image

14 Jan 2026 7:00 PM IST

Agriculture and Allied Industries

കർഷകർക്ക് തിരിച്ചടി, രാസവള വില വീണ്ടും കൂട്ടി

MyFin Desk

കർഷകർക്ക് തിരിച്ചടി, രാസവള വില വീണ്ടും കൂട്ടി
X

Summary

ആറുമാസത്തിനിടെ ഫാക്ടംഫോസിന് കൂടിയത് 125 രൂപ


കർഷകർക്ക് തിരിച്ചടിയായി രാസവളങ്ങളുടെ വില കുത്തനെ ഉയരുന്നു. കേന്ദ്രസർക്കാർ സബ്‌സിഡി കുറച്ചതോടെ ഫാക്ടംഫോസ് ഉൾപ്പെടെയുള്ള വളങ്ങൾക്ക് 50 രൂപ വീതമാണ് വർധിച്ചത്. ഫാക്ടംഫോസിന്റെ വില ചാക്കിന് 50 രൂപ ഉയർന്ന് 1,475 രൂപയായി. നേരത്തെ 1,425 രൂപയായിരുന്നു വില. ആറുമാസത്തിനിടെ ചാക്കിന് 125 രൂപയുടെ വർധനയാണ് ഉണ്ടായത്. തത്തുല്യമായ ഇഫ്‌കോ വളത്തിന്റെ വില 1,400 രൂപയിൽ നിന്ന് 1,450 രൂപയായി ഉയർന്നു. മറ്റ് സ്വകാര്യ രാസവള കമ്പനികളും സമാനമായ വളങ്ങൾക്ക് ചാക്കിന് 50 രൂപ വീതം കൂട്ടിയിട്ടുണ്ട്.

പൊട്ടാഷിന്റെ വിലയാണ് ഏറ്റവും കൂടുതൽ കുതിച്ചുയർന്നത്. ആറുമാസത്തിനിടെ ചാക്കിന് 400 രൂപ വർധിച്ച് 1,400 രൂപയിൽ നിന്ന് 1,800 രൂപയായി. ഇതിന് പിന്നാലെയാണ് കോംപ്ലക്സ് വളങ്ങളുടെ വിലയും ഉയർന്നത്.

ഫാക്ടിന്റെ പൊട്ടാഷ് ചേർന്ന വളത്തിന് 1,425 രൂപയിൽ നിന്ന് 1,650 രൂപയായി വില ഉയർന്നു. ഐപിഎല്ലിന്റെ കോംപ്ലക്സ് വളത്തിന് 50 രൂപ വർധിച്ച് 1,675 രൂപയായി. അതേസമയം, ഉയർന്ന സബ്‌സിഡിയുള്ള ഡൈ അമോണിയം ഫോസ്‌ഫേറ്റ് , യൂറിയ എന്നിവയുടെ വിലയിൽ മാറ്റമില്ല.

തുടർച്ചയായ മഴയ്ക്ക് ഇടവേള ലഭിച്ചതോടെ നെല്ല്, തെങ്ങ്, റബ്ബർ, പഴം, പച്ചക്കറി, തേയില, ഏലം തുടങ്ങിയ വിളകൾക്ക് വളമിടേണ്ട നിർണായക ഘട്ടമാണിത്. ഈ സാഹചര്യത്തിലെ വിലവർധന കർഷകർക്ക് ഇരട്ടിഭാരമായി മാറുകയാണ്.