6 May 2026 3:52 PM IST
Cocoa Prices: കൊക്കോ വില കുതിക്കുമോ? രണ്ട് വര്‍ഷത്തിന് ശേഷം കര്‍ഷകര്‍ക്ക് പ്രതീക്ഷ
MyFin Desk
Summary
ആഫ്രിക്കന്‍ ഉത്പാദന ഇടിവ്, എല്‍ നീനോ പ്രതിഭാസം—കേരളത്തിലെ കൊക്കോ വിപണിക്ക് വീണ്ടും ഉണര്‍വ്
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കേരളത്തിലെ കൊക്കോ കര്‍ഷകര്‍ക്ക് വീണ്ടും പ്രതീക്ഷ. ആഗോള വിപണിയില്‍ കൊക്കോ വില ഉയര്‍ന്നേക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. പ്രധാന ഉത്പാദക രാജ്യങ്ങളായ ഐവറികോസ്റ്റിലും ഘാനയിലും ഉത്പാദനം കുറയുമെന്ന റിപ്പോര്‍ട്ടുകള്‍ വിപണിയെ ചൂടുപിടിപ്പിക്കുന്നു.
എല്‍ നീനോ പ്രതിഭാസം മൂലം മഴ കുറഞ്ഞതും ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തല്‍. ലോകത്തെ കൊക്കോയുടെ ഏകദേശം 60 ശതമാനം ഈ രണ്ട് രാജ്യങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. 2024ല്‍ ഇവിടങ്ങളിലെ ഉത്പാദന ഇടിവിനെ തുടര്‍ന്ന് കേരളത്തില്‍ കൊക്കോ വില റെക്കോര്‍ഡ് തലത്തിലെത്തിയിരുന്നു. അന്ന് ഉണക്ക കൊക്കോ കിലോയ്ക്ക് 1000 രൂപ കടന്നത് ചരിത്ര നേട്ടമായി.
ഇപ്പോള്‍ വിപണിയില്‍ പച്ച കൊക്കോയ്ക്ക് കിലോയ്ക്ക് ഏകദേശം 125 രൂപയും, ഉണക്ക കൊക്കോയ്ക്ക് 300 രൂപയ്ക്കുമുകളിലുമാണ് ലഭിക്കുന്നത്. വില വീണ്ടും ഉയരുമെന്ന പ്രതീക്ഷ കര്‍ഷകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു.
ചെലവ് കുറവുള്ള വിളയായ കൊക്കോ, മറ്റു കൃഷികളുമായി താരതമ്യം ചെയ്യുമ്പോള്‍ പരിപാലനം ലളിതമാണ്. എന്നാല്‍ കാലാവസ്ഥ വ്യതിയാനവും വന്യമൃഗങ്ങളുടെ ശല്യവും കര്‍ഷകര്‍ക്ക് വെല്ലുവിളിയാണ്.
വില വര്‍ധന പ്രതീക്ഷിച്ച് കര്‍ഷകര്‍ പച്ച കൊക്കോ വിറ്റഴിക്കുന്നതിനുപകരം ഉണക്കി വില്‍ക്കുന്നതിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഇത് വിപണിയിലെ ലഭ്യത കുറയ്ക്കുകയും ചോക്ലേറ്റ് കമ്പനികളെ കൂടുതല്‍ വില നല്‍കി ചരക്ക് സ്വന്തമാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ദൗര്‍ലഭ്യ ഭീതിയില്‍ നിര്‍മാതാക്കള്‍ മുന്‍കൂര്‍ കരാറുകള്‍ ഉറപ്പിക്കാന്‍ ശ്രമിക്കുന്നതോടെ, കൊക്കോ വിപണി വീണ്ടും ചൂടുപിടിക്കാനുള്ള സാധ്യത ശക്തമാകുന്നു
പഠിക്കാം & സമ്പാദിക്കാം
Home
