image

23 Feb 2024 10:19 AM GMT

Agriculture and Allied Industries

രാസവള ഇറക്കുമതിയെ വട്ടം കറക്കി ഹൂതികള്‍

MyFin Desk

രാസവള ഇറക്കുമതിയെ വട്ടം കറക്കി ഹൂതികള്‍
X

Summary

  • ഇക്കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ചെങ്കടല്‍ യുദ്ധഭൂമിയായി മാറിയിരിക്കുകയാണ്
  • ഇസ്രായേല്‍-ഹമാസ് യുദ്ധം രാജ്യത്തിന്റെ കയറ്റുമതി-ഇറക്കുമതികളെ ബാധിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
  • മൂലധന വസ്തുക്കളുടെ ഇറക്കുമതി കാലതാമസം നേരിടുന്നു


ചെങ്കടലിലെ ഹൂതി വിമതരുടെ ആക്രമണം ഇന്ത്യയുടെ രാസവളമേഖലയേയും മൂലധന വസ്തുക്കളുടേയും വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചതായി ക്രിസില്‍. അതേസമയം ലോഹം, തുണിത്തരങ്ങള്‍ എന്നീ മേഖലയില്‍ താരതമ്യേന പ്രത്യാഘാതങ്ങള്‍ കുറവാണെന്നും ക്രിസില്‍ ചൂണ്ടിക്കാട്ടുന്നു.

വ്യാപാര റൂട്ടിലെ തടസ്സങ്ങള്‍ തുടര്‍ച്ചയായതോടെ ചരക്ക് വിതരണത്തില്‍ കാലതാമസം വരുന്നുണ്ട്. ഇത് മൂലധന ചരക്ക് മേഖലയിലെ കമ്പനികള്‍ക്ക് തിരിച്ചടി സൃഷ്ടിച്ചേക്കും. ഉത്പന്ന വിതരണത്തിലെ കാലതാമസം കമ്പനികളുടെ കാര്യക്ഷമതയില്‍ സമ്മര്‍ദ്ദം ചെലുത്തിയേക്കാം. രാസവളങ്ങളില്‍ എംഒപിയുടെ ഇറക്കുമതിയേയും കയറ്റുമതിയേയും കാര്യമായി ബാധിച്ചു. (പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയ രാസവളങ്ങളാണ് മുര്യേറ്റ് ഓഫ് പൊട്ടാസ്യം-എംഒപി എന്നറിയപ്പെടുന്നത്.)

ക്രിസില്‍ റിപ്പോര്‍ട്ട് അനുസരിച്ച് ജോര്‍ദ്ദാന്‍, ഇസ്രയേല്‍ എന്നിവയില്‍ നിന്നുള്ള എംഒപി ഇറക്കുമതിയാണ് കുറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ മൊത്തം ആവശ്യത്തിന്റെ 30 ശതമാനത്തോളം ജോര്‍ദാനില്‍ നിന്നും, 15 ശതമാനത്തോളം ഇസ്രയേലില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ രാജ്യത്തിന്റെ ആവശ്യത്തിനുള്ള രാസവളങ്ങള്‍ നിലവില്‍ കരുതല്‍ ശേഖരത്തിലുണ്ടെന്നാണ് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരിക്കുന്നത്.

ക്രൂഡിലും വിട്ടൊഴിയാത്ത ആശങ്ക

രാജ്യത്തേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ മുന്നിലുള്ള റഷ്യയാണ് ഏതാണ്ട് മൊത്തം ആവശ്യത്തിന്റെ 37 ശതമാനം ഇവര്‍ നല്‍കുന്നുണ്ട്. 21 ശതമാനം ഇറാഖും, 14 ശതമാനം സൗദി അറേബ്യയുമാണ് ഇന്ത്യയുടെ പ്രധാന ക്രൂഡ് വിതരണക്കാര്‍. ക്രൂഡ് വിതരണത്തില്‍ നാമമാത്രമായ പ്രത്യാഘാതങ്ങള്‍ ഹൂതികള്‍ സൃഷ്ടിച്ചിട്ടുണ്ട്. ചെങ്കടല്‍ പാത ഉപേക്ഷിച്ച് ക്രൂഡ് കപ്പലുകള്‍ കേപ് ഓഫ് ഹോപ് വഴി ചുറ്റിത്തിരിഞ്ഞാണ് വരുന്നത്. ഇത് കപ്പലുകളെ ഇന്‍ഷുറന്‍സ്, മറ്റ് ചെലവുകള്‍ എന്നിവയില്‍ വര്‍ധനയുണ്ടാക്കിയിട്ടുണ്ട്.

മാത്രമല്ല, ആഭ്യന്തര എണ്ണക്കമ്പനികളെ വില വര്‍ധനവിലേക്ക് നയിക്കുന്നതാണ് ഈ നീക്കങ്ങള്‍ കൂടാതെ ക്രൂഡ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയും പ്രതിസന്ധിയിലാകുമെന്നും ക്രിസില്‍ പറയുന്നു. ചെങ്കടല്‍ പ്രതിസന്ധിയില്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, ഷിപ്പിംഗ് തുടങ്ങിയ മേഖലകള്‍ ഇടത്തരം സ്വാധീനം ചെലുത്തുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.