image

19 Sept 2026 5:51 PM IST

Agriculture and Allied Industries

കൊപ്ര വില ഉയരുമെന്ന് പ്രവചനം; ഉത്സവ സീസണില്‍ ഡിമാന്‍ഡ്

Thulasi Prasad

കൊപ്ര വില ഉയരുമെന്ന് പ്രവചനം; ഉത്സവ സീസണില്‍ ഡിമാന്‍ഡ്
X

Summary

വരാനിരിക്കുന്ന ഉത്സവ സീസണില്‍ തേങ്ങയ്ക്കും കൊപ്രയ്ക്കും ആവശ്യകത വര്‍ധിക്കുമെന്നാണ് വിപണി നിരീക്ഷണം


ഒക്ടോബറില്‍ കൊപ്ര വില ഉയരുമെന്ന് പ്രവചനം. ഉത്സവ സീസണില്‍ നാളികേരത്തിനും അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും ആവശ്യകത ഉയരുന്നതോടെ ഒക്ടോബറില്‍ കൊപ്ര വില കിലോയ്ക്ക് 145 മുതല്‍ 150 രൂപ വരെ എത്തിയേക്കുമെന്നാണ് തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയുടെ (TNAU) വിലയിരുത്തല്‍.

തമിഴ്നാട്ടിലെ പ്രധാന കൊപ്ര വിപണികളിലൊന്നായ ആനമലൈയിലെ 25 വര്‍ഷത്തെ വിപണി സാഹചര്യങ്ങളും വിലയിലെ മുന്‍കാല പ്രവണതകളും അടിസ്ഥാനമാക്കിയാണ് സര്‍വകലാശാലയുടെ വില പ്രവചനം. തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയുടെ ഡൊമസ്റ്റിക് ആന്‍ഡ് എക്സ്പോര്‍ട്ട് മാര്‍ക്കറ്റ് ഇന്റലിജന്‍സ് സെല്ലാണ് ഇത് സംബന്ധിച്ച വിശകലനം നടത്തിയത്.

ഉത്സവ ആവശ്യകത

വരാനിരിക്കുന്ന ഉത്സവ സീസണില്‍ തേങ്ങയ്ക്കും കൊപ്രയ്ക്കും ആവശ്യകത വര്‍ധിക്കുമെന്നാണ് വിപണി നിരീക്ഷണം. ഉത്സവകാലത്ത് ഭക്ഷ്യവസ്തുക്കള്‍ക്കും പലഹാരങ്ങള്‍ക്കും മറ്റ് തേങ്ങ അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ക്കും ഡിമാന്‍ഡ് ഉയരുന്നത് കൊപ്ര വിപണിയിലും പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ. ഇതിന്റെ ഭാഗമായി ഒക്ടോബറില്‍ കൊപ്ര വില ഉയര്‍ന്ന നിലയില്‍ തുടരാന്‍ സാധ്യതയുണ്ടെന്നാണ് TNAUയുടെ വിലയിരുത്തല്‍.

ഇന്ത്യയിലെ ഒരു പ്രധാന തോട്ടം വിളയാണ് തെങ്ങ്. ലക്ഷക്കണക്കിന് കര്‍ഷകരുടെ ഉപജീവനത്തിനും വരുമാന സുരക്ഷയ്ക്കും ഒപ്പം, വിവിധതരം സംസ്‌കരണ-മൂല്യവര്‍ധിത വ്യവസായങ്ങളെയും ഇത് താങ്ങി നിര്‍ത്തുന്നു. ലോകത്തിലെ ഏറ്റവും വലിയ നാളികേര ഉല്‍പ്പാദക രാജ്യമാണ് ഇന്ത്യ. ആഗോള ഉല്‍പ്പാദനത്തിന്റെ 30.37 ശതമാനവും ഇവിടെനിന്നാണ്. 21.90 ലക്ഷം ഹെക്ടറില്‍ നിന്ന് 139.70 ലക്ഷം ടണ്‍ നാളികേരം രാജ്യം ഉത്പാദിപ്പിക്കുന്നതായാണ് 2024-25 ലെ കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയത്തിന്റെ അന്തിമ കണക്കുകള്‍ വ്യക്തമാക്കുന്നത്.

നാളികേരത്തിൻ്റെ നാട്

ഇന്ത്യയിലെ നാളികേര ഉല്‍പ്പാദനത്തിന്റെ ഏകദേശം 92 ശതമാനവും തമിഴ്നാട്, കര്‍ണാടക, കേരളം, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നാണ്. 5.06 ലക്ഷം ഹെക്ടറില്‍ നിന്ന് 43.04 ലക്ഷം നാളികേരം ഉത്പാദിപ്പിക്കുന്ന തമിഴ്നാടാണ് ഇവയില്‍ മുന്നില്‍. കോയമ്പത്തൂര്‍, തിരുപ്പൂര്‍, തഞ്ചാവൂര്‍, ദിണ്ടിഗല്‍, തേനി, കന്യാകുമാരി, ഈറോഡ് എന്നിവയാണ് സംസ്ഥാനത്തെ പ്രധാന തേങ്ങ ഉത്പാദന ജില്ലകള്‍.

അതേസമയം കാലാവസ്ഥയും നാളികേര ഉല്‍പ്പാദനത്തെയും കൊപ്രയുടെ ലഭ്യതയെയും നേരിട്ട് ബാധിക്കുന്ന ഘടകമാണ്. മഴയുടെ ലഭ്യത, തേങ്ങയുടെ ഉല്‍പ്പാദനം, കൊപ്രയാക്കുന്നതിനുള്ള സാഹചര്യം തുടങ്ങിയവയും വിപണി വിലയെ സ്വാധീനിക്കും. അതിനാല്‍ ഒക്ടോബറിലെ യഥാര്‍ഥ വില നിലവാരം നിരവധി ഘടകങ്ങളെ ആശ്രയിച്ചായിരിക്കും നിര്‍ണയിക്കപ്പെടുക.

വില നിർണയ ഘടകങ്ങൾ

കാലാവസ്ഥ, ഉല്‍പ്പാദനം, വിപണിയിലെ വരവ്, ഡിമാന്‍ഡ് തുടങ്ങിയ ഘടകങ്ങള്‍ അനുസരിച്ച് കൊപ്ര വിലയില്‍ മാറ്റമുണ്ടാകാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ വിവിധ വിപണികളിലെ കൊപ്ര ലഭ്യതയും വിലയിലെ മാറ്റവും വരും ദിവസങ്ങളില്‍ നിര്‍ണായകമാകും. ആവശ്യകതയ്ക്കനുസരിച്ച് വിപണിയിലെത്തുന്ന കൊപ്രയുടെ അളവില്‍ കുറവുണ്ടായാല്‍ വിലയില്‍ കൂടുതല്‍ സമ്മര്‍ദമുണ്ടാകാനും സാധ്യതയുണ്ട്.

കൊപ്ര വില ഉയരുന്നത് നാളികേര കര്‍ഷകര്‍ക്ക് അനുകൂലമാകുമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍. ഒക്ടോബറിലെ വിപണി സാഹചര്യം കര്‍ഷകരും വ്യാപാരികളും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.