13 Jan 2026 3:21 PM IST
സസ്യഎണ്ണ ഇറക്കുമതിയില്‍ വന്‍ കുതിപ്പ്; ഹിറ്റായത് സോയാബീന്‍, സൂര്യകാന്തി എണ്ണകള്‍
MyFin Desk
Summary
സോയാബീന്‍, സൂര്യകാന്തി എണ്ണകളുടെ ഇറക്കുമതിയില്‍ ഉണ്ടായ വര്‍ധനവാണ് കുതിപ്പിന് കാരണമായത്. എണ്ണ വര്‍ഷത്തിന്റെ (നവംബര്‍-ഒക്ടോബര്‍) ആദ്യ രണ്ട് മാസങ്ങളില്‍, മൊത്തം സസ്യ എണ്ണ ഇറക്കുമതിയില്‍ ഇടിവുണ്ടായി
ലോകത്തിലെ ഏറ്റവും വലിയ സസ്യ എണ്ണ ഇറക്കുമതിക്കാര്‍ എന്ന പദവി ഇന്ത്യക്കാണ്. വില അനുസരിച്ച് സോയാബീന്‍, സൂര്യകാന്തി, പാം ഓയില്‍ എന്നിവ മുന്നിലേക്ക് മാറിമാറി വരും.
കഴിഞ്ഞ ഡിസംബറില്‍ രാജ്യത്തിന്റെ സസ്യ എണ്ണ ഇറക്കുമതി എട്ട് ശതമാനം വര്‍ധിച്ച് 13.83 ലക്ഷം ടണ്ണായി. ഡിസംബറില്‍ സോയാബീന്‍,സൂര്യകാന്തി എണ്ണകളുടെ ഇറക്കുമതിയില്‍ ഉണ്ടായ വര്‍ധനവുണ്ടായതാണ് ഇതിനുകാരണമായതെന്ന് വ്യവസായ സംഘടനയായ എസ്ഇഎ അറിയിച്ചു. അര്‍ജന്റീന, ബ്രസീല്‍, റഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള സസ്യഎണ്ണ കയറ്റുമതിയാണ് വര്‍ധിച്ചത്.
ഈ കാലയളവില്‍ സോയാബീന്‍ എണ്ണ ഇറക്കുമതി 20.23 ശതമാനം വര്‍ധിച്ച് 5.05 ലക്ഷം ടണ്ണായി. സൂര്യകാന്തി എണ്ണയുടെ വരവ് 32.19% വര്‍ദ്ധിച്ച് 3.49 ലക്ഷം ടണ്ണാവുകയും ചെയ്തു. അതേസമയം പാം ഓയില്‍ ഇറക്കുമതി 20 ശതമാനം കുറഞ്ഞ് 5.07 ലക്ഷം ടണ്ണായി താഴ്ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 6.32 ലക്ഷം ടണ്ണായിരുന്നുവെന്ന് സോള്‍വെന്റ് എക്‌സ്ട്രാക്‌റ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.
എങ്കിലും, 2025-26 എണ്ണ വര്‍ഷത്തിന്റെ (നവംബര്‍-ഒക്ടോബര്‍) ആദ്യ രണ്ട് മാസങ്ങളില്‍, മൊത്തം സസ്യ എണ്ണ ഇറക്കുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം കുറഞ്ഞ് 25.67 ലക്ഷം ടണ്ണായി.
ഡിസംബറില്‍ ആര്‍ബിഡി പാമോയിലിന്റെ ഇറക്കുമതി പൂജ്യമായിരുന്നു, അതേസമയം അസംസ്‌കൃത പാം ഓയില്‍ ഇറക്കുമതി ഇതേ കാലയളവില്‍ 3.26 ലക്ഷം ടണ്ണില്‍ നിന്ന് 5.03 ലക്ഷം ടണ്ണായി ഉയര്‍ന്നു.
2025 ഡിസംബറില്‍ ഭക്ഷ്യേതര എണ്ണ ഇറക്കുമതി മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 45,764 ടണ്ണില്‍ നിന്ന് 21,000 ടണ്ണായി കുറഞ്ഞു. ഇന്തോനേഷ്യയും മലേഷ്യയുമാണ് പാം ഓയിലിന്റെ പ്രധാന വിതരണക്കാര്‍. എല്ലാവര്‍ഷവും ഉത്സവകാലത്തോടനുബന്ധിച്ച് സസ്യ എണ്ണയുടെ ഉപയോഗത്തില്‍ രാജ്യത്ത് വ്യതിയാനം വരാറുണ്ട്. അതിനായി വന്‍ കിട വിരണക്കാര്‍ നേരത്തെ എണ്ണകള്‍ സ്‌റ്റോക്കുചെയ്യും. പ്രത്യേകിച്ച് വിലക്കുറവുള്ള എണ്ണയ്ക്ക് ആ കാലയളവില്‍ മുന്‍തൂക്കം ലഭിക്കാറുണ്ട്.
ജനുവരി 2 ലെ കണക്കനുസരിച്ച് റാബി അഥവാ ശൈത്യകാല എണ്ണക്കുരു വിളകളുടെ വിതയ്ക്കല്‍ 3.04 ശതമാനം വര്‍ദ്ധിച്ച് 99.30 ലക്ഷം ഹെക്ടറായി. കഴിഞ്ഞ വര്‍ഷം ഇത് 93.27 ലക്ഷം ഹെക്ടറായിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
