image

22 Jun 2026 1:14 PM IST

Agriculture and Allied Industries

ആഗോള പഞ്ചസാര വിപണിയില്‍ മധുരം കുറയും; ഇന്ത്യ കയറ്റുമതിയില്‍നിന്ന് പിന്മാറുന്നു

MyFin Desk

ആഗോള പഞ്ചസാര വിപണിയില്‍ മധുരം കുറയും;  ഇന്ത്യ കയറ്റുമതിയില്‍നിന്ന് പിന്മാറുന്നു
X

Summary

ഇന്ത്യയുടെ പിന്മാറ്റം ഏഷ്യ, ആഫ്രിക്ക, പശ്ചിമേഷ്യ തുടങ്ങിയ മേഖലകളിലെ ഇറക്കുമതി രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുകയും ലണ്ടനിലെയും ന്യൂയോര്‍ക്കിലെയും അന്താരാഷ്ട്ര വിപണിയില്‍ പഞ്ചസാരയുടെ വില കുത്തനെ ഉയര്‍ത്തുകയും ചെയ്യും


എല്‍ നിനോ കാലാവസ്ഥാ പ്രതിഭാസവും കരിമ്പില്‍ നിന്നുള്ള എത്തനോള്‍ ഉല്‍പാദനത്തിനായുള്ള ആവശ്യകതയും വര്‍ധിച്ചതോടെ, ആഗോള പഞ്ചസാര വിപണിയില്‍ നിന്ന് ഇന്ത്യ ദീര്‍ഘകാലത്തേക്ക് വിട്ടുനില്‍ക്കാനൊരുങ്ങുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ പഞ്ചസാര കയറ്റുമതിക്കാരായിരുന്ന ഇന്ത്യ, അടുത്ത മൂന്ന് സീസണുകളിലും കാര്യമായി കയറ്റുമതി ചെയ്യില്ല. ഇത് ഏഷ്യ, ആഫ്രിക്ക, പശ്ചിമേഷ്യ തുടങ്ങിയ മേഖലകളിലെ ഇറക്കുമതി രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുകയും ലണ്ടനിലെയും ന്യൂയോര്‍ക്കിലെയും അന്താരാഷ്ട്ര വിപണിയില്‍ പഞ്ചസാരയുടെ വില കുത്തനെ ഉയര്‍ത്തുകയും ചെയ്യും.

എല്‍ നിനോ മൂലം ഇന്ത്യയിലെ മണ്‍സൂണ്‍ മഴയിലുണ്ടാകുന്ന കുറവ് കരിമ്പ് കൃഷിയെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇതിനകം തന്നെ മണ്‍സൂണ്‍ മഴയില്‍ 40 ശതമാനത്തോളം കുറവുണ്ടായതോടെ പലയിടത്തും കര്‍ഷകര്‍ കരിമ്പിന് പകരം മറ്റ് വിളകളിലേക്ക് തിരിഞ്ഞുതുടങ്ങി. ഇത് ഉല്‍പാദനം ഗണ്യമായി കുറയ്ക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഈ സീസണില്‍ ഉല്‍പാദനം 27.9 ദശലക്ഷം ടണ്ണായി ചുരുങ്ങുമെന്നാണ് കണക്കാക്കുന്നത്, ഇത് രാജ്യത്തിന്റെ വാര്‍ഷിക ഉപഭോഗത്തേക്കാള്‍ താഴെയാണ്. തല്‍ഫലമായി, ഇന്ത്യയിലെ മില്ലുകളിലെ പഞ്ചസാര ശേഖരം മൂന്ന് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

എത്തനോളിനും മുൻഗണന നൽകും

ആഭ്യന്തര വിപണിയില്‍ പഞ്ചസാരയുടെ ലഭ്യത ഉറപ്പാക്കുന്നതിനായി കയറ്റുമതി നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി മുന്നോട്ടുപോകാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. പഞ്ചസാരയുടെ വിലവര്‍ധനവ് തടയുന്നതിന്, ഓരോ സീസണിലും കയറ്റുമതി അനുമതികള്‍ തടഞ്ഞുവെക്കുന്ന രീതിയാണ് സര്‍ക്കാര്‍ അവലംബിക്കുന്നത്. ആഭ്യന്തര ആവശ്യങ്ങള്‍ക്കും എത്തനോള്‍ നിര്‍മ്മാണത്തിനും മുന്‍ഗണന നല്‍കാനും കയറ്റുമതിക്കായി ലോബിയിംഗ് നടത്തേണ്ടതില്ലെന്നും സര്‍ക്കാര്‍ മില്ലുകള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

ബ്രസീലും തായ്ലന്‍ഡും ഉള്‍പ്പെടെയുള്ള മറ്റ് മുന്‍നിര പഞ്ചസാര കയറ്റുമതി രാജ്യങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെയും എത്തനോള്‍ ആവശ്യകതയുടെയും സമ്മര്‍ദ്ദത്തിലാണ്. ഈ സാഹചര്യത്തില്‍, ആഗോള വിപണിയിലെ പ്രധാന വിതരണക്കാരനായ ഇന്ത്യയുടെ അസാന്നിധ്യം പഞ്ചസാരയുടെ ലഭ്യതയെ ദീര്‍ഘകാലത്തേക്ക് പ്രതികൂലമായി ബാധിക്കും. പെട്രോളില്‍ എത്തനോള്‍ കലര്‍ത്തുന്നതിന്റെ അളവ് വര്‍ധിപ്പിക്കാനുള്ള ഇന്ത്യയുടെ ജൈവ ഇന്ധന നയം വരും വര്‍ഷങ്ങളില്‍ കരിമ്പിന്റെ ലഭ്യതയില്‍ കൂടുതല്‍ വിള്ളലുകള്‍ വീഴ്ത്തുമെന്നതിനാല്‍, ആഗോളതലത്തില്‍ പഞ്ചസാരയുടെ വിലയും വിതരണക്രമവും വലിയ മാറ്റങ്ങള്‍ക്ക് വിധേയമാകുമെന്നുറപ്പാണ്.