6 July 2025 3:40 PM IST
Summary
ദേശീയതലസ്ഥാനത്ത് തക്കാളിവില ഇരട്ടിയായി
എന്‍സിസിഎഫ്, നാഫെഡ് എന്നിവ വഴി സബ്സിഡി നിരക്കില്‍ തക്കാളി നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഹിമാചല്‍ പ്രദേശിലെ കനത്ത മഴയെത്തുടര്‍ന്ന് അടുത്തിടെയുണ്ടായ വിലക്കയറ്റം പരിഹരിക്കുന്നതിനാണ് ഈ നടപടി. കനത്തമഴയെത്തുടര്‍ന്ന് വിളകള്‍ക്കും റോഡ് ശൃംഖലകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇതിനെ തുടര്‍ന്ന് ദേശീയ തലസ്ഥാനത്തെ പ്രധാന മൊത്തക്കച്ചവട വിപണികളില്‍ തക്കാളിവരവ് കുറഞ്ഞു.
എന്‍സിആറിലുടനീളമുള്ള ചില്ലറ വില്‍പ്പന വിപണികളില്‍ തക്കാളി വില കിലോഗ്രാമിന് 60 രൂപ കടന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍കൊണ്ടാണ് വില ഇരട്ടിയായത്.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, ജൂലൈ 4 ന് തക്കാളി വില കിലോയ്ക്ക് 39.35രൂപ ആയി ഉയര്‍ന്നു, ഒരു ആഴ്ച മുമ്പ് കിലോയ്ക്ക് വില 35.93 രൂപ ആയിരുന്നു. ഇവിടെ 9.51% വര്‍ദ്ധനവ് ആണ് ഉണ്ടായത്.
'കിലോയ്ക്ക് 50 ല്‍ താഴെ വിലയ്ക്ക് ഞങ്ങള്‍ തക്കാളി വില്‍ക്കും,' ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. അടുത്ത കുറച്ച് ദിവസങ്ങളില്‍ ഈ പ്രക്രിയ ആരംഭിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളിലെ ഉത്പാദന കേന്ദ്രങ്ങളില്‍ നിന്ന് സര്‍ക്കാര്‍ തക്കാളി സംഭരിക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹിമാചല്‍ പ്രദേശില്‍ പെയ്യുന്ന പേമാരിയില്‍ വിളവെടുപ്പിന് തയ്യാറായ പച്ചക്കറികള്‍ നശിച്ചുവെന്ന് ആസാദ്പൂര്‍ മണ്ടിയിലെയും സാഹിബാബാദ് മണ്ടിയിലെയും നിരവധി വ്യാപാരികള്‍ പറഞ്ഞു.