25 Jun 2026 12:52 PM IST
എല്‍ നിനോ ഭീഷണി; വരള്‍ച്ചയും വിലക്കയറ്റവും തൊട്ടടുത്ത്, ഇനി എന്തു ചെയ്യും?
MyFin Desk
Summary
എല്‍ നിനോ പ്രതിഭാസം ഇന്ത്യയുടെ കാര്‍ഷിക മേഖലയെ തകിടം മറിക്കുമോ എന്നതാണ് പ്രധാന ആശങ്ക. ഒരു ദശകത്തിനിടയിലെ ഏറ്റവും ദുര്‍ബലമായ മണ്‍സൂണിനാകും രാജ്യം സാക്ഷ്യം വഹിക്കുക
ഐക്യരാഷ്ട്രസഭ 2026-നെ ഉയര്‍ന്ന അപകടസാധ്യതയുള്ള വര്‍ഷമായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ എല്‍ നിനോ പ്രതിഭാസം കൂടുതല്‍ ശക്തമാകുമെന്നും, ഇത് റെക്കോര്‍ഡ് ചൂടിനും, കുതിച്ചുയരുന്ന ഭക്ഷ്യവിലയ്ക്കും, ആഗോളതലത്തില്‍ വലിയ പ്രതിസന്ധികള്‍ക്കും കാരണമാകുമെന്നും യുഎന്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു. കാലാവസ്ഥാ വ്യതിയാനത്തിനപ്പുറം, ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇതൊരു വലിയ സാമ്പത്തിക-സാമൂഹിക പ്രതിസന്ധിയായി മാറുമെന്നാണ് വിലയിരുത്തല്‍.
എല്‍ നിനോ സതേണ്‍ ഓസിലേഷന്‍ എന്ന കാലാവസ്ഥാ പ്രതിഭാസത്തിന്റെ ചൂടേറിയ ഘട്ടമാണ് എല്‍ നിനോ. പസഫിക് സമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന ഈ മാറ്റം ഏഷ്യന്‍ രാജ്യങ്ങളില്‍ മഴയുടെ അളവിനെ ഗണ്യമായി കുറയ്ക്കുന്നു. ജൂണിനും ഓഗസ്റ്റിനും ഇടയില്‍ ഇതിന്റെ രൂപീകരണത്തിന് 80 ശതമാനവും, നവംബര്‍ വരെ നീണ്ടുനില്‍ക്കാന്‍ 90 ശതമാനത്തിലധികം സാധ്യതയുമുണ്ടെന്ന് വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കുന്നു.
ഈ കാലാവസ്ഥാ പ്രതിഭാസം ഇന്ത്യയുടെ കാര്‍ഷിക മേഖലയെ തകിടം മറിക്കുമോ എന്നതാണ് പ്രധാന ആശങ്ക. ഒരു ദശകത്തിനിടയിലെ ഏറ്റവും ദുര്‍ബലമായ മണ്‍സൂണിനാകും രാജ്യം സാക്ഷ്യം വഹിക്കുക. ഇത് നെല്ല് അടക്കമുള്ള പ്രധാന ഖാരിഫ് വിളകളുടെ ഉല്‍പാദനത്തെ ബാധിക്കുകയും ജലസേചന സൗകര്യങ്ങളെയും ഭൂഗര്‍ഭജലത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇതിനുപുറമെ, ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷം കാരണം വളം വിലയിലുണ്ടായ വര്‍ദ്ധനവ് ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്.
ജൂണില്‍ എത്തേണ്ട മഴയുടെ കാര്യമായ കുറവ് രാജ്യത്തിന്റെ 300 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കാര്‍ഷിക മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എല്‍ നിനോ പ്രതിഭാസം മണ്‍സൂണിന്റെ വേഗതയെ ബാധിച്ചതോടെ നെല്ല്, പരുത്തി, തിന തുടങ്ങിയ ഖാരിഫ് വിളകളുടെ വിതരണവും കൃഷിയും താളംതെറ്റുമെന്ന ഭീതിയിലാണ് കര്‍ഷകര്‍. മുംബൈയുള്‍പ്പെടെയുള്ള നഗരങ്ങളിലെ മഴയുടെ വൈകിയ വരവ് ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ കാര്‍ഷിക ഹൃദയഭൂമിയായ മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളെയാണ് വരള്‍ച്ചാഭീഷണി ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്.
ഇന്ത്യയുടെ സോയാബീന്‍, കരിമ്പ് ഉല്‍പാദനത്തിന്റെ വലിയൊരു ശതമാനവും ഈ മേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഉള്ളി കൃഷിക്ക് പേരുകേട്ട നാസിക് പോലുള്ള ജില്ലകളില്‍ മഴയുടെ അഭാവം രൂക്ഷമാണ്. അതിരൂക്ഷമായ ചൂടും ജലക്ഷാമവും ആരോഗ്യമേഖലയിലും കനത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുടെ വ്യാപനവും പോഷകാഹാരക്കുറവും കുട്ടികളെയും പ്രായമായവരെയും ദരിദ്ര വിഭാഗങ്ങളെയും സാരമായി ബാധിക്കും. ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ ജലസംഭരണം, വരള്‍ച്ചയെ പ്രതിരോധിക്കുന്ന വിത്തുകളുടെ വിതരണം, കൃത്യമായ ധാന്യശേഖരണം, ചൂടിനെ പ്രതിരോധിക്കാനുള്ള പദ്ധതികള്‍ എന്നിവ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കണമെന്ന് യുഎന്‍ നിര്‍ദ്ദേശിക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
