image

28 Jun 2026 12:06 PM IST

Agriculture and Allied Industries

പഴങ്ങളുടെ രാജാക്കന്‍മാര്‍ വാഷിംഗ്ടണില്‍; ഇന്ത്യന്‍ മാമ്പഴ ഫെസ്റ്റിന് വന്‍ തിരക്ക്

MyFin Desk

alphonso and banganapalli in washington, huge crowd for indian mango fest
X

Summary

അല്‍ഫോന്‍സോ, കേസര്‍, ലാംഗ്ര, ബംഗനപ്പള്ളി തുടങ്ങി ഇന്ത്യയുടെ തനതു രുചിയും മണവുമുള്ള പ്രശസ്തമായ മാമ്പഴ ഇനങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഫെസ്റ്റ് വാഷിംഗ്ടണ്‍ ഡി.സി.യിലെ ഡ്യൂപോണ്ട് സര്‍ക്കിളിലാണ് ഒരുക്കിയത്


അമേരിക്കയുടെ ഹൃദയഭാഗമായ വാഷിംഗ്ടണ്‍ ഡി.സി.യിലെ ഡ്യൂപോണ്ട് സര്‍ക്കിളില്‍ ഇന്ത്യന്‍ മാമ്പഴങ്ങളുടെ മധുരപ്രളയം. വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസിയും കാര്‍ഷിക, ഭക്ഷ്യ ഉല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റിയും വാണിജ്യ വകുപ്പും ഡ്യൂപോണ്ട് സര്‍ക്കിള്‍ ബിസിനസ് ഇംപ്രൂവ്മെന്റ് ഡിസ്ട്രിക്റ്റും ചേര്‍ന്ന് സംഘടിപ്പിച്ച വാര്‍ഷിക മാമ്പഴ ഉത്സവം നഗരവാസികള്‍ക്ക് വേറിട്ടൊരു അനുഭവമായി മാറി. ലോകത്തിലെ ഏറ്റവും മികച്ച മാമ്പഴങ്ങള്‍ നേരിട്ടാസ്വദിക്കാന്‍ നൂറുകണക്കിന് ആളുകളാണ ഇവിടെ ഒത്തുകൂടിയത്.

അല്‍ഫോന്‍സോ, കേസര്‍, ലാംഗ്ര, ബംഗനപ്പള്ളി തുടങ്ങി ഇന്ത്യയുടെ തനതു രുചിയും മണവുമുള്ള പ്രശസ്തമായ മാമ്പഴ ഇനങ്ങള്‍ ഫെസ്റ്റിനെത്തിയവരെ ആകര്‍ഷിച്ചു. തങ്ങളുടെ പ്രിയപ്പെട്ട മാമ്പഴങ്ങള്‍ രുചിക്കാനായി ആളുകള്‍ നീണ്ട നിരയില്‍ കാത്തുനിന്നു. അമേരിക്കന്‍ വിപണിയില്‍ പ്രീമിയം ഇന്ത്യന്‍ മാമ്പഴങ്ങള്‍ കൂടുതല്‍ വ്യാപകമായി ലഭ്യമാക്കണമെന്ന ആവശ്യം സന്ദര്‍ശകരില്‍ നിന്നും ഉയര്‍ന്നു.

പരിപാടിയില്‍ പങ്കെടുത്ത യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് മോഹന്‍ ക്വാത്ര മാമ്പഴ ഉത്സവത്തിന്റെ വളര്‍ച്ചയില്‍ സംതൃപ്തി രേഖപ്പെടുത്തി. മാമ്പഴ ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതുള്ള ഇന്ത്യയുടെ കരുത്ത് ആഗോളതലത്തില്‍ തുറന്നുകാട്ടാന്‍ ഇത്തരം പരിപാടികള്‍ക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്കുള്ള മാമ്പഴ കയറ്റുമതിയില്‍ സമീപകാലത്തായി വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അപെഡയുടെ നേതൃത്വത്തില്‍ അംഗീകൃത റേഡിയേഷന്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഗുണനിലവാരം ഉറപ്പാക്കിയാണ് ഇന്ത്യന്‍ മാമ്പഴങ്ങള്‍ യുഎസ് വിപണിയിലെത്തുന്നത്. ഈ കയറ്റുമതി ക്രമാനുഗതമായി വര്‍ദ്ധിച്ചുവരുന്നത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കാര്‍ഷിക-വാണിജ്യ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന്റെ സൂചന കൂടിയാണ്.