image

17 Dec 2025 4:01 PM IST

Agriculture and Allied Industries

'വയനാട്ടിലെ കാപ്പി കര്‍ഷകര്‍ നേരിടുന്നത് ഗുരുതര പ്രതിസന്ധി'

MyFin Desk

വയനാട്ടിലെ കാപ്പി കര്‍ഷകര്‍  നേരിടുന്നത് ഗുരുതര പ്രതിസന്ധി
X

Summary

വയനാട്ടില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം മുതല്‍ വിള ഇന്‍ഷുറന്‍സ് പരാജയങ്ങള്‍ വരെ സംഭവിക്കുന്നു


വയനാട്ടിലെ കാപ്പി കര്‍ഷകര്‍ രൂക്ഷമായ പ്രതിസന്ധി നേരിടുന്നതായി അത്ലറ്റും രാജ്യസഭാംഗവുമായ പി ടി ഉഷ. മനുഷ്യ-വന്യജീവി സംഘര്‍ഷം മുതല്‍ വിള ഇന്‍ഷുറന്‍സ് പരാജയങ്ങള്‍ വരെ ജില്ലയില്‍ സംഭവിക്കുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഏകോപിതവും സമയബന്ധിതവുമായ നടപടി സ്വീകരിക്കണമെന്ന് അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

രാജ്യത്തെ ഏറ്റവും പ്രശസ്തയായ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്ലറ്റുകളില്‍ ഒരാളും കോഴിക്കോട് ജില്ലക്കാരിയുമായ ഉഷ സീറോ അവറില്‍ ഈ വിഷയം ഉന്നയിച്ചുകൊണ്ട്, രാജ്യത്തിന്റെ കാപ്പി സമ്പദ്വ്യവസ്ഥയ്ക്കും ഗ്രാമീണ ഉപജീവനമാര്‍ഗ്ഗത്തിനും വയനാട് ഗണ്യമായ സംഭാവന നല്‍കുന്നുണ്ടെന്ന് പറഞ്ഞു.

ഈ മേഖലയിലെ വനങ്ങളില്‍നിന്നും മൃഗങ്ങള്‍ ഭക്ഷണം തേടി അടുത്തുള്ള തോട്ടങ്ങളിലേക്ക് ഇറങ്ങുന്നു. ഇത് വിള നശീകരണത്തിന് കാരണമാകുന്നു. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവുമായും സംസ്ഥാന വനം വകുപ്പുമായും ഏകോപിപ്പിച്ച് ശാസ്ത്രീയ വന്യജീവി പരിപാലന നടപടികള്‍ ഉടനടി സ്വീകരിച്ചില്ലെങ്കില്‍, തോട്ടങ്ങള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങളും ജീവഹാനിയും തിരിച്ചെടുക്കാനാവാത്തതായിത്തീരുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

വിള ഇന്‍ഷുറന്‍സിനെക്കുറിച്ച് ഉഷ പറഞ്ഞത്, നഷ്ടം വിലയിരുത്തല്‍ സംവിധാനങ്ങള്‍ കാലഹരണപ്പെട്ടതും പിഴവുകളുള്ളതുമായതിനാല്‍ കര്‍ഷകര്‍ക്ക് നീതി നല്‍കുന്നതില്‍ ഈ സംവിധാനം പരാജയപ്പെട്ടു എന്നാണ്. പ്രത്യേകിച്ച് കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ വരള്‍ച്ച, വെള്ളപ്പൊക്കം, ക്രമരഹിതമായ മഴ എന്നിവ ഇവിടെ പതിവാണ്.

ഇന്‍ഷുറന്‍സ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുന്നതിനും സമയബന്ധിതവും നീതിയുക്തവുമായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനുമായി എല്ലാ പങ്കാളികളുടെയും സംയുക്ത യോഗം വിളിക്കണമെന്ന് അവര്‍ കോഫി ബോര്‍ഡിനോട് ആവശ്യപ്പെട്ടു.

തോട്ടം പ്രവര്‍ത്തനങ്ങളെ തളര്‍ത്തുന്ന രൂക്ഷമായ തൊഴിലാളി ക്ഷാമം എടുത്തുകാണിച്ചുകൊണ്ട്, യന്ത്രവല്‍ക്കരണം ഇനി ഒരു തിരഞ്ഞെടുപ്പല്ല, മറിച്ച് ഒരു ആവശ്യകതയാണെന്നും ഉഷ പറഞ്ഞു.

പൂക്കാലം വരുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജലസേചനത്തില്‍ ഇടപെടുന്നത് എംപി ചൂണ്ടിക്കാട്ടി. സ്വകാര്യ ജലസ്രോതസ്സുകളെ പോലും അധികൃതര്‍ പലപ്പോഴും നിയന്ത്രിക്കുന്നുണ്ടെന്നും ഇത് കാപ്പി തോട്ടക്കാരുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.