image

22 Nov 2026 11:43 AM IST

Agriculture and Allied Industries

ഇന്ത്യയിൽ ബസുമതി ഇതര അരിയുടെ കയറ്റുമതിക്ക് നിരോധനം വന്നേക്കും; വില നിയന്ത്രിക്കാൻ 30% വരെ കയറ്റുമതി തീരുവ പരിഗണനയിൽ

MyFin Desk

ban on the export of non-basmati rice may be imposed in india
X

Summary

കയറ്റുമതിക്ക് സമ്പൂർണ നിരോധനം ആദ്യ നടപടിയായി വേണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ആഭ്യന്തര വിലയിലെ മാറ്റങ്ങൾക്കനുസരിച്ച് ഓരോ നിയന്ത്രണങ്ങളും ഘട്ടംഘട്ടമായി നടപ്പാക്കാനാണ് തീരുമാനം.


ഇന്ത്യയിൽ ബസുമതി ഇതര അരിയുടെ കയറ്റുമതിക്ക് നിരോധനം വന്നേക്കും; വില നിയന്ത്രിക്കാൻ 30% വരെ കയറ്റുമതി തീരുവ പരിഗണനയിൽ

ആഭ്യന്തര വിപണിയിൽ അരിവില കുറയ്ക്കുന്നതിനുള്ള അവസാന നടപടിയായി ബസുമതി ഇതര അരിയുടെ കയറ്റുമതി നിരോധിക്കാൻ ഇന്ത്യ ആലോചിക്കുന്നു. അടുത്ത മാസം മുതൽ കയറ്റുമതി തീരുവയും മിനിമം എക്സ്പോർട്ട് പ്രൈസും (MEP) ഏർപ്പെടുത്താനുള്ള നീക്കത്തിനിടെയാണ് ഈ ആലോചന. എന്നാൽ 2023-ൽ ഏർപ്പെടുത്തിയ നിരോധനത്തിൽ നിന്ന് വ്യത്യസ്തമായി, പുതിയ നിയന്ത്രണം താൽക്കാലികമായിരിക്കുമെന്നാണ് സൂചന. 2023-ലെ നിരോധനം 14 മാസം നീണ്ടുനിന്നിരുന്നു.

നിലവിലെ ആഗോള അരിവിലയും ഇന്ത്യയുടെ കയറ്റുമതി നിരക്കും കണക്കിലെടുത്ത് ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതിക്ക് 30 ശതമാനം തീരുവ ഏർപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇതിലൂടെ ആഗോള വിപണിയിൽ ഇന്ത്യൻ അരിയുടെ മത്സരശേഷി കുറയ്ക്കുകയാണ് ലക്ഷ്യം.

എന്നാൽ 20 ശതമാനം തീരുവ ഏർപ്പെടുത്തിയാലും ഇന്ത്യയ്ക്ക് കയറ്റുമതി തുടരാനാകുമെന്നാണ് വിലയിരുത്തൽ. കാരണം തായ്‌ലൻഡിന്റെയും വിയറ്റ്നാമിന്റെയും അരിവില ഇന്ത്യയേക്കാൾ കൂടുതലാണ്. പാകിസ്ഥാന്റെ അരിക്ക് മാത്രമാണ് ഇന്ത്യയേക്കാൾ കുറഞ്ഞ വിലയുള്ളതെന്നും വൃത്തങ്ങൾ പറയുന്നു.

നവംബർ ആദ്യവാരം ലഭ്യമായ കണക്കുകൾ പ്രകാരം, അഞ്ച് ശതമാനം പൊട്ടിയരിയുള്ള ഇന്ത്യൻ വെള്ള അരിയുടെ കയറ്റുമതി വില ടണ്ണിന് 384 മുതൽ 389 ഡോളർ വരെയായിരുന്നു. പാകിസ്ഥാന്റേത് ഏകദേശം 415 ഡോളറും തായ്‌ലൻഡിന്റേത് 495 ഡോളറും വിയറ്റ്നാമിന്റേത് 480 ഡോളറുമായിരുന്നു.

രാജ്യത്തെ ഭക്ഷ്യപ്പണപ്പെരുപ്പം

അതേസമയം, രാജ്യത്തെ ഭക്ഷ്യപ്പണപ്പെരുപ്പം കഴിഞ്ഞ മാസം 8.94 ശതമാനമായി ഉയർന്നു. സെപ്റ്റംബറിൽ ഇത് 7.74 ശതമാനമായിരുന്നു. ധാന്യവിഭാഗത്തിൽ അരിയുടെ വിലക്കയറ്റവും തുടർച്ചയായി വർധിക്കുകയാണ്. ഒക്ടോബറിൽ 12.51 ശതമാനമായിരുന്നു അരിയുടെ പണപ്പെരുപ്പം. സെപ്റ്റംബറിൽ 8.27 ശതമാനവും ഓഗസ്റ്റിൽ 5.89 ശതമാനവും ജൂലൈയിൽ 3.30 ശതമാനവും ജൂണിൽ 1.72 ശതമാനവുമായിരുന്നു.


മുന്നിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് അരിവിലയിലെ വർധന കൂടുതൽ പ്രകടമായത്. ഒക്ടോബറിലെ കണക്കനുസരിച്ച് കർണാടകയിൽ 43.2 ശതമാനവും ആന്ധ്രപ്രദേശിൽ 25.7 ശതമാനവും തെലങ്കാനയിൽ 24.6 ശതമാനവും തമിഴ്‌നാട്ടിൽ 17.4 ശതമാനവും കേരളത്തിൽ 9.4 ശതമാനവുമാണ് അരിയുടെ വിലക്കയറ്റം.

അന്താരാഷ്ട്ര വിപണിയിലെ മെച്ചപ്പെട്ട സാഹചര്യവും ഇന്ത്യൻ അരിക്ക് വർധിച്ചുവരുന്ന ആവശ്യകതയുമാണ് കയറ്റുമതി ഉയരാൻ കാരണം. നടപ്പുസാമ്പത്തിക വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ബസുമതി ഇതര അരിയുടെ കയറ്റുമതി ഏഴ് ശതമാനം വർധിച്ച് 88.4 ലക്ഷം ടണ്ണിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 82.8 ലക്ഷം ടണ്ണായിരുന്നു.

എന്നാൽ പുഴുക്കലരിയുടെ കയറ്റുമതി അഞ്ച് ശതമാനം കുറഞ്ഞ് 48.7 ലക്ഷം ടണ്ണായി. അതേസമയം വെള്ള അരിയുടെ കയറ്റുമതി 18 ശതമാനത്തിലധികം വർധിച്ച് 28.2 ലക്ഷം ടണ്ണിലെത്തി. പൊട്ടിയരിയുടെ കയറ്റുമതിയാകട്ടെ 74 ശതമാനം വർധിച്ച് 9.8 ലക്ഷം ടണ്ണായി.

2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 5.87 ബില്യൺ ഡോളർ മൂല്യമുള്ള 150.4 ലക്ഷം ടൺ ബസുമതി ഇതര അരിയാണ് കയറ്റുമതി ചെയ്തത്.

കയറ്റുമതിക്ക് സമ്പൂർണ നിരോധനം ആദ്യ നടപടിയായി വേണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ആഭ്യന്തര വിലയിലെ മാറ്റങ്ങൾക്കനുസരിച്ച് ഓരോ നിയന്ത്രണങ്ങളും ഘട്ടംഘട്ടമായി നടപ്പാക്കാനാണ് തീരുമാനം.

ഇതിനിടെ, ആഭ്യന്തര വിപണിയിൽ അരിയുടെ ലഭ്യത വർധിപ്പിക്കാൻ കേന്ദ്രം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം വഴി 2026-27 വർഷം ലേലത്തിലൂടെ വിൽക്കുന്ന അരിയുടെ ലക്ഷ്യം 25 ലക്ഷം ടണ്ണിൽ നിന്ന് 50 ലക്ഷം ടണ്ണായി ഉയർത്തി. നവംബർ ആറിനായിരുന്നു തീരുമാനം.

നാഫെഡ്, എൻസിസിഎഫ്, കേന്ദ്രീയ ഭണ്ഡാർ തുടങ്ങിയ സഹകരണ സ്ഥാപനങ്ങളോട് രാജ്യത്തുടനീളം, പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ, സബ്സിഡി നിരക്കിൽ 'ഭാരത് റൈസ്' വിൽപ്പന വ്യാപിപ്പിക്കാനും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.

കൂടാതെ വ്യാപാരികൾ, മൊത്തക്കച്ചവടക്കാർ, ചില്ലറ വ്യാപാരികൾ, സംസ്കരണ യൂണിറ്റുകൾ, മില്ലുടമകൾ എന്നിവർ ബസുമതി അരി, പ്രീമിയം ബസുമതി ഇതര അരി, സാധാരണ ബസുമതി ഇതര അരി, പുഴുക്കലരി, പൊട്ടിയരി, നെല്ല് എന്നിവയുടെ സ്റ്റോക്ക് വിവരങ്ങൾ എല്ലാ വെള്ളിയാഴ്ചയും പ്രത്യേകം പ്രഖ്യാപിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ആവശ്യമെങ്കിൽ അരിയുടെയും നെല്ലിന്റെയും സ്റ്റോക്കിന് പരിധി ഏർപ്പെടുത്താൻ കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്.

എന്നാൽ ഇത്രയധികം നടപടികൾ സ്വീകരിച്ചിട്ടും നവംബർ 21-ലെ കണക്കനുസരിച്ച് രാജ്യത്തെ ശരാശരി ചില്ലറ അരിവില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ശതമാനത്തിലധികം ഉയർന്നുനിൽക്കുകയാണ്. ഇതോടെയാണ് കൂടുതൽ നിയന്ത്രണങ്ങൾ വന്നേക്കുമെന്ന അഭ്യൂഹം ശക്തമായത്.

അതേസമയം, 2026-27 ഖാരിഫ് സീസണിൽ നെൽകൃഷിയുടെ വിസ്തൃതി ഏകദേശം നാല് ശതമാനം കുറഞ്ഞ് 426.8 ലക്ഷം ഹെക്ടറായി. പല സംസ്ഥാനങ്ങളിലും മഴ കുറഞ്ഞതാണ് കാരണം. കേന്ദ്രത്തിന്റെ ആദ്യ ഉൽപ്പാദന കണക്ക് പുറത്തുവന്നിട്ടില്ലെങ്കിലും വ്യാപാര-വ്യവസായ മേഖലകൾ ഈ

സീസണിലെ നെല്ലുൽപ്പാദനം 112 മുതൽ 115 ദശലക്ഷം ടൺ വരെയാകുമെന്നാണ് കണക്കാക്കുന്നത്. 2025-26 ഖാരിഫ് സീസണിൽ ഇന്ത്യ 124.76 ദശലക്ഷം ടൺ അരിയാണ് ഉൽപ്പാദിപ്പിച്ചത്.

2022 സെപ്റ്റംബറിലാണ് ഇന്ത്യ ആദ്യമായി പൊട്ടിയരിയുടെ കയറ്റുമതി നിരോധിക്കുകയും നെല്ല്, തവിട് നീക്കാത്ത അരി, ബസുമതി ഇതര വെള്ള അരി എന്നിവയുടെ കയറ്റുമതിക്ക് 20 ശതമാനം തീരുവ ഏർപ്പെടുത്തുകയും ചെയ്തത്.

പിന്നീട് 2023 ജൂലൈയിൽ പുഴുക്കലരി ഒഴികെയുള്ള ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതിയും നിരോധിച്ചു. 2023 ഓഗസ്റ്റിൽ പുഴുക്കലരിക്ക് 20 ശതമാനം കയറ്റുമതി തീരുവയും ബസുമതി അരിക്ക് മിനിമം എക്സ്പോർട്ട് പ്രൈസും ഏർപ്പെടുത്തി.

എന്നാൽ 2024 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി മിനിമം എക്സ്പോർട്ട് പ്രൈസ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചു. പൊട്ടിയരിയുടെ കയറ്റുമതി നിരോധനം മാത്രം 2025 മാർച്ച് വരെ തുടർന്നു. പിന്നീട് അതും പിൻവലിക്കുകയായിരുന്നു.