image

4 March 2026 2:32 PM IST

Agriculture and Allied Industries

വാതക വിതരണം നിലച്ചു; യൂറിയ ഉത്പാദനം പ്രതിസന്ധിയില്‍, കര്‍ഷകര്‍ക്ക് ആശങ്ക

MyFin Desk

വാതക വിതരണം നിലച്ചു; യൂറിയ ഉത്പാദനം   പ്രതിസന്ധിയില്‍, കര്‍ഷകര്‍ക്ക് ആശങ്ക
X

Summary

നിലവില്‍ രണ്ട് മാസത്തേക്കുള്ള യൂറിയ, ഡിഎപി ശേഖരം ഇന്ത്യയുടെ പക്കലുണ്ടെങ്കിലും വാതക ലഭ്യത പുനസ്ഥാപിച്ചില്ലെങ്കില്‍ ആഭ്യന്തര ഉത്പാദനം പൂര്‍ണമായും നിലയ്ക്കും. വിതരണ ശൃംഖല തകരാറിലാകുന്നത് പയര്‍വര്‍ഗ്ഗങ്ങളുടെയും പച്ചക്കറികളുടെയും ഉത്പാദനത്തെ ബാധിക്കുകയും ഭക്ഷ്യവില വര്‍ധനവിനും പണപ്പെരുപ്പത്തിനും കാരണമാവുകയും ചെയ്യും


ഇറാനിയന്‍ ഡ്രോണ്‍ ആക്രമണങ്ങളെത്തുടര്‍ന്ന് സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ഖത്തര്‍ ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) ഉത്പാദനം അപ്രതീക്ഷിതമായി നിര്‍ത്തിവച്ചു. ഇന്ത്യയുടെ യൂറിയ ഉത്പാദനം ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി ഇറക്കുമതിയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഈ തടസ്സം രാജ്യത്തെ പ്ലാന്റുകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുമെന്നും, വരാനിരിക്കുന്ന വേനല്‍ക്കാല-മണ്‍സൂണ്‍ കൃഷിക്കാലങ്ങളില്‍ രാസവള ലഭ്യതയില്‍ വന്‍ ഇടിവുണ്ടാക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ബഫര്‍ സ്റ്റോക്ക് ഉണ്ടെങ്കിലും ഭീഷണി ഒഴിയുന്നില്ല

നിലവില്‍ രണ്ട് മാസത്തേക്കുള്ള യൂറിയ, ഡിഎപി ശേഖരം ഇന്ത്യയുടെ പക്കലുണ്ടെങ്കിലും വാതക ലഭ്യത പുനസ്ഥാപിച്ചില്ലെങ്കില്‍ ആഭ്യന്തര ഉത്പാദനം പൂര്‍ണമായും നിലയ്ക്കും. വിപണിയില്‍ എല്‍എന്‍ജിക്ക് വില കുതിച്ചുയരുന്നത് പ്രതിസന്ധി ഇരട്ടിയാക്കുന്നു. ഖാരിഫ് സീസണിലേക്കുള്ള വളം കരാറുകള്‍ ഒപ്പിടേണ്ട ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ തന്നെ വിതരണ ശൃംഖല തകരാറിലാകുന്നത് പയര്‍വര്‍ഗ്ഗങ്ങളുടെയും പച്ചക്കറികളുടെയും ഉത്പാദനത്തെ ബാധിക്കുകയും ഭക്ഷ്യവില വര്‍ധനവിനും പണപ്പെരുപ്പത്തിനും കാരണമാവുകയും ചെയ്യും.

വര്‍ധിക്കുന്ന സബ്സിഡി ഭാരം

ഇന്ത്യയുടെ പൊട്ടാഷ് ആവശ്യകതയുടെ 100 ശതമാനവും ഡിഎപിയുടെ 60 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. സൗദി, ഖത്തര്‍, ഒമാന്‍ തുടങ്ങിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളെയാണ് രാജ്യം ഇതിനായി പ്രധാനമായും ആശ്രയിക്കുന്നത്. ആഭ്യന്തര ഉത്പാദനം റെക്കോര്‍ഡ് നിലയിലാണെങ്കിലും കഴിഞ്ഞ ഒമ്പത് മാസത്തിനിടെ യൂറിയ ഇറക്കുമതിയില്‍ 85 ശതമാനം വര്‍ധനവുണ്ടായി. വാതക വില ഉയര്‍ന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ സബ്സിഡി ചെലവ് 1.9 ലക്ഷം കോടി രൂപയില്‍ നിന്നും ഇനിയും കുതിച്ചുയരാന്‍ സാധ്യതയുണ്ട്.

കൃഷിമേഖലയില്‍ കരിനിഴല്‍; ഇതര മാര്‍ഗ്ഗങ്ങള്‍ തേടി രാജ്യം

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തരമായി മറ്റ് വാതക സ്രോതസ്സുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. എന്നാല്‍ നിലവിലെ ആഗോള സാഹചര്യത്തില്‍ പെട്ടെന്നൊരു മാറ്റം എളുപ്പമല്ല. വളം വിതരണത്തില്‍ ഉണ്ടാകുന്ന നേരിയ തടസ്സം പോലും കാര്‍ഷിക ഉത്പാദനക്ഷമതയെ സാരമായി ബാധിക്കുമെന്നതിനാല്‍ വരും മാസങ്ങള്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയ്ക്കും സമ്പദ്വ്യവസ്ഥയ്ക്കും നിര്‍ണായകമാണ്.