിന്റെ ഫുഡ് സ്റ്റോക്ക് പോര്‍ട്ടലില്‍ വിവരങ്ങള്‍ പുതുക്കണം.
പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും അനുവദിച്ച സ്റ്റോക്ക് പരിധി ലംഘിക്കുന്നവര്‍ക്കുമെതിരെ അവശ്യസാധന നിയമം 1955-ലെ ആറാം, ഏഴാം വകുപ്പുകള്‍ പ്രകാരം നടപടിയുണ്ടാകുമെന്നും കേന്ദ്ര ഭക്ഷ്യ മന്ത്രാലയം അറിയിച്ചു
പഠിക്കാം & സമ്പാദിക്കാം
Home
