24 Oct 2026 11:28 AM IST
ഡിജിറ്റല്‍ പൂട്ട് വീണു; വളം വില്‍പ്പനയില്‍ വന്‍ ഇടിവ്, കള്ളക്കളി പുറത്തായി
MyFin Desk
Summary
അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ വളം വില്‍പ്പനയില്‍ 37.56% വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 2025, 2026 ഖാരിഫ് സീസണുകളെ താരതമ്യം ചെയ്തുള്ള സര്‍ക്കാര്‍ വിശകലനത്തിലാണ് ഈ ഞെട്ടിക്കുന്ന കണക്ക് പുറത്തുവന്നത്
അഗ്രിസ്റ്റാക്ക് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ വളം വിതരണത്തില്‍ കര്‍ശന നിരീക്ഷണം തുടങ്ങിയതോടെ കള്ളക്കളികള്‍ പുറത്ത്. അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ വളം വില്‍പ്പനയില്‍ 37.56% വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 2025, 2026 ഖാരിഫ് സീസണുകളെ താരതമ്യം ചെയ്തുള്ള സര്‍ക്കാര്‍ വിശകലനത്തിലാണ് ഈ ഞെട്ടിക്കുന്ന കണക്ക് പുറത്തുവന്നത്. കര്‍ഷകരുടെ ഐഡി, ഭൂമിയുടെ രേഖ, ആവശ്യമായ വളത്തിന്റെ അളവ് എന്നിവ ബന്ധിപ്പിച്ചുള്ള പരിശോധനയാണ് തിരിമറിക്ക് പൂട്ടിടാന്‍ സഹായകമായത്.
വില്‍പ്പനയിലെ ഈ കൂപ്പുകുത്തല്‍ ഗുരുതരമായ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. ഇത്രകാലം സബ്സിഡി നിരക്കില്‍ നല്‍കിയ വളം യഥാര്‍ത്ഥത്തില്‍ കൃഷിക്ക് തന്നെയാണോ ഉപയോഗിച്ചത്? അതോ വ്യവസായങ്ങള്‍ക്കും അതിര്‍ത്തി കടത്തി നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്മര്‍ എന്നിവിടങ്ങളിലേക്കും പോയോ എന്ന സംശയം ശക്തമാണ്. എന്നാല്‍ കാലാവസ്ഥ, കൃഷിരീതിയിലെ മാറ്റം തുടങ്ങിയ ഘടകങ്ങളും പരിശോധിക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ഈ കണ്ടെത്തലിന് പിന്നില്‍ രാജ്യത്തിന് വന്‍ സാമ്പത്തിക പ്രാധാന്യമുണ്ട്. 2027 സാമ്പത്തിക വര്‍ഷത്തില്‍ വളം സബ്സിഡി 3 ലക്ഷം കോടി രൂപയിലേക്ക് കുതിക്കുമെന്നാണ് റിപ്പോര്‍ട്ട്, ബജറ്റില്‍ നീക്കിവെച്ചത് 1.7 ലക്ഷം കോടി മാത്രം. കര്‍ഷകര്‍ക്ക് താങ്ങാകാനുള്ള പണം അര്‍ഹരില്‍ എത്താതെ ചോര്‍ന്നാല്‍ അത് പൊതുഖജനാവിന് വലിയ നഷ്ടമാണ്.
എന്തുകൊണ്ട് ഈ വകമാറ്റം നടക്കുന്നു എന്നതിന് കണക്കുകള്‍ തന്നെ തെളിവ്. ഇന്ത്യയില്‍ കര്‍ഷകന് 45 കിലോ യൂറിയ ചാക്കിന് 265 രൂപ, അതായത് കിലോയ്ക്ക് 6 രൂപ. എന്നാല്‍ ആഗോള വിപണിയില്‍ ഇതിന് 1,674 രൂപയും, ഇന്ത്യയില്‍ തന്നെ വ്യാവസായിക ആവശ്യത്തിനുള്ള ടെക്‌നിക്കല്‍ ഗ്രേഡ് യൂറിയയ്ക്ക് കിലോയ്ക്ക് 70 രൂപയുമാണ് വില. ഈ വന്‍ ലാഭമാണ് തിരിമറിക്ക് പ്രേരണയാകുന്നതെന്നും, ഡിജിറ്റല്‍ നിരീക്ഷണം ഇനി അനിവാര്യമാണെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
