12 March 2026 7:54 PM IST
പരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നു
MyFin Desk
Summary
ഈ സീസണിലെ വിളവെടുപ്പില്‍ നിന്ന് 17.50 ലക്ഷം ബെയ്‌ലുകള്‍ ഇതിനോടകം വിറ്റഴിച്ചു
രാജ്യത്തെ പരുത്തി സംഭരണം റെക്കോഡിലേക്കെന്ന് കോട്ടണ്‍ കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ. 2025-2026 നടപ്പ് വിപണന സീസണില്‍ സിസിഐ മിനിമം താങ്ങുവിലയ്ക്ക് സംഭരിച്ച പരുത്തിയുടെ അളവ് 104 ലക്ഷം ബെയ്‌ലുകള്‍ കടന്നു. 2024-2025 വിപണന സീസണില്‍ ഇത് 100.16 ലക്ഷം ബെയ്‌ലുകളായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാല് ശതമാനം വര്‍ധനയാണ് ഈ വര്‍ഷത്തെ പരുത്തി സംഭരണത്തില്‍ ഉണ്ടായത്.
എറ്റവും കൂടുതല്‍ പരുത്തി സംഭരിച്ച സംസ്ഥാനങ്ങളില്‍ തെലങ്കാനയാണ് ഒന്നാംസ്ഥാനത്തുള്ളത്. മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളത്.
സംസ്ഥാനങ്ങളിലെ ബെയ്‌ലുകളുടെ സംഭരണം യഥാക്രമം ഇങ്ങനെയാണ്:
സംസ്ഥാനം | സംഭരണം (ലക്ഷം ബെയ്‌ലുകൾ) |
| തെലങ്കാന | 31.70 |
മഹാരാഷ്ട്ര | 27.23 |
| ഗുജറാത്ത് | 19.96 |
കർണാടക | 7.01 |
മധ്യപ്രദേശ് | 5.55 |
ആന്ധ്രാപ്രദേശ് | 3.90 |
രാജസ്ഥാൻ | 3.46 |
ഒഡീഷ | 2.70 |
ഹരിയാന | 2.04 |
പഞ്ചാബ് | 0.47 |
പരുത്തി സംഭരണം അവസാനഘട്ടത്തിലാണ്. മാര്‍ച്ച് 13-ഓടെ സംഭരണം പൂര്‍ത്തിയാകുമെന്നും നിലവില്‍ 104.01 ലക്ഷം ബെയിലുകള്‍ സംഭരിച്ചു കഴിഞ്ഞതായും കോട്ടണ്‍ കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ലളിത് കുമാര്‍ ഗുപ്ത വ്യക്തമാക്കി. കൂടാതെ, ഈ സീസണിലെ വിളവെടുപ്പില്‍ നിന്ന് 17.50 ലക്ഷം ബെയ്‌ലുകള്‍ സിസിഐ ഇതിനോടകം വിറ്റഴിച്ചതായും അദ്ദേഹം പറഞ്ഞു. 2019-20 വിപണന സീസണിലാണ് 1.05 കോടി ബെയിലുകളുടെ റെക്കോര്‍ഡ് സംഭരണം നടന്നത്. അതിനുശേഷം സിസിഐ നടത്തുന്ന ഏറ്റവും വലിയ രണ്ടാമത്തെ പരുത്തി സംഭരണമാണിത്.
2025-2026 സീസണില്‍, പരുത്തി ഉല്‍പാദനം 170 കിലോഗ്രാം വീതമുള്ള 290.91 ലക്ഷം ബെയ്‌ലുകളായിരിക്കാം എന്നാണ് കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ വര്‍ഷം 297.24 ലക്ഷത്തിന്റെ ഉല്പാദനം നടന്നിരുന്നു. മഴക്കെടുതിയും കൃഷിഭൂമിയുടെ കുറവും കാരണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഉല്പാദനം കുറയുമെന്നാണ് കൃഷിമന്ത്രാലയത്തിന്റെ പ്രവചനം.
അതേസമയം മഹാരാഷ്ട്രയിലും തെലങ്കാനയിലും പ്രതീക്ഷിച്ചതിലും കൂടുതല്‍ ഉല്‍പ്പാദനം നടന്നതിനെ തുടര്‍ന്ന്, 2025-26 വര്‍ഷത്തെ പരുത്തി ഉല്‍പ്പാദന കണക്കുകളില്‍ കോട്ടണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ മാറ്റം വരുത്തി. മുന്‍പ് കണക്കാക്കിയതിനേക്കാള്‍ 2.5 ശതമാനത്തിന്റെ (7.5 ലക്ഷം ബെയ്ല്‍) വര്‍ധനവോടെ ആകെ ഉല്‍പ്പാദനം 317 ലക്ഷം ബെയ്‌ലുകളായി ഉയരുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ വര്‍ഷം 50 ലക്ഷം ബെയ്ലുകളുടെ റെക്കോര്‍ഡ് ഇറക്കുമതി നടന്നതിനാല്‍, സീസണ്‍ അവസാനിക്കുമ്പോള്‍ 122.59 ലക്ഷം ബെയ്ലുകളുടെ മിച്ചമുണ്ടാകുമെന്ന് CAI പ്രവചിക്കുന്നു. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 56 ശതമാനം കൂടുതലാണ്.
പഠിക്കാം & സമ്പാദിക്കാം
Home
