image

2 Dec 2025 12:48 PM IST

Agriculture and Allied Industries

കാപ്പി കര്‍ഷകരെ വലച്ച് തൊഴിലാളി ക്ഷാമം

MyFin Desk

coffee is also bitter filter coffee will be premium
X

Summary

വിളവെടുക്കാന്‍ കഴിയാത്തതിനാല്‍ കാപ്പിക്കുരു വീണ് നശിക്കുകയാണ്.


കേരളത്തില്‍ കാപ്പി ഉല്‍പ്പാദനത്തില്‍ മുന്നിലുള്ള ജില്ലയാണ് വയനാട്. എന്നാല്‍ ഇത്തവണ ഉല്‍പ്പാദനം ഇടിയുമെന്ന ആശങ്ക ശക്തമാണ്. വയനാട് ജില്ലയില്‍ പലയിടത്തും കാപ്പി കുരു മൂപ്പെത്തിയിട്ടും വിളവെടുക്കാന്‍ തൊഴിലാളികളെ കിട്ടാത്ത അവസ്ഥയാണ്.

ഗ്രാമീണ മേഖലയിലും വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്തെ കര്‍ഷകരുമാണ് തൊഴിലാളികളെ ലഭിക്കാത്തതിനെത്തുടര്‍ന്ന് വിളവെടുപ്പ് നടത്താന്‍ കഴിയാത്ത അവസഥയുള്ളത്. പാകമായ കാപ്പിക്കുരു വിളവെടുക്കാത്തതിനാല്‍ ഇവ ഉണങ്ങി പൊട്ടി പരിപ്പു വേര്‍പെട്ട് കൊഴിഞ്ഞു വീഴുകയാണ്.ഇടയ്ക്കിടെയുണ്ടാകുന്ന മഴയും ഇരുണ്ട അന്തരീക്ഷവും കര്‍ഷകരെ ആശങ്കയിലാക്കുന്നുണ്ട്. കാപ്പിക്ക് നല്ല വിലയുണ്ടെങ്കിലും പറിച്ചുവില്‍ക്കാന്‍ സാധിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കാപ്പി ഒരുമിച്ച് പഴുക്കാന്‍ നല്ല വെയില്‍ കിട്ടേണ്ടത് ആവശ്യമാണ്.

കീടങ്ങളുടെ ആക്രമണവും കര്‍ഷകരെ ദുരിതത്തിലാക്കുകയാണ്. കൂടാതെ മരപ്പട്ടി, കുരങ്ങ്, മാന്‍, മയില്‍, കാട്ടാന എന്നിവയും മോഷ്ടാക്കളുടെ ശല്യവും രൂക്ഷമാണ്. വിളവെടുപ്പ് കാലത്ത് തൊഴിലുറപ്പ് പണികള്‍ നിര്‍ത്തിവച്ചു തൊഴിലാളികളെ ലഭ്യമാക്കണമെന്നു കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ കുറച്ച് വര്‍ഷമായി കാലാവസ്ഥയിലെ വ്യതിയാനം കാപ്പിക്കൃഷിയെ കാര്യമായി ബാധിച്ചു. വിളവെടുപ്പ് സീസണ്‍ അടുത്തപ്പോള്‍ കാപ്പിക്കുരു പറിക്കാനും ഉണക്കാനും കഴിയാത്ത സാഹചര്യമാണുള്ളത്. പറിച്ചെടുത്ത കാപ്പി 10 മുതല്‍ 12 ദിവസം വരെ വെയിലത്ത് ഉണക്കണം. എന്നാല്‍ മൂടിക്കിടക്കുന്ന കാലാവസ്ഥയില്‍ ഇത് സാധ്യമല്ല.