image

29 Nov 2025 2:51 PM IST

Agriculture and Allied Industries

വാല്‍നട്ടില്‍ നിന്നും ജൈവ കളനാശിനി വികസിപ്പിച്ച് ജപ്പാന്‍

MyFin Desk

വാല്‍നട്ടില്‍ നിന്നും ജൈവ കളനാശിനി വികസിപ്പിച്ച് ജപ്പാന്‍
X

Summary

കാര്‍ഷിക മേഖലയില്‍ വലിയ ഗുണങ്ങള്‍ നല്‍കാന്‍ ഈ കണ്ടെത്തലിന് സാധിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് കാര്‍ഷിക ലോകം.


രാസവസ്തുക്കളുടെ സഹായമില്ലാതെ കളകളെ നിയന്ത്രിക്കാന്‍ കഴിയുന്ന പുതിയ ജൈവ കളനാശിനിയാണ് അടുത്തിടെ ജപ്പാന്‍ കണ്ടെത്തിയിരിക്കുന്നത്. മഞ്ചൂറിയന്‍ വാല്‍നട്ട് ചെടികളില്‍ നിന്നാണു തൈകളുടെ വളര്‍ച്ച മുരടിപ്പിക്കാന്‍ കഴിവുള്ള പ്രകൃതിദത്ത സംയുക്തം ഗവേഷകര്‍ കണ്ടെത്തിയത്. സസ്യങ്ങളുടെ സത്തുകളുടെ മിശ്രിതം ഉപയോഗിക്കുന്ന പരമ്പരാഗത കളനാശിനികളില്‍ നിന്ന് വ്യത്യസ്തമായി, ഒരൊറ്റ തന്മാത്രയെ വേര്‍തിരിച്ചെടുക്കാനാണ് ഗവേഷകര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കാര്‍ഷിക മേഖലയില്‍ വലിയ ഗുണങ്ങള്‍ നല്‍കാന്‍ ഈ കണ്ടെത്തല്‍ വഴി തെളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലങ്ങളായി ഉപയോഗിക്കുന്ന കളനാശിനികള്‍ക്കെതിരെ കളകള്‍ പ്രതിരോധശേഷി നേടുന്നത് ലോകമെമ്പാടും കാണപ്പെടുന്ന പ്രശ്‌നമാണ്. മണ്ണില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുകയും എളുപ്പത്തില്‍ വിഘടിക്കുകയും ചെയ്യുന്ന ഒരു ജൈവ കളനാശിനിക്ക് രാസ അവശിഷ്ടങ്ങള്‍ കുറയ്ക്കാനും കളനാശിനിയുടെ ഉപയോഗം പരിമിതപ്പെടുത്താനും കളകളുടെ പ്രതിരോധശേഷി മന്ദഗതിയിലാക്കാനും കഴിയും.

വാല്‍നട്ട് മരങ്ങള്‍ പുറത്തുവിടുന്ന രാസവസ്തുക്കള്‍ സമീപത്തുള്ള മറ്റ് ചെടികളുടെ വളര്‍ച്ച തടയുന്ന 'അല്ലെലോപതി' എന്ന പ്രതിഭാസം മുന്‍പും സുപരിചിതമാണ്. എന്നാല്‍ മഞ്ചൂറിയന്‍ വാല്‍നട്ടിലെ 2സെഡ്-ഡീകാപ്രെനോള്‍' എന്ന പുതിയ തന്മാത്രയാണ് പുതിയതായി കണ്ടെത്തിയിരിക്കുന്നത്. കറുത്ത വാല്‍നട്ട് മരങ്ങളില്‍ ഈ പ്രതിഭാസത്തിന് കാരണമാകുന്നത് 'ജഗ്ലോണ്‍' എന്ന രാസവസ്തുവാണ്. ഇത് 15 മുതല്‍ 25 മീറ്റര്‍ വരെ വ്യാപിക്കാറുണ്ട്. എന്നാല്‍ മഞ്ചൂറിയന്‍ വാല്‍നട്ടില്‍ ഇതിനു കാരണമായ പ്രധാന രാസസംയുക്തം ഇതുവരെ തിരിച്ചറിഞ്ഞിരുന്നില്ല.