19 Nov 2025 5:13 PM IST
കൊപ്ര വില തുടര്‍ച്ചയായ ഇടിവില്‍. കാപ്പി വിപണയില്‍ ഭീതി പരത്തി വിളനാശം.
MyFin Desk
Summary
നേരിയ ഉണര്‍വില്‍ റബര്‍ വിപണി.
നാളികേര ഉല്‍പാദകരെ ഞെട്ടിച്ച് കൊപ്ര വില വീണ്ടും ഇടിഞ്ഞു. തമിഴ്നാട്ടിലെ കാങ്കയം വിപണിയില്‍ കൊപ്ര വില ഇന്ന് ക്വിന്റ്റലിന് 425 രൂപ കുറഞ്ഞ് 20,300 രൂപയായി. വില ഇടിവിനെ തുടര്‍ന്ന് സ്റ്റോക്കുള്ള കൊപ്രയും പച്ചതേങ്ങയും വിറ്റഴിക്കാന്‍ ഉല്‍പാദകര്‍ കോയമ്പത്തുര്‍, പൊള്ളാച്ചി, പഴനി വിപണികളില്‍ പരക്കം പാഞ്ഞു. അതേ സമയം മില്ലുകാര്‍ വെളിച്ചെണ്ണ വില അമിതമായി താഴ്ത്താന്‍ തയ്യാറായില്ല. എണ്ണ വില 325 രൂപ മാത്രമാണ് കുറച്ചത്. വ്യവസായികളുടെ ഈ നീക്കം മൂലം കര്‍ഷകര്‍ക്ക് കനത്ത സാമ്പത്തിക നഷ്ടം നേരിടും.
ദക്ഷിണേന്ത്യയില്‍ കാപ്പി ഉല്‍പാദനം ഏക്കാലത്തെയും ഉയര്‍ന്ന തലത്തിലേയ്ക്ക് നീങ്ങുമെന്ന പ്രതീക്ഷയ്ക്ക് ഇടയില്‍ കര്‍ണാടകത്തിലെ തോട്ടങ്ങളില്‍ വന്‍ വിളനാശം. കഴിഞ്ഞ മാസങ്ങളിലെ മഴയില്‍ വ്യാപകമായി കാപ്പി കുരുക്കള്‍ ഒട്ടുമില്ല തോട്ടങ്ങളിലും അടര്‍ന്ന് വീണതായാണ് കൂര്‍ഗ്ഗ്, ചിക്കമംഗലൂര്‍, ഹസ്സന്‍ മേഖലകളില്‍ നിന്നുള്ള വിവരം. ഏകദേശം 30,000 ടണ്‍ കാപ്പി കുരു നഷ്ടപ്പെട്ടതായാണ് വിലയിരുത്തല്‍. കേരളത്തിലെ വിളനാശം സംഭവിച്ചെങ്കിലും അത് സംബന്ധിച്ച കണക്കുകള്‍ ഒന്നും കൃഷി വകുപ്പ് ശേഖരിച്ചിട്ടില്ല. കര്‍ണാടകത്തില്‍ അറബിക്ക കാപ്പി ഉല്‍പാദനം 1.2 ലക്ഷം ടണ്ണും റോബസ്റ്റ 2.7 ലക്ഷം ടണ്ണും ഉല്‍പാദനം പ്രതീക്ഷിക്കുന്നു.
റബര്‍ വിലയില്‍ നേരിയ ഉണര്‍വ് ദൃശ്യമായി. ടയര്‍ കമ്പനികളും ഉത്തരേന്ത്യന്‍ വ്യാപാരികളും റബര്‍ ഷീറ്റ് ശേഖരിക്കാന്‍ കാണിച്ച ഉത്സാഹം നാലാം ഗ്രേഡിനെ കിലോ 186 രൂപയിലേയ്ക്കും അഞ്ചാം ഗ്രേഡിന്റെ 183 ലേയ്ക്കും ഉയര്‍ത്തി. ഒട്ടുപാല്‍, ലാറ്റക്സ് വിലകളില്‍ മാറ്റമില്ല.
പഠിക്കാം & സമ്പാദിക്കാം
Home
