27 Dec 2025 10:13 AM IST
ആഭ്യന്തര വിപണിയില്‍ മുട്ട വില കുറയുന്നില്ല : ന്യൂയര്‍ വരെ ഇനി നോക്കണ്ട
MyFin Desk
Summary
ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ 7.50 രൂപ വരെ. ന്യൂയര്‍ വരെ വില ഉയര്‍ന്നു നില്‍ക്കും
ക്രിസ്മസ് കഴിഞ്ഞിട്ടും മുട്ടവിലയില്‍ കുറവില്ല. കഴിഞ്ഞ നാലുദിവസമായി മുട്ടവില മാറ്റമില്ലാതെ തുടരുകയാണ്. പുതുവര്‍ഷം വരെ ഇതേവില തുടരുമെന്നാണ് സൂചന. ഡിസംബര്‍ ഒന്നിന് 6.10 രൂപയായിരുന്നു വില. തുടര്‍ച്ചയായി 12 ദിവസം ഇതേവില തുടര്‍ന്നെങ്കിലും പിന്നീട് കൂടാന്‍ തുടങ്ങുകയായിരുന്നു. ഓരോദിവസവും അഞ്ചു പൈസ വീതമാണ് കൂടിയത്. ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ വില 7.30 രൂപ മുതല്‍ എട്ട് രൂപവരെയാണ്.
ക്രിസ്മസ് ന്യൂയര്‍ പ്രമാണിച്ച് കേക്ക് നിര്‍മാണം സജീവമായതും ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും ഒരുപോലെ ആവശ്യക്കാര്‍ കൂടുതലായതുമാണ് വില കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഉത്പാദനം കുറഞ്ഞതും വില കൂടാന്‍ കാരണമാണെന്ന് നാഷണല്‍ എഗ് കോഡിനേഷന്‍ കമ്മിറ്റി പറയുന്നു.
നാമക്കലില്‍ ചരിത്ര വില
ദക്ഷിണേന്ത്യയിലെ പ്രധാന മുട്ടയുത്പാദന കേന്ദ്രമായ നാമക്കലില്‍ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വിലയാണ് കോഴിമുട്ടയ്ക്ക്. ആറുരൂപയില്‍ കൂടുതല്‍ വില വരുന്നതുതന്നെ ആദ്യമാണ്. തണുപ്പുകാലത്ത് ഉത്പാദനം കുറയുന്നത് മൂലം വില കൂടുന്നത് സാധാരണമാണ്. എന്നാല്‍, ഇത്തവണ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാണ് വില കുതിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ മാര്‍ച്ച് വരെ വിലയില്‍ കാര്യമായ കുറവുണ്ടാവില്ലെന്നാണ് പറയുന്നത്. എഗ് കോഡിനേഷന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം മുട്ടയുടെ മൊത്തവില നാമക്കലിലാണ് ഏറ്റവും കുറവ്. വിജയവാഡയില്‍ ഏഴുരൂപയും ബെംഗളൂരുവില്‍ 7.05 രൂപയും ഹൈദരാബാദില്‍ 6.75 രൂപയുമാണ് വില. ഡല്‍ഹിയില്‍ 7.50 രൂപയാണ് വില. മുംബൈയില്‍ 7.35 രൂപയും. കുറഞ്ഞ വിലയായതിനാല്‍ നാമക്കല്‍ മുട്ടയ്ക്ക് എല്ലായിടത്തുനിന്നും ആവശ്യക്കാരുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
