image

3 Nov 2026 5:00 PM IST

Agriculture and Allied Industries

Indian coir;കയര്‍ വിപണി പിടിച്ച് കെട്ടി ഇന്ത്യ; ആശങ്ക ഒഴിയാതെ കേരളം

MyFin Desk

india secures a strong grip on the coir market, kerala remains concerned
X

Summary

ദേശീയതലത്തിലെ കയറ്റുമതി വളര്‍ച്ചയ്‌ക്കൊപ്പം കേരളത്തിലെ ചെറുകിട ഉല്‍പ്പാദകരും തൊഴിലാളികളും നേരിടുന്ന പ്രതിസന്ധികളും ചര്‍ച്ചയാകുകയാണ്.


നിരവധി വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യന്‍ കയര്‍ വ്യവസായം ആഗോള വിപണിയില്‍ മികച്ച നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ കയര്‍, കയര്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി വരുമാനത്തില്‍ 52 ശതമാനത്തിന്റെ ശ്രദ്ധേയമായ വളര്‍ച്ചയാണ് ഇന്ത്യക്കുണ്ടായിരിക്കുന്നത്.

കയറ്റുമതിയുടെ അളവിലും 12 ശതമാനം വര്‍ധനയുണ്ടായി. ഇതോടെ ആകെ കയറ്റുമതി വരുമാനം 6,614 കോടി രൂപയിലെത്തി. 15,09,531 ടണ്‍ കയര്‍ ഉല്‍പ്പന്നങ്ങളാണ് ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ നിന്ന് വിദേശ വിപണികളിലേക്ക് എത്തിയത്.

ആഗോള വിപണി ചുറ്റിവരിഞ്ഞ് ഇന്ത്യ

ആഗോള കയര്‍ ഉല്‍പ്പാദനത്തിന്റെ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും ഇന്ത്യയില്‍ നിന്നാണ്. ലോകത്തിലെ ഏറ്റവും വലിയ കയര്‍ ഉല്‍പ്പാദക രാജ്യവും ഇന്ത്യ തന്നെ. അതിനാല്‍ അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യയ്ക്ക് നിര്‍ണായക സ്ഥാനമാണുള്ളത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കയര്‍ വ്യവസായത്തിന് ഈ വളര്‍ച്ച വലിയ പ്രാധാന്യമാണ് നല്‍കുന്നത്.

കൊക്കോ പീറ്റിന്റെ മുന്നേറ്റം

എല്ലാ വിഭാഗങ്ങളിലുമുള്ള കയര്‍ ഉല്‍പ്പന്നങ്ങളും മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ടഫ്റ്റഡ് മാറ്റുകളുടെ കയറ്റുമതി അളവില്‍ 10.40 ശതമാനവും മൂല്യത്തില്‍ 7.50 ശതമാനവും വര്‍ധനയുണ്ടായി. അതേസമയം, കൊക്കോ പീറ്റിന്റെ കയറ്റുമതി അളവില്‍ 13.50 ശതമാനവും മൂല്യത്തില്‍ 72.30 ശതമാനവും വളര്‍ച്ചയുണ്ടായി.

കയറ്റുമതി വരുമാനത്തിലെ മൊത്തത്തിലുള്ള വര്‍ധനയ്ക്ക് കൊക്കോ പീറ്റും മറ്റ് കാര്‍ഷികാധിഷ്ഠിത കയര്‍ ഉല്‍പ്പന്നങ്ങളും വലിയ സംഭാവന നല്‍കിയതായി കയര്‍ ഷിപ്പേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അര്‍ജുന്‍ മഹാദേവന്‍ വ്യക്തമാക്കി.

പരമ്പരാഗത ഉല്‍പ്പന്നങ്ങളായ കയര്‍ ചവിട്ടികള്‍, ഡോര്‍മാറ്റുകള്‍, ഫ്‌ലോര്‍ കവറിങ്ങുകള്‍ എന്നിവയുടെ കയറ്റുമതിയും മികച്ച പ്രകടനം തുടരുകയാണ്. എന്നാല്‍, പുതിയ വിപണികളില്‍ കാര്‍ഷികാധിഷ്ഠിത കയര്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ആവശ്യകത വര്‍ധിക്കുന്നത് വ്യവസായത്തിന് കൂടുതല്‍ അവസരങ്ങള്‍ തുറന്നു നല്‍കുന്നുണ്ട്.

ഉത്സവ വിപണികളില്‍ പ്രതീക്ഷ

വരാനിരിക്കുന്ന ക്രിസ്മസ്, പുതുവത്സര സീസണുകളിലേക്കുള്ള കയറ്റുമതി ഓര്‍ഡറുകള്‍ ലഭിച്ചുതുടങ്ങിയതായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ കയര്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ സാജന്‍ ബി. നായര്‍ പറഞ്ഞു.

കയര്‍ നാരിന്റെ വില ഉയരുന്നുണ്ട്, ഉല്‍പ്പാദനത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയും പൊതുവേ തൃപ്തികരമാണ്. ആഭ്യന്തര വിപണിയിലും കയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ആവശ്യകതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് കയര്‍ വ്യവസായത്തിന് ആഭ്യന്തര വിപണിയിലും വിദേശ വിപണികളിലും ഒരുപോലെ വളരാനുള്ള സാധ്യതകള്‍ നല്‍കുന്നു.

ചൈനീസ് ഡിമാന്റ്

ഇന്ത്യന്‍ കയര്‍ വാങ്ങുന്നവരില്‍ ചൈനയാണ് മുന്നില്‍. ഇന്ത്യയുടെ ആകെ കയര്‍ കയറ്റുമതിയുടെ 27 ശതമാനവും ചൈനയിലേക്കാണ് പോകുന്നത്.

തൊട്ട് പുറകിലായി 16.45 ശതമാനവുമായി അമേരിക്കയും, നെതര്‍ലന്‍ഡ്‌സ് 10 ശതമാനംവും ഇന്ത്യന്‍ കയര്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതിന് പുറമെ സ്‌പെയിന്‍, യുകെ, പെറു, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യന്‍ കയര്‍ ഉല്‍പ്പന്നങ്ങളുടെ പ്രധാന വിപണികളാണ്.

ആഗോള കയര്‍ ഉല്‍പ്പാദനത്തില്‍ മൂന്നില്‍ രണ്ട് ഭാഗത്തോളം സംഭാവന ചെയ്യുന്ന ഇന്ത്യയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ കൂടുതല്‍ സാധ്യതകളുണ്ട്. എന്നാല്‍, ഉല്‍പ്പാദനത്തിലും കയറ്റുമതിയിലും മുന്നിലെന്നതിലുപരി ലാഭകരവും സുസ്ഥിരവുമായ വ്യവസായ വളര്‍ച്ച ഉറപ്പാക്കുകയാണ് ഇനി പ്രധാന വെല്ലുവിളി.

യൂറോപ്പിലും അമേരിക്കയിലും ഭാവിയില്‍ ഉപഭോഗം കുറഞ്ഞേക്കാനുള്ള സാധ്യതയും ഗൗരവത്തോടെ കാണേണ്ടതുണ്ട്. പരമ്പരാഗത ഉല്‍പ്പന്നങ്ങളെയും പരിമിതമായ ഏതാനും വിദേശ വിപണികളെയും മാത്രം ആശ്രയിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ അപകടസാധ്യത സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.

അതുകൊണ്ട് പുതിയ രാജ്യങ്ങളിലേക്ക് വിപണി വ്യാപിപ്പിക്കുന്നതിനൊപ്പം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ട്. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം, ഡിസൈന്‍, സാങ്കേതിക മികവ് എന്നിവ മെച്ചപ്പെടുത്തുന്നതിലൂടെ ആഗോള വിപണിയില്‍ കൂടുതല്‍ മത്സരക്ഷമത നേടാനാകും.




വെല്ലുവിളികള്‍ ഒഴിയാതെ കേരളം

കയര്‍ കയറ്റുമതിയില്‍ രാജ്യം കുതിക്കുമ്പോള്‍ പരമ്പരാഗത കയര്‍ വ്യവസായത്തിന്റെ ഈറ്റില്ലമായ കേരളത്തിന് ഈ നേട്ടം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. എന്നാല്‍, ദേശീയതലത്തിലെ കയറ്റുമതി വളര്‍ച്ചയ്‌ക്കൊപ്പം കേരളത്തിലെ ചെറുകിട ഉല്‍പ്പാദകരും തൊഴിലാളികളും നേരിടുന്ന പ്രതിസന്ധികളും ചര്‍ച്ചയാകുകയാണ്.

ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളാണ് കേരളത്തിലെ കയര്‍ വ്യവസായത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍. കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ സാമ്പത്തിക അവലോകനം 2024 പ്രകാരം, സംസ്ഥാനത്തെ കയര്‍ മേഖലയില്‍ ഏകദേശം 1.5 ലക്ഷം തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ട്. ഇതില്‍ 80 ശതമാനത്തോളം സ്ത്രീകളാണ്. ഇന്ത്യയിലെ കയര്‍ ഉല്‍പ്പന്നങ്ങളുടെ 85 ശതമാനത്തിലധികവും കേരളവുമായി ബന്ധപ്പെട്ടതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കേരളത്തിലെ കയര്‍ വ്യവസായം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്് ചകിരിനാരിന്റെയും കയര്‍ നാരിന്റെയും ലഭ്യതക്കുറവാണ്. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിക്കുന്നത് ഉല്‍പ്പാദനച്ചെലവ് ഉയര്‍ത്തുകയും കയറ്റുമതി കരാറുകള്‍ ലാഭകരമായി നടപ്പാക്കുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നുണ്ട്. .

ചകിരിനാരിന്റെ ലഭ്യത ഉറപ്പാക്കാനും തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കാനുമായി 5 കോടി രൂപ ചെലവില്‍ യാണ്‍ ബാങ്ക് സ്ഥാപിക്കുമെന്ന് 2025 ഓഗസ്റ്റില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

2026 ജൂലൈയിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റത്തെ തുടര്‍ന്ന് കേരളത്തിലെ കയര്‍ കയറ്റുമതിക്കാര്‍ക്ക് 1,000 ടണ്ണിലധികം വിദേശ ഓര്‍ഡറുകള്‍ ഉപേക്ഷിക്കേണ്ടിവന്നിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കയര്‍ ഭൂവസ്ത്രങ്ങള്‍ വിതരണം ചെയ്ത വകയില്‍ 74.5 കോടി രൂപയുടെ കുടിശ്ശികയുണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

വിറ്റുവരവിനൊപ്പം ലാഭക്ഷമതയ്ക്കും പ്രാധാന്യം നല്‍കണം

കയര്‍ വ്യവസായം വിറ്റുവരവ് വര്‍ധിപ്പിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ ലാഭക്ഷമതയ്ക്കും ഉല്‍പ്പന്നങ്ങളുടെ നവീകരണത്തിനും മുന്‍ഗണന നല്‍കുന്ന ബിസിനസ് മാതൃകയിലേക്ക് മാറണമെന്നാണ് വിപണി വിദഗ്ധരുടെ പക്ഷം. കമ്പനികളുടെ ലാഭവിഹിതം മെച്ചപ്പെടുത്തുക, സാമ്പത്തിക കരുതല്‍ ശേഖരം വര്‍ധിപ്പിക്കുക, സാങ്കേതികവിദ്യയില്‍ നിക്ഷേപം നടത്തുക, ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുക, പുതിയ വിപണികള്‍ കണ്ടെത്തുക എന്നിവയ്ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്.

വ്യവസായത്തിന്റെ വലിയൊരു വിഭാഗം കടമെടുത്ത മൂലധനത്തെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ലാഭവും മതിയായ പണമൊഴുക്കും ഉറപ്പാക്കാതെ കയറ്റുമതി വളര്‍ച്ച മാത്രം ലക്ഷ്യമിടുന്നത് കമ്പനികളെ സാമ്പത്തികമായി ദുര്‍ബലമാക്കാന്‍ സാധ്യതയുണ്ട്.

ഭാവിയിലെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കും സാങ്കേതിക നവീകരണത്തിനും ഉല്‍പ്പന്ന വികസനത്തിനും ആവശ്യമായ നിക്ഷേപം കണ്ടെത്താന്‍ കമ്പനികളുടെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തേണ്ടതുണ്ട്. ആധുനികവല്‍ക്കരണ പദ്ധതികള്‍, സാങ്കേതികവിദ്യ നവീകരിക്കാനുള്ള സഹായങ്ങള്‍, ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് സര്‍ക്കാരും വ്യവസായ സംഘടനകളും കൂടുതല്‍ പിന്തുണ നല്‍കണം.