image

8 Jan 2026 8:55 AM IST

Agriculture and Allied Industries

Coconut Farming Costs: നാളികേരവില താങ്ങുവിലയെക്കാൾ ഉയർന്നു : കർഷകരുടെ നേട്ടം കുറയ്ക്കുന്നു ?

MyFin Desk

Coconut Farming Costs: നാളികേരവില താങ്ങുവിലയെക്കാൾ ഉയർന്നു : കർഷകരുടെ നേട്ടം കുറയ്ക്കുന്നു ?
X

Summary

യന്ത്രവത്കരണം കൊണ്ടുവന്നാൽ മാത്രമേ നാളികേരകൃഷി ഭാവിയിൽ ലാഭകരമാകൂ


മാസങ്ങളായി താങ്ങുവിലയെക്കാൾ ഏറെ ഉയർന്നുനിൽക്കുകയാണ് നാളികേര വില എന്നാൽ അതിന്റെ ​ഗുണം ലഭിക്കാതെ കർഷകർ. കൃഷിച്ചെലവിലുണ്ടായ വർധനവാണ് കർഷകരുടെ ലാഭം കുറയ്ക്കുന്നത്. കേരളത്തിൽ ഒരു ഹെക്ടറിലെ കൃഷിച്ചെലവ് ഒറ്റവർഷം കൊണ്ട് 1.66 ലക്ഷം രൂപയിൽ നിന്ന്‌ 1.80 ലക്ഷം രൂപയിലേക്ക് വർധിച്ചു. വർധനവ് 8.12 ശതമാനം.2023-24 വർഷത്തെ കണക്ക് പ്രകാരമാണിത്. തേങ്ങവില കൂടിയതോടെ 2024-25 വർഷവും ഉത്പാദനച്ചെലവിൽ വലിയ ഉയർച്ച ഉണ്ടായിട്ടുണ്ട്. ഇതോടെ കർഷകരുടെ നേട്ടം വീണ്ടും താഴ്ന്നു.

ചെലവ് ഗണ്യമായി കുറയ്ക്കാൻ യന്ത്രവത്കരണം കൊണ്ടുവന്നാൽ മാത്രമേ നാളികേരകൃഷി ഭാവിയിൽ ലാഭകരമാകൂവെന്ന് 2026 വർഷത്തെ കൊപ്ര താങ്ങുവില റിപ്പോർട്ട് ശുപാർശയിൽ പറയുന്നു.നാളികേരകൃഷിയിലെ ചെലവിൽ ഏറിയപങ്കും മാനുഷന്റെ അധ്വാനത്തിനാണ്. തൊഴിലാളികൾക്കുള്ള കൂലി, കുടുംബാംഗങ്ങളുടെ അധ്വാനം എന്നിവയിലാണ് ഈ ചെലവ്. ഈയിനത്തിൽ മാത്രം 1.18 ലക്ഷം രൂപ ചെലവുണ്ട്.

രാജ്യത്തെ ഏറ്റവും ഉയർന്ന ചെലവാണിത്. 2022-23 വർഷത്തെ അപേക്ഷിച്ച് കൂലിയിൽമാത്രം 21.5 ശതമാനം വർധനയുണ്ടായി. 67,707 രൂപയിൽനിന്ന്‌ 82,268 രൂപയിലെത്തി. അതേസമയം കുടുംബാംഗങ്ങളുടെ അധ്വാനത്തിൽ 15.3 ശതമാനം കുറവുണ്ടായി. ഹെക്ടറിന് 36,680 രൂപയാണ് കുടുംബാംഗങ്ങളുടെ അധ്വാനത്തിനായി കണക്കാക്കിയത്. മുൻവർഷം ഇത് 43,302 രൂപയായിരുന്നു.

നിലവിൽ യന്ത്രവത്കരണം പേരിനുമാത്രമാണ് തെങ്ങുകൃഷിയിൽ. ഒരു ഹെക്ടറിൽ യന്ത്രം ഉപയോഗിക്കുന്നതിലെ ചെലവ് കേരളത്തിൽ വെറും 185 രൂപമാത്രം. കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾ കേരളത്തെക്കാൾ കൂടുതൽ യന്ത്രങ്ങൾ കേരകൃഷിയിൽ ഉപയോഗിക്കുന്നുണ്ട്. കർണാടകയിൽമാത്രം 4020 രൂപ ഈയിനത്തിൽ ചെലവുണ്ട്.

വളം, കീടനാശിനി എന്നീ വിഭാഗത്തിൽ 23,947 രൂപയാണ് കേരളത്തിലെ ചെലവ്. ഇതും മുൻവർഷത്തെക്കാൾ 12 ശതമാനം അധികമാണ്. കേരളത്തിലാണ് ഈ ചെലവ് ഏറ്റവുംകൂടുതൽ. ജലസേചനം, പലിശ, മറ്റിനങ്ങൾ എന്നിവയിൽ 8751 രൂപ ചെലവുണ്ട്. ബാക്കി എസ്റ്റാബ്ലിഷ്‌മെന്റ് ചെലവാണ്. ഇത് മാറ്റിനിർത്തിയാൽത്തന്നെ കേരളത്തിലെ കൃഷിച്ചെലവ് ഹെക്ടറിന് 1.51 ലക്ഷം രൂപയാണ്. മുൻവർഷത്തെക്കാൾ 8.4 ശതമാനമാണ് വർധന.

കൃഷിച്ചെലവിലെ വർധനവ് കർഷകരുടെ മൊത്തവരുമാനത്തെ ബാധിച്ചിട്ടുണ്ട്. 2023-24 വർഷത്തെ ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിലെ കർഷകരുടെ മൊത്തവരുമാനത്തിലുളള നേട്ടം 66.8 ശതമാനം ആണ്. സമീപവർഷങ്ങളിലെ ഏറ്റവും കുറവ് നിരക്കാണിത്. 2022-23 വർഷം 80 ശതമാനമായിരുന്നു നേട്ടം. അതിനുമുൻപ്‌ 85 ശതമാനവും. ആന്ധ്രപ്രദേശിൽ കേരളത്തെ അപേക്ഷിച്ച് ചെലവ് കുറവായതിനാൽ അവിടത്തെ നാളികേരക്കർഷകർക്ക് കൃഷിയിൽനിന്ന് 333 ശതമാനം നേട്ടമുണ്ട്. തമിഴ്‌നാട്ടിൽ ഇത് 105.3 ശതമാനമാണ്. കർണാടകയിലാണ് നേട്ടം കുറവ്. 34.2 ശതമാനം.