4 April 2026 7:51 PM IST
Summary
തെലങ്കാന സര്‍ക്കാര്‍ 60 ദിവസത്തേക്ക് പാരാക്വാറ്റ് നിരോധിച്ചിരുന്നു
കാര്‍ഷികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കളനാശിനി പാരാക്വാറ്റ് രാജ്യവ്യാപകമായി നിരോധിക്കണമെന്നാവശ്യം. തെലങ്കാന സര്‍ക്കാര്‍ 60 ദിവസത്തേക്ക് പാരാക്വാറ്റ് നിരോധിച്ചതിന് പിന്നാലെയാണ് ആവശ്യം ശക്തമായത്. അതീവ അപകടകാരിയായ കളനാശിനി പാരാക്വാറ്റിന് കഴിഞ്ഞ ദിവസമാണ് തെലങ്കാല സര്‍ക്കാര്‍ താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയത്.
സംസ്ഥാനത്ത് ഉടനീളം പാരാക്വാറ്റിന്റെ വില്‍പന, സംഭരണം, വിതരണം, നിര്‍മാണം എന്നിവയ്ക്ക് 60 ദിവസത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് കളനാശിനി രാജ്യവാപകമായി നിരോധിക്കണം എന്നാവശ്യം ശക്തമായിരിക്കുന്നത്. നിലവില്‍ ലോകത്തെ 70-ലധികം രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ട ഈ രാസവസ്തു ഇന്ത്യയില്‍ ഇന്നും വ്യാപകമായി ലഭ്യമാണ്. തെലങ്കാനയിലെ താല്‍കാലിക നിരോധനം സ്വാഗതാര്‍ഹമാണെങ്കിലും, ഇത് രാജ്യവ്യാപകമായി പൂര്‍ണമായും നിരോധിക്കണമെന്നാണ് കാര്‍ഷിക വിദഗ്ധരും ഡോക്ടര്‍മാരും ആവശ്യപ്പെടുന്നത്. കേരളം, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ ഈ കളനാശിനിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
തെലുങ്ക് നടന്‍ രാഹുല്‍ രാമകൃഷ്ണയുടെ സഹോദരന്‍ പാരാക്വാറ്റ് വിഷബാധയെ തുടര്‍ന്ന് മരിച്ചത് രാഹുല്‍ രാമകൃഷ്ണ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതോടെയാണ് വിഷയം പൊതുശ്രദ്ധ പിടിച്ചു പറ്റിയത്. മനുഷ്യ ശരീരത്തിലെ ആന്തരിക അവയവങ്ങള്‍ക്ക് നികത്താനാകാത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് പാരാക്വാറ്റ്. ഇതിന് നിലവില്‍ കൃത്യമായ മറുമരുന്ന് ലഭ്യമല്ല എന്നത് ഇതിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
