image

27 Jun 2026 1:59 PM IST

Agriculture and Allied Industries

ചെലവ് ചുരുക്കി, രുചി കുറഞ്ഞില്ല; ഇന്ത്യന്‍ മാമ്പഴങ്ങള്‍ കടല്‍വഴി സിംഗപ്പൂരില്‍

MyFin Desk

costs reduced, taste not compromised, indian mangoes are also available in singapore
X

Summary

വിമാനമാര്‍ഗ്ഗം മാമ്പഴം അയക്കുമ്പോള്‍ കിലോയ്ക്ക് 150 മുതല്‍ 250 രൂപവരെ ചെലവ് വന്നിരുന്ന സ്ഥാനത്ത്, കടല്‍മാര്‍ഗ്ഗം ഇത് കേവലം 13-20 ആയി കുറഞ്ഞു


ഇന്ത്യന്‍ മാമ്പഴങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ പുതിയ കുതിച്ചുചാട്ടം. ആന്ധ്രാപ്രദേശിലെ പ്രശസ്തമായ 4.3 ടണ്‍ ബങ്കനപ്പള്ളി മാമ്പഴങ്ങള്‍ കടല്‍മാര്‍ഗ്ഗം സിംഗപ്പൂരിലേക്ക് വിജയകരമായി കയറ്റി അയച്ചു. വിമാനമാര്‍ഗ്ഗം മാമ്പഴം അയക്കുമ്പോള്‍ കിലോയ്ക്ക് 150 മുതല്‍ 250 രൂപവരെ ചെലവ് വന്നിരുന്ന സ്ഥാനത്ത്, കടല്‍മാര്‍ഗ്ഗം ഇത് കേവലം 13-20 ആയി കുറഞ്ഞു. ഷിപ്പിംഗ് ചെലവിലെ ഈ വന്‍ ഇടിവ് കയറ്റുമതിക്കാര്‍ക്ക് വന്‍ ലാഭവും ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ മാമ്പഴം ലഭിക്കാനുള്ള അവസരവും ഒരുക്കുന്നു.

ഈ നേട്ടത്തിന് പിന്നില്‍ ഒരു ശാസ്ത്രീയ വിപ്ലവമുണ്ട്. അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്റ്റ്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി യുമായി സഹകരിച്ച് ലഖ്‌നൗവിലെ ICARസെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സബ്‌ട്രോപ്പിക്കല്‍ ഹോര്‍ട്ടികള്‍ച്ചര്‍ വികസിപ്പിച്ചെടുത്ത അത്യാധുനിക സാങ്കേതികവിദ്യയാണ് മാമ്പഴങ്ങളുടെ ആയുസ്സ് വര്‍ദ്ധിപ്പിച്ചത്. കടല്‍യാത്രയ്ക്കിടയില്‍ കേടുപാടുകള്‍ സംഭവിക്കാതെ 30 ദിവസം വരെ മാമ്പഴങ്ങളുടെ ഗുണനിലവാരം നിലനിര്‍ത്താന്‍ ഈ പ്രോട്ടോക്കോളിന് സാധിക്കും.

യാത്ര തുടങ്ങി 16-ാം ദിവസം സിംഗപ്പൂരിലെത്തിയ മാമ്പഴങ്ങള്‍ മികച്ച അവസ്ഥയിലായിരുന്നു എന്നത് ഈ സാങ്കേതികവിദ്യയുടെ വിജയമാണ്. വിമാനമാര്‍ഗ്ഗം എത്തുന്ന മാമ്പഴങ്ങള്‍ക്ക് സമാനമായ ഗുണനിലവാരവും രുചിയും കടല്‍മാര്‍ഗ്ഗം എത്തിയ പഴങ്ങള്‍ക്കും ഉണ്ടായിരുന്നു. കാര്‍ഷിക രീതികളിലെ മികവ്, കൃത്യമായ ഗ്രേഡിംഗ്, പാക്കിംഗ്, വിളവെടുപ്പിനു ശേഷമുള്ള ശാസ്ത്രീയമായ പരിപാലനം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഈ പുതിയ ഗുണനിലവാര ഉറപ്പ് സംവിധാനം.

ഈ വിജയം ഇന്ത്യന്‍ മാമ്പഴ കയറ്റുമതിക്ക് പുതിയ വാതിലുകള്‍ തുറന്നിരിക്കുകയാണ്. സിംഗപ്പൂര്‍, മലേഷ്യ, ഹോങ്കോംഗ് വിപണികള്‍ക്ക് പുറമെ, യുഎഇ പോലുള്ള വലിയ വിപണികളിലും വന്‍ സാധ്യതകളാണ് തെളിയുന്നത്. ഇന്ത്യന്‍ മാമ്പഴങ്ങളുടെ മികച്ച രുചിയും ഗുണനിലവാരവും കണക്കിലെടുക്കുമ്പോള്‍, വരും വര്‍ഷങ്ങളില്‍ കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.